Asianet News MalayalamAsianet News Malayalam

രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ഇന്നിംഗ്സ് വിജയം ഉറപ്പിച്ച് ഇന്ത്യ

ആദ്യ ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സും. ആദ്യ ആറ് ബാറ്റ്സ്മാന്‍മാരില്‍ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഡീന്‍ എല്‍ഗാര്‍(16) മാത്രം.

India vs South Africa 3rd Test Live Updates, India smells Innings win
Author
Ranchi, First Published Oct 21, 2019, 5:01 PM IST

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിംഗ്സ് വിജയം ഉറപ്പിച്ച് ഇന്ത്യ. 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞു.മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും 203 റണ്‍സ് കൂടി വേണം. ഡിബ്രുയിനും(30) ആന്‍റിച്ച് നോര്‍ജെയു(5)മാണ് ക്രീസില്‍. സ്കോര്‍ ഇന്ത്യ 497/9, ദക്ഷിണാഫ്രിക്ക 162, 132/8.

ആദ്യ ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സും. ആദ്യ ആറ് ബാറ്റ്സ്മാന്‍മാരില്‍ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഡീന്‍ എല്‍ഗാര്‍(16) മാത്രം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡീകോക്കിനെ(5) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്.

ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായ സുബൈല്‍ ഹംസയെ(0) ഷമി ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും(4), ടെംബാ ബാവുമയെയും(0) ഷമിയും ഹെന്‍റിച്ച് ക്ലാസനെ(5) ഉമേഷയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്ത് ജോര്‍ജ് ലിന്‍ഡെയും(27), ഡെയ്ന്‍ പെഡിറ്റും(23), ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റുമെടുത്തു.

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തില്‍പോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. മൂന്നാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ(1) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

പിന്നാലെ ബാവുമയും(32), ഹംസയും(62) ചേര്‍ന്ന് 91 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ജഡേജയുടെയും ഷഹബാസ് നദീമിന്റെയും സ്പിന്നിന് മുന്നില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു. ഇന്ത്യക്കായി ഉമേഷ് മൂന്നും ഷമിയും ജഡേജയും നദീമും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 12 ഓവറില്‍ 48 റണ്‍സ് വഴങ്ങിയ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല.

Follow Us:
Download App:
  • android
  • ios