Asianet News MalayalamAsianet News Malayalam

സിക്സറില്‍ ലോക റെക്കോര്‍ഡിട്ട് രോഹിത്

ഹെറ്റ്മെയര്‍ രണ്ട് മത്സര പരമ്പരയിലാണ് 15 സിക്സറുകള്‍ സ്വന്തമാക്കിയതെങ്കില്‍ രോഹിത്തിന്റെ നേട്ടം മൂന്ന് മത്സര പരമ്പരയിലാണെന്ന വ്യത്യാസമുണ്ട്.

India vs South Africa Rohit Sharma creates world record for most sixes
Author
Ranchi, First Published Oct 19, 2019, 7:08 PM IST

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ലോക റെക്കോര്‍ഡ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്ന് സ്വന്തം പേരിലാക്കിയത്. സിക്സറിലൂടെ സെഞ്ചുറിയിലെത്തിയ രോഹിത് ഈ ഇന്നിംഗ്സില്‍ മാത്രം ഇതുവരെ നാലു സിക്സറുകള്‍ നേടി.

ആദ്യ രണ്ട് ടെസ്റ്റുകളിലെയും ചേര്‍ത്ത് രോഹിത് പരമ്പരയില്‍ ഇതുവരെ നേടിയത് 17 സിക്സറുകളാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ 15 സിക്സറുകള്‍ നേടിയിരുന്ന വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിന്റെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് മറികടന്നത്. ഹെറ്റ്മെയര്‍ രണ്ട് മത്സര പരമ്പരയിലാണ് 15 സിക്സറുകള്‍ സ്വന്തമാക്കിയതെങ്കില്‍ രോഹിത്തിന്റെ നേട്ടം മൂന്ന് മത്സര പരമ്പരയിലാണെന്ന വ്യത്യാസമുണ്ട്.

പാക്കിസ്ഥാന്റെ വസീം രാജ, ഇംഗ്ലണ്ടിന്റെ ആന്‍ഡ്ര്യു ഫ്ലിന്റോഫ്, ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍, ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്സണ്‍, പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി എന്നിവരും ഒരു പരമ്പരയില്‍ 14 സിക്സറുകള്‍ വീതം നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനുമാണ് രോഹിത്. 2010ല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 14 സിക്സറുകള്‍ നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗാണ് ഇന്ത്യന്‍ താരങ്ങളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ രോഹിത് നേടിയ 17 സിക്സറുകളില്‍ 11 എണ്ണവും സ്പിന്നര്‍ ഡെയ്ന്‍ പെഡിറ്റിനെതിരെ ആയിരുന്നു. സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന രോഹിത് ടെസ്റ്റില്‍ 2000 റണ്‍സെന്ന നാഴികക്കല്ലും ഇന്ന് പിന്നിട്ടു.

Follow Us:
Download App:
  • android
  • ios