Asianet News MalayalamAsianet News Malayalam

വണ്‍ ഫാമിലിയൊക്കെ പറച്ചിൽ മാത്രം, മുംബൈ ടീമിൽ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്, ടീമിനകത്ത് രണ്ട് ഗ്യാങ്ങുകൾ

കഴിഞ്ഞ സീസണില്‍ തിളങ്ങിയ ആകാശ് മധ്‌വാളിനെപ്പോലുള്ള താരങ്ങള്‍ക്ക് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍ക്കാത്തതിന് കാരണവും ഹാര്‍ദ്ദിക്കിന്‍റെ പക്ഷപാതിത്വമാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

IPL 2024 There are 2 sides in the Mumbai Indians team currently reports Dainik Jagran
Author
First Published Mar 28, 2024, 1:14 PM IST

മുംബൈ: വണ്‍ ഫാമിലിയെന്നാണ് പറയുന്നതെങ്കിലും മുംബൈ ഇന്ത്യന്‍സ് ടീമില്‍ വിഭാഗീയത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ടീമിനകത്ത് രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുടെ സംഘവും ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ സംഘവും ഉണ്ടെന്ന് പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുടെ കൂട്ടത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, യുവതാരം തിലക് വര്‍മ എന്നിവരാണുള്ളതെന്നാണ് ദൈനിക് ജാഗരണിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ കൂട്ടത്തില്‍ ഇഷാന്‍ കിഷന്‍ അടക്കമുള്ള താരങ്ങളുണ്ട്. രോഹിത് ശര്‍മക്ക് ടീമിനകത്ത് പിന്തുണയുണ്ടെങ്കിലും ടീം മാനേജ്മെന്‍റിന്‍റെ പിന്തുണ ഹാര്‍ദ്ദിക് പാണ്ഡ്യക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

50 അടിച്ചശേഷം സൂര്യകുമാറിന്‍റെ പ്രത്യേക തരം ആക്ഷനെടുത്ത് തിലക് വര്‍മ, പക്ഷെ എല്ലാം വെറുതെയായി

രോഹിത് ശര്‍മയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയ രീതിലുള്ള എതിര്‍പ്പും വര്‍ഷങ്ങളായി ടീമില്‍ തുടരുന്ന തങ്ങളെയെല്ലാം അവഗണിച്ച് ടീമിനെ ചതിച്ച് ഗുജറാത്തിലേക്ക് പോയ ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനം കൊടുത്തതുമാണ് ബുമ്രയുടെയും സൂര്യയുടെയുമെല്ലാം എതിര്‍പ്പിന് കാരണമായി പറയുന്നത്. ആകാശ് മധ്‌വാള്‍ അടക്കമുള്ള യുവതാരങ്ങളുടെ പിന്തുണയും രോഹിത്തിനുണ്ട്.

രോഹിത്തിന്‍റെ വിശ്വസ്തനായിരുന്ന ഇഷാന്‍ കിഷന്‍ ഏകദിന ലോകകപ്പിനുശേഷമാണ് ഹാര്‍ദ്ദിക് ക്യാംപിലേക്ക് മാറിയത്. ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി സൈഡ് ബെഞ്ചിലിരുത്തിയതും പിന്നീട് രഞ്ജി ട്രോഫി കളിക്കാത്തതിന്‍റെ പേരില്‍ ബിസിസിഐ വാര്‍ഷിക കരാര്‍ പോലും നിരസിച്ചതിനുമെല്ലാം പിന്നില്‍ രോഹിത്തിനും പങ്കുണ്ടെന്നാണ് ഇഷാന്‍ കിഷന്‍ കരുതുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹാര്‍ദ്ദിക്കിന്‍റെ വലംകൈയായി കിഷന്‍ മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ തിളങ്ങിയ ആകാശ് മധ്‌വാളിനെപ്പോലുള്ള താരങ്ങള്‍ക്ക് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍ക്കാത്തതിന് കാരണവും ഹാര്‍ദ്ദിക്കിന്‍റെ പക്ഷപാതിത്വമാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മധ്‌വാള്‍ രോഹിത് ശര്‍മ മുംബൈ കുപ്പായത്തില്‍ 200 മത്സരം പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി രോഹിത്തിനെ രാജാവാക്കിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയും പങ്കുവെച്ചിരുന്നു.

കളിക്കുന്ന ഇടങ്ങളിലെല്ലാം ഹാര്‍ദ്ദിക്കിനെ ആരാധകര്‍ രോഹിത്തിന്‍റെ പേര് വിളിച്ച് കൂവി വിളിച്ചിട്ടും ഇതുവരെ എന്തെങ്കിലും പ്രതികരിക്കാന്‍ രോഹിത് തയാറായിട്ടില്ല. എന്നാല്‍ ടീം മാനേജ്മെന്‍റിന്‍റെ ഉറച്ച പിന്തുണയാണ് വിമര്‍ശനങ്ങളെയെല്ലാം ചിരിയോടെ നേരിടാന് ഹാര്‍ദ്ദിക്കിന് കരുത്ത് പകരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

IPL 2024 There are 2 sides in the Mumbai Indians team currently reports Dainik Jagran

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios