Asianet News MalayalamAsianet News Malayalam

ലോകകപ്പിന് രണ്ട് സ്റ്റാന്‍ഡ് ബൈ താരങ്ങളെക്കൂടി പ്രഖ്യാപിച്ച് ബിസിസിഐ

രണ്ട് ബാറ്റ്സ്മാന്‍മാര്‍, രണ്ട് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവരെയാണ് സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ നവദീപ് സെയ്നി ഒഴികെയുള്ളവര്‍ ടീമിനൊപ്പം പോകില്ലെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഏത് നിമിഷവും ഇവരെ ടീമില്‍ ഉള്‍പ്പെടുത്തും.

Ishant Sharma and Axar Patel added in the standby list for the tournament
Author
Mumbai, First Published Apr 18, 2019, 2:07 PM IST

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രണ്ട് സ്റ്റാന്‍ഡ് ബൈ താരങ്ങളെക്കൂടി പ്രഖ്യാപിച്ച് സെലക്ഷന്‍ കമ്മിറ്റി. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയെയും ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെയുമാണ് ഇന്നലെ പ്രഖ്യാപിച്ച മൂന്ന് പേര്‍ക്ക് പുറമെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ കളിക്കാരായി സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ഋഷഭ് പന്ത്, അംബാട്ടി റായിഡു, നവദീപ് സെയ്നി എന്നിവരെ ഇന്നലെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളായി ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

രണ്ട് ബാറ്റ്സ്മാന്‍മാര്‍, രണ്ട് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവരെയാണ് സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ നവദീപ് സെയ്നി ഒഴികെയുള്ളവര്‍ ടീമിനൊപ്പം പോകില്ലെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഏത് നിമിഷവും ഇവരെ ടീമില്‍ ഉള്‍പ്പെടുത്തും. സെയ്നിയെ ഇന്ത്യന്‍ ടീമിന്റെ നെറ്റ്സില്‍ പന്തെറിയാനുള്ള ബൗളറായിക്കൂടി തെരഞ്ഞെടുത്തതിനാല്‍ സെയ്നി ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും.

ടെസ്റ്റിലെ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയാണ് ഇഷാന്തെങ്കിലും ഏകദിനങ്ങളില്‍ സ്ഥിരം സാന്നിധ്യമല്ല. എന്നാല്‍ ഇഷാന്തിന്റെ അനുഭവസമ്പത്ത് കണക്കിലെടുത്താണ് അദ്ദേഹത്തെ സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ പ്രതിനിധി ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഋഷഭ് പന്ത് തന്നെ ആണ് ആദ്യ സറ്റാന്‍ഡ് ബൈ താരം. ടീമിലെ ബാറ്റ്സ്മാന്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക പന്തിനെയാവും. അംബാട്ടി റായുഡു രണ്ടാമത്തെ സ്റ്റാന്‍ഡ് ബൈ താരമാവുമ്പോള്‍ 15 അംഗ ടീമിലെ രണ്ടാമതൊരു ബാറ്റ്സ്മാന് പരിക്കേറ്റാല്‍ റായുഡുവിനെ പരിഗണിക്കും. ടീമിലെ മൂന്ന് പേസര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലാവും സെയ്നിയെ ടീമിലെടുക്കുക. രണ്ടാം പേസര്‍ക്ക് പരിക്കേറ്റാല്‍ ഇഷാന്തിനെയും സ്പിന്നര്‍ക്ക് പരിക്കേറ്റാല്‍ അക്ഷര്‍ പട്ടേലിനെയും ടീമിലെടുക്കും.

Follow Us:
Download App:
  • android
  • ios