Asianet News MalayalamAsianet News Malayalam

സൂപ്പര്‍ ജയന്‍റായി രാഹുല്‍, ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം

177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലഖ്നൗവിന്‍റെ തിരിച്ചടി ക്യാപ്റ്റന്‍ കെ എല്‍ രാഹുലിലൂടെയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഡി കോക്ക് നങ്കൂരമിട്ട് കളിച്ചപ്പോള്‍ തകര്‍ത്തടിച്ചത് രാഹുലായിരുന്നു.

Lucknow Super Giants vs Chennai Super Kings KL Rahul Shines, LSG beat CSK by 8 wickets in IPL 2024
Author
First Published Apr 19, 2024, 11:19 PM IST

ലഖ്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് എട്ട് വിക്കറ്റിന്‍റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്‍റെ വിജയലക്ഷ്യം ക്യാപ്റ്റൻ കെ എല്‍ രാഹുലിന്‍റെയും ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ലഖ്നൗ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 53 പന്തില്‍ 82 റണ്‍സടിച്ചപ്പോള്‍ ഡി കോക്ക് 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. നിക്കോളാസ് പുരാന്‍ 11പന്തില്‍ 19 റണ്‍സുമായും മാര്‍ക്കസ് സ്റ്റോയ്നിസ് 8 റണ്‍സുമായും പുറത്താകാതെ നിന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 19 ഓവറില്‍ 180-2. ജയിച്ചെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തന്നെയാണ്. നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ നാലാമതും ഹൈദരാബാദ് അഞ്ചാമതുമാണ്.

ലഖ്നൗവില്‍ ചെന്നൈക്ക് രാഹുകാലം

177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലഖ്നൗവിന്‍റെ തിരിച്ചടി ക്യാപ്റ്റന്‍ കെ എല്‍ രാഹുലിലൂടെയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഡി കോക്ക് നങ്കൂരമിട്ട് കളിച്ചപ്പോള്‍ തകര്‍ത്തടിച്ചത് രാഹുലായിരുന്നു. പവര്‍ പ്ലേയില്‍ 54 റണ്‍സടിച്ച ഇരുവരും ചേര്‍ന്ന് 11-ാം ഓവറില്‍ ലഖ്നൗവിനെ 100 കടത്തി. ഇതിനിടെ 31 പന്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറി തികച്ചു. 41 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡി കോക്ക് മുത്സഫിസുര്‍ റഹ്മാന്‍റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ലഖ്നൗ സ്കോര്‍ പതിനഞ്ചാം ഓവറില്‍ 134 റണ്‍സിലെത്തിയിരുന്നു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഡി കോക്കിന്‍റെ ഇന്നിംഗ്സ്.

ഡി കോക്ക് മടങ്ങിയെങ്കിലും വണ്‍ ഡൗണായി എത്തിയ പുരാന്‍ തകര്‍ത്തടിച്ചതോടെ ലഖ്നൗ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. വിജയത്തിനരിക്കെ പതിരാനയുടെ പന്തില്‍ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ രാഹുല്‍(53 പന്ചില്‍ 82) മടങ്ങിയെങ്കിലും സ്റ്റോയ്നിസും പുരാനും ചേര്‍ന്ന് ചെന്നൈയെ ലക്ഷ്യത്തിലെത്തിച്ചു. ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തിയാണ് രാഹുല്‍ 82 റണ്‍സടിച്ചത്. ചെന്നൈക്കായി മുസ്തഫിസുറും പതിരാനയും ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നഷ്ടനമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മുന്‍ നായകന്‍ എം എസ് ധോണിയുടെ ഫിനിഷിംഗിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തത്. ജഡേജ 40 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ധോണി ഒമ്പത് പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. അജിങ്ക്യാ രഹാനെ(24 പന്തില്‍ 36), മൊയീന്‍ അലി(20 പന്തില്‍ 30), റുതുരാജ് ഗെയ്ക്‌വാദ്(17) എന്നിവരും ചെന്നൈക്കായി തിളങ്ങി. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

വീണ്ടും 'തല'യുടെ വിളയാട്ടം, രക്ഷകനായി ദളപതിയും; ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റണ്‍സ് വിജയലക്ഷ്യം

പതിനെട്ടാം ഓവറില്‍ രവി ബിഷ്ണോയിയെ തുടര്‍ച്ചയായി മൂന്ന് സിക്സിന് പറത്തിയ മൊയീന്‍ അലിയാണ് ചെന്നൈ സ്കോര്‍ 150ന് അടുത്തെത്താൻ സഹായിച്ചത്. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ മൊയീന്‍ അലി(20 പന്തില്‍ 30) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ധോണിയാണ് ഒമ്പത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി ചെന്നൈയെ 176ല്‍ എത്തിച്ചത്. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍105 റണ്‍സ് മാത്രമുണ്ടായിരുന്ന ചെന്നൈ അവസാന അഞ്ചോവറില്‍ 71 റണ്‍സടിച്ചു. ഇതില്‍ 53 റണ്‍സും അവസാന മൂന്നോവറിലായിരുന്നു. ബിഷ്ണോയി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും മൊഹ്സിന്‍ ഖാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 15 റണ്‍സും യാഷ് താക്കൂര്‍ എറിഞ്ഞ ഇരുപതാം ഓവറില്‍ ചെന്നൈ 19 റണ്‍സും അടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios