Asianet News MalayalamAsianet News Malayalam

മുംബൈക്ക് വീണ്ടും തോല്‍വി, പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; ജയത്തോടെ ലഖ്നൗ മൂന്നാമത്

രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റൻ കെ എല്‍ രാഹുലും(28), മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്ന് ലഖ്നൗവിനെ 50 കടത്തി.

Lucknow Super Giants vs Mumbai Indians Live Updates, LSG beat MI by 4 wickets
Author
First Published Apr 30, 2024, 11:29 PM IST

ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ ലഖ്നൗ അവസാന ഓവറില്‍ നാലു പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. ജയത്തോടെ ലഖ്നൗ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയപ്പോള്‍ തോല്‍വിയോടെ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 144-7, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 19.2 ഓവറില്‍ 145-4.

ജയത്തിലേക്ക് അവസാന നാലോവറില്‍ 22 റണ്‍സായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ പതിനേഴാം ഓവറില്‍ ഒരു റണ്ണെ ലഖ്നൗവിന് നേടാനായുള്ളു. ജെറാള്‍ഡ് കോയെറ്റ്സെ എറിഞ്ഞ പതിനെട്ടാം ഓവറില്‍ ഒമ്പത് റണ്‍സെടുത്ത ലഖ്നൗവിന ആഷ്ടണ്‍ ടര്‍ണറുടെ വിക്കറ്റ് നഷ്ടമായി. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സടിച്ച ലഖ്നൗവിന് തേര്‍ഡ് അമ്പയറുെ വിവാദ തീരുമാനത്തിലൂടെ ആയുഷ് ബദോനിയുടെ വിക്കറ്റ് റണ്ണൗട്ടില്‍ നഷ്ടമായി. മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ലഖ്നൗവിനായി നിക്കോളാസ് പുരാന്‍(14 പന്തില്‍ 14*) ആദ്യ രണ്ട് പന്തില്‍ തന്നെ വിജയം അടിച്ചെടുത്തു. മുംബൈക്കായി ഹാര്‍ദ്ദിക് 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്ര നാലോവറില്‍ 17 റണ്‍സ് മാത്രമെ വഴങ്ങിയുള്ളു.

മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗവിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അഭാവത്തില്‍ ഓപ്പണറായി എത്തിയ അര്‍ഷിന്‍ കുല്‍ക്കര്‍ണി(0) ഗോള്‍ഡന്‍ ഡക്കായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റൻ കെ എല്‍ രാഹുലും(28), മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്ന് ലഖ്നൗവിനെ 50 കടത്തി. 22 പന്തില്‍ 28 റണ്‍സെടുത്ത രാഹുലിനെ ഹാര്‍ദ്ദിക് പാണ്ഡ്യ മടക്കി. രാഹുല്‍ പുറത്തായശേഷം എത്തിയ ദീപക് ഹൂഡക്കൊപ്പം സ്റ്റോയ്നിസ് ലഖ്നൗവിനെ 100ന് അടുത്തെത്തിച്ചു.

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം'; ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍

18 പന്തില്‍ 18 റണ്‍സെടുത്ത ഹൂഡയെയും ഹാര്‍ദ്ദിക് വീഴ്ത്തിയെങ്കിലും ലഖ്നൗവിന് അപ്പോള്‍ ജയത്തിലേക്ക് 46 റണ്‍സ് മതിയായിരുന്നു. സ്കോര്‍ 115ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറി നേടിയ സ്റ്റോയ്നിസിനെ(45 പന്തില്‍ 62) മുഹമ്മദ് നബിയുടെ പന്തില്‍ തിലക് വര്‍മ ക്യാച്ചെടുത്ത് പുറത്താക്കിയെങ്കിലും നിക്കോളാസ് പുരാനും ക്രുനാല്‍ പാണ്ഡ്യയും(1) ചേര്‍ന്ന് ലഖ്നൗവിനെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്കോറര്‍. ടിം ഡേവിഡ് 18 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇഷാന്‍ കിഷന്‍ 32 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. രോഹിത് ശര്‍മ നാലും സൂര്യകുമാര്‍ യാദവ് പത്തും റണ്‍സെടുത്ത് പുറത്തായി. ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖ് 15 റണ്‍സിന് ഒരു വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മായങ്ക് യാദവ് പരിക്കേറ്റ് മടങ്ങിയത് ലഖ്നൗവിന് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios