Asianet News MalayalamAsianet News Malayalam

മായങ്കിന് സെഞ്ചുറി; ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മായങ്ക്് അഗര്‍വാളിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചുറിയാണ് മായങ്ക് ഇന്‍ഡോറില്‍ നേടിയത്. മായങ്കിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്.

mayank completed his third century and india in driving seat vs bangladesh
Author
Indore, First Published Nov 15, 2019, 12:45 PM IST

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചുറിയാണ് മായങ്ക് ഇന്‍ഡോറില്‍ നേടിയത്. മായങ്കിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സുമായി അജിന്‍ക്യ രഹാനെയാണ് മായങ്കിന് കൂട്ട്. ഇരുവരും ഇതുവരെ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 57 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. രണ്ടാംദിനം ഇന്ത്യക്ക് ചേതേശ്വര്‍ പൂജാര (54), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത് ശര്‍മ (6) ആദ്യദിനം മടങ്ങിയിരുന്നു. അബു ജായേദിനാണ് മൂന്ന് വിക്കറ്റും. 

15 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിങ്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു മായങ്ക്. രഹാനെ ഇതുവരെ ആറ് ബൗണ്ടറികള്‍ സ്വന്തമാക്കി. നേരത്തെ, പൂജാരയും കോലിയും അബു ജായേദിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. സെയ്ഫ് ഹസ്സന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. കോലിക്കാവട്ടെ രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ജായേദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രോഹിത് ശര്‍മയുടെ വിക്കറ്റും ജായേദാണ് നേടിയിരുന്നത്.

നേരത്തെ ടോസിലെ ഭാഗ്യം കനിഞ്ഞിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല. 58.3 ഓവറില്‍ 150 റണ്‍സിന് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി തിളങ്ങിയപ്പോള്‍ ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ആറാം ഓവറില്‍ തന്നെ കയേസിനെ ഉമേഷ് യാദവ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ഇസ്ലാം മടങ്ങി. ഇഷാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. മിഥുന്‍ ആവട്ടെ ഷമിയുടെ പേസിന് മുന്നില്‍ മുട്ടുമടക്കി.

മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), മഹ്മുദുള്ള (10), മെഹ്ദി ഹസന്‍ (0) എന്നിവര്‍ രണ്ടാം സെഷനിലും മടങ്ങി. മൊമിനുള്‍ ഹഖിനെയും മഹ്മുദുള്ളയേയും അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചായക്ക് തൊട്ടുമുമ്പ് മുഷ്ഫിഖറിനേയും മെഹ്ദി ഹസനേയും അടുത്തടുത്ത പന്തുകളില്‍ മടക്കി തിരിച്ചുവരാമെന്ന ബംഗ്ലാ പ്രതീക്ഷകള്‍ ഷമി തകര്‍ത്തു. മൂന്നാം സെഷനിലെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ലിറ്റണ്‍ ദാസിനെ (21) മടക്കി ഇഷാന്തും മികവ് കാട്ടിയതോടെ പൊരുതാനുള്ള സ്‌കോര്‍ പോലും ബംഗ്ലാദേശിന് അപ്രാപ്യമായി. പിന്നാലെ തയ്ജുല്‍ ഇസ്ലാം റണ്ണൗട്ടായി. ഇബാദത്ത് ഹുസൈനെ ഉമേഷ് ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശ് ഇന്നിംഗ്‌സിന് അവസാനമായി.

രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകളെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios