Asianet News MalayalamAsianet News Malayalam

പുതിയ പരിശീലകരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം, വൈറ്റ് ബോളിൽ ഗാരി കിർസ്റ്റൻ, ടെസ്റ്റില്‍ ഗില്ലെസ്പി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററാണ് നിലവില്‍ കിര്‍സ്റ്റന്‍. മെയ് 22ന് കിര്‍സ്റ്റൻ പാകിസ്ഥാന്‍ ടീമിനൊപ്പം ചേരും. മെയ് 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാവും കിര്‍സ്റ്റൻ ചുമതലയേറ്റെടുക്കുക എന്നാണ് സൂചന.

Pakistan Cricket Team appoint Jason Gillespie as Test Coach and Gary Kirsten as white-ball coach before T20 World Cup
Author
First Published Apr 28, 2024, 5:14 PM IST

കറാച്ചി: ടി20 ലോകകപ്പിന് തൊട്ടു മുമ്പ് വൈറ്റ് ബോള്‍ ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനും വെവ്വേറെ പരിശീലകരെ തെരഞ്ഞെടുത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. 2011ൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റനാണ് പാകിസ്ഥാന്‍ ടീമിന്‍റെ പുതിയ വൈറ്റ് ബോള്‍ പരിശീലന്‍. ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജേസണ്‍ ഗില്ലെസ്പി ആണ് ടെസ്റ്റ് ടീമിന്‍റെ പരിശീലകന്‍.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററാണ് നിലവില്‍ കിര്‍സ്റ്റന്‍. മെയ് 22ന് കിര്‍സ്റ്റൻ പാകിസ്ഥാന്‍ ടീമിനൊപ്പം ചേരും. മെയ് 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാവും കിര്‍സ്റ്റൻ ചുമതലയേറ്റെടുക്കുക എന്നാണ് സൂചന. മെയ് 30നാണ് പരമ്പരയിലെ അവസാന മത്സരം. അതിനുശേഷം പാക് ടീം ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് പോകും.

ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍, രാഹുലിനും ഗില്ലിനും ഇടമില്ല; സഞ്ജുവും റിഷഭ് പന്തും ടീമില്‍

മൂന്ന് ഫോര്‍മാറ്റിലും അസ്ഹര്‍ മെഹ്മൂദിനെ സഹപരിശീലകനായും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെ ടീം ഡയറക്ടറായിരുന്ന മിക്കി ആര്‍തറെ ഒഴിവാക്കിയിരുന്നു. പിന്നീട് മുന്‍ താരം മുഹമ്മദ് ഹഫീസാണ് പാകിസ്ഥാന്‍റെ ടീം ഡയറക്ടറായത്. എന്നാല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും പാക് ടീം ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹഫീസിനെ പുറത്താക്കി.

എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് സ്ഥിരം പരിശീലകനെ പാക് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തുകയായിരുന്നു. നേരത്തെ ഓസ്ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടറായ ഷെയ്ന്‍ വാട്സണെ പരിശീലകനായി നിയമിക്കാന്‍ ധാരണയായെങ്കിലും അവസാന നിമിഷം വാട്സണ്‍ പിന്‍മാറി. രണ്ട് വര്‍ഷ കരാറിലാണ് മൂന്ന് പരിശീലകരെയും നിയമിച്ചിരിക്കുന്നത്.

1993-നും 2004-നും ഇടയിൽ ദക്ഷിണാഫ്രിക്കക്കായി 101 ടെസ്റ്റും 185 ഏകദിനങ്ങളും കളിച്ച 54കാരനായ കിര്‍സ്റ്റൻ 2008ലാണ ഇന്ത്യന്‍ പരിശീലകനായത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ കിര്‍സ്റ്റന്‍ പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ പരിശീലകനായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന്‍റെയും മുഖ്യപരിശീലകനുമായിരുന്നു കിര്‍സ്റ്റൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios