Asianet News MalayalamAsianet News Malayalam

എളുപ്പമാകില്ല ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ്

ഐ പി എല്ലിൽ നിന്ന് പുറത്താക്കപ്പെട്ട രാജസ്ഥാൻ റോയൽസിനോടും ചെന്നൈ സൂപ്പ‍ർ കിംഗ്സിനോടും ബിസിസിഐ മൃദുസമീപനമാണ് സ്വീകരിച്ചത്. ഗോഡ്ഫാ‍ദർമാരില്ലാത്ത ശ്രീശാന്തിനോട് ഇതേനിലപാട് ബിസിസിഐ സ്വീകരിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്

return of Sreesanth to Indian cricket wont be that easy
Author
New Delhi, First Published Mar 15, 2019, 2:51 PM IST

ദില്ലി: വാതുവയ്പ് കേസിൽ സുപ്രീംകോടതി ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്‍റെ തിരിച്ചുവരവ് എളുപ്പമാവില്ല. ബിസിസിഐയുടെ നിലപാടാവും ഇക്കാര്യത്തിൽ നിർണായകമാവുക. ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീം കോടതി ശ്രീശാന്തിനെതിരായ അച്ചടക്ക നടപടി ബിസിസിഐക്ക് തീരുമാനിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 

വാതുവയ്പ് വിവാദം തുടങ്ങിയതുമുതൽ ശ്രീശാന്തിനെതിരെ കടുത്ത നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിൽ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും ബിസിസിഐ ആവ‍ർത്തിക്കുന്നു. ഇതാണ് ശ്രീശാന്തിന് തിരിച്ചടിയാവുന്നത്. സാധാരണ ഇത്തരം കേസുകളിൽ പരമാവധി അഞ്ചുവർഷത്തെ വിലക്കാണ് ബിസിസിഐ താരങ്ങൾക്ക് നൽകാറുളളത്. നിലവിൽ ശ്രീശാന്ത് കളിക്കളത്തിൽ നിന്ന് മാറിയിട്ട് ആറുവർഷമായി. വിലക്ക് മാറിയാൽ ദേശീയ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. എന്നാൽ ഇന്ത്യൻ ടീമിലെ ഫാസ്റ്റ് ബൗള‍ർമാർ മികച്ച രീതിയിൽ പന്തെറിയുന്നതിനാൽ ഇതിനുള്ള സാധ്യത കുറവാണ്. എങ്കിലും വിദേശ ലീഗുകളിലടക്കം കളിക്കാൻ ശ്രീശാന്തിന് കഴിയും.

ഒത്തുകളി വിവാദത്തിൽ നടപടി നേരിട്ട മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനോടും ഐ പി എല്ലിൽ നിന്ന് പുറത്താക്കപ്പെട്ട രാജസ്ഥാൻ റോയൽസിനോടും ചെന്നൈ സൂപ്പ‍ർ കിംഗ്സിനോടും ബിസിസിഐ മൃദുസമീപനമാണ് സ്വീകരിച്ചത്. ഗോഡ്ഫാ‍ദർമാരില്ലാത്ത ശ്രീശാന്തിനോട് ഇതേനിലപാട് ബിസിസിഐ സ്വീകരിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്നാല്‍ തിരിച്ചടികളിൽ നിന്ന് പലതവണ കരുത്തോടെ കരകയറിയിട്ടുള്ള ശ്രീശാന്ത് ഇത്തവണയും ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
 

Follow Us:
Download App:
  • android
  • ios