Asianet News MalayalamAsianet News Malayalam

ഐപിഎല്ലിൽ രോഹിത്തും കോലിയും ധോണിയും കഴിഞ്ഞാല്‍ പിന്നെ സഞ്ജു; ഇതിഹാസങ്ങള്‍ക്കൊപ്പം റെക്കോര്‍ഡുമായി മലയാളി താരം

ഇന്നലെ ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ സഞ്ജു മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 11 മത്സരങ്ങളില്‍ 67.29 ശരാശരിയില്‍ 163.54 പ്രഹരശേഷിയില്‍ 471 റണ്‍സാണ് സഞ്ജുവിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.

Sanju Samson creates unique record, becomes 5th Indian Players to hit 200 sixes IPL history
Author
First Published May 8, 2024, 4:24 PM IST

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വീരോചിത പോരാട്ടത്തിനും ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും ഇന്നലെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ 200 സിക്സുകള്‍ തികക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്.

ഇന്നലെ ഡല്‍ഹിക്കെതിരെ 46 പന്തില്‍ 86 റണ്‍സെടുത്ത സഞ്ജു ആറ് സിക്സുകളാണ് പറത്തിയത്. ഇതോടെ ഐപിഎല്ലില്‍ സഞ്ജുവിന്‍റെ സിക്സര്‍ നേട്ടം 205 ആയി. 159 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു ഇത്രയും സിക്സുകള്‍ പറത്തിയത് എന്നതാണ് ശ്രദ്ധേയം. സഞ്ജുവിന് മുമ്പ് ഈ നേട്ടത്തിലെത്തിയ രോഹിത് ശര്‍മ 250 ഇന്നിംഗ്സുകളില്‍ നിന്നാണ് 276 സിക്സുകള്‍ തികച്ചതെങ്കില്‍ വിരാട് കോലി 240 ഇന്നിംഗ്സുകളില്‍ നിന്ന് 258 സിക്സും എം എസ് ധോണി 227 ഇന്നിംഗ്സുകളില്‍ നിന്നാണ് 248 സിക്സും നേടിയത്.

സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചോ? സിക്സ് അടിച്ച പന്തില്‍ ഔട്ട്; ഐപിഎല്ലില്‍ വീണ്ടും അമ്പയറിംഗ് വിവാദം

ഇന്നലെ ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ സഞ്ജു മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 11 മത്സരങ്ങളില്‍ 67.29 ശരാശരിയില്‍ 163.54 പ്രഹരശേഷിയില്‍ 471 റണ്‍സാണ് സഞ്ജുവിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. റുതുരാജ് ഗെയ്ക്‌വാദ്(541), വിരാട് കോലി(542) എന്നിവര്‍ മാത്രമാണ് സീസണില്‍ റണ്‍വേട്ടയില്‍ സഞ്ജുവിനെക്കാള്‍ മുന്നിലുള്ള താരങ്ങള്‍. സഞ്ജുവിന്‍റെ പിന്നിലുള്ള സുരേഷ് റെയ്ന 200 ഇന്നിംഗ്സുകളില്‍ നിന്ന് 203 സിക്സുകള്‍ നേടിയിട്ടുണ്ട്.
 

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാൻ യശസ്വി ജയ്സ്വാള്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ് എന്നിവര്‍ വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും സഞ്ജുവിന്‍റെ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാദ ക്യാച്ചില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍റെ പ്രതീക്ഷ മങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios