Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ടീമിന് രണ്ട് ക്യാപ്റ്റന്‍മാര്‍ വേണോ; നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി

ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വൈറ്റ് ബോള്‍ ക്യാപ്റ്റനെ മാനേജ്‌മെന്‍റ് മാറ്റുമെന്ന് അഭ്യുഹങ്ങള്‍ ഉയര്‍ന്നിരുന്നു

Team India not need dual captaincy says Sourav Ganguly
Author
Mumbai, First Published Oct 23, 2019, 7:58 PM IST

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് ഇരട്ട നായകപദവിയുടെ ആവശ്യമില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വൈറ്റ് ബോള്‍ ക്യാപ്റ്റനെ മാനേജ്‌മെന്‍റ് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ടീമിന് രണ്ട് നായകന്‍മാരുണ്ടാകുമോ എന്ന ചോദ്യത്തിന് ദാദയുടെ മറുപടിയിങ്ങനെ.

'ഇത്തരമൊരു ചോദ്യത്തിന് പ്രസക്‌തിയുണ്ട് എന്ന് തോന്നുന്നില്ല. ടീം ഇന്ത്യ ഇപ്പോള്‍ മത്സരങ്ങള്‍ വിജയിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ടീമായിരിക്കാം ഇന്ത്യ' എന്നും ബിസിസിഐ പ്രസിഡന്‍റ് പദവി ഏറ്റെടുത്ത ശേഷം ഗാംഗുലി വ്യക്തമാക്കി. ഇന്ത്യ ഒരു ലോകകപ്പ് നേടിയില്ല എന്നത് ശരിയാണ്. എന്നാല്‍ എല്ലാ ലോകകപ്പുകളും നേടാന്‍ ഒരു ടീമിനാകില്ല. നായകന്‍ വിരാട് കോലിക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം നന്നായി മുന്നോട്ടുപോകുമെന്ന് ഉറപ്പുവരുത്തുമെന്നും ദാദ പറഞ്ഞു. 

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ജയിക്കുന്നതിന് ടീം ഇന്ത്യ പ്രധാന്യം നല്‍കണമെന്ന് ഗാംഗുലി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫി 2013ല്‍ എം എസ് ധോണിക്ക് കീഴില്‍ നേടിയ ശേഷം ഇന്ത്യക്ക് ഐസിസി കിരീടങ്ങളൊന്നും നേടാനായിട്ടില്ല. 2015, 19 ലോകകപ്പുകളില്‍ സെമിയില്‍ പുറത്തായ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ 2017ല്‍ ഫൈനലിലും പരാജയപ്പെട്ടു. 

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിന് പിന്നാലെ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് നായകപദവികള്‍ ഇരുവര്‍ക്കു പങ്കിട്ടുനല്‍കിയേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. 

Follow Us:
Download App:
  • android
  • ios