Asianet News MalayalamAsianet News Malayalam

ബാറ്റിംഗ് പറുദീസയായി നോട്ടിംഗ്ഹാം; ഇംഗ്ലീഷുകാരെ തല്ലിച്ചതച്ച് പാക്കിസ്ഥാന്‍

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവരാണ് മിന്നുന്ന പ്രകടനം പുറത്തെടുത്ത്. ഇംഗ്ലണ്ടിന്‍റെ പേസ് ബൗളര്‍മാര്‍ നിറംമങ്ങിയപ്പോള്‍ പത്ത് ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്

pakistan vs england world cup match live updates
Author
Nottingham, First Published Jun 3, 2019, 6:53 PM IST

നോട്ടിംഗ്ഹാം: വെസ്റ്റ് ഇന്‍ഡീസിനോട് ഏറ്റ ദയനീയ തോല്‍വിക്ക് പകരം ആതിഥേയരെ തോല്‍പ്പിച്ച് ലോകകപ്പില്‍ ആദ്യ വിജയം കുറിക്കാന്‍ ഇറങ്ങിയ പാക്കിസ്ഥാന് മികച്ച സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് കുറിച്ചത്.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവരാണ് മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിന്‍റെ പേസ് ബൗളര്‍മാര്‍ നിറംമങ്ങിയപ്പോള്‍ പത്ത് ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.

ക്രിസ് വോക്സ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 62 പന്തില്‍ 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ബാബര്‍ അസം (63), സര്‍ഫ്രാസ് (55) ഇമാം ഉള്‍ ഹഖ് (44) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഇമാം ഉള്‍ ഹഖും ഫക്തര്‍ സമാനും ചേര്‍ന്ന് നല്‍കിയത്. ക്രിസ് വോക്സിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് ഫോറുകള്‍ പായിച്ച് ഫക്തര്‍ പാക്കിസ്ഥാന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കി.

ഇമാം ഉള്‍ ഹഖ് ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ആക്രമണത്തിന്‍റെ ചുമതല ഫക്തര്‍ സമാന്‍ ആണ് ഏറ്റെടുത്തത്. ഇരുവരും മുന്നേറിയതോടെ ആദ്യ വിക്കറ്റിനായി ഇംഗ്ലണ്ടിന് 14-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. മോയിന്‍ അലിയുടെ കുത്തിതിരിഞ്ഞ പന്തിന്‍റെ ഗതി മനസിലാവാതിരുന്ന ഫക്തറിന് പന്ത് ഹിറ്റ് ചെയ്യാനായില്ല.

ശരവേഗത്തില്‍ ബട്‍ലര്‍ സ്റ്റംപ് ചെയ്തതോടെ പാക് ഓപ്പണിംഗ് ബാറ്റ്സ്മാന്‍റെ കഥ കഴിഞ്ഞു. പിന്നീടെത്തിയ ബാബര്‍ അസം കളം നിറഞ്ഞെങ്കിലും പാക് സ്കോര്‍ 111ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖും മോയിന്‍ അലിക്ക് മുന്നില്‍ വീണു. ഇതോടെ പാക്കിസ്ഥാനെ വരിഞ്ഞ് മുറുക്കാമെന്നുള്ള പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് മുന്നില്‍ ബാബറും മുഹമ്മദ് ഹഫീസും പാറപോലെ ഉറച്ച് നിന്നു.

ഹഫീസിന് രണ്ട് തവണ ജേസണ്‍ റോയ് ജീവന്‍ നല്‍കിയതോടെ സ്കോര്‍ ബോര്‍‍ഡില്‍ റണ്‍സ് നിറഞ്ഞു. ബാബറിന് പകരം നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വന്നിട്ടും കളിയുടെ ഗതിക്ക് മാറ്റമുണ്ടായില്ല. എന്നാല്‍, അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ സാധിക്കാതെ പോയതും വിക്കറ്റുകള്‍ വീണതുമാണ് പാക്കിസ്ഥാന്‍റെ 350 റണ്‍സ് എന്ന ലക്ഷ്യത്തിന് മുന്നില്‍ തടസമായത്. 

Follow Us:
Download App:
  • android
  • ios