Asianet News MalayalamAsianet News Malayalam

ഒന്നു പിടയാൻ പോലും കഴിഞ്ഞില്ല! കൊൽക്കത്തയുടെ കൈവെള്ളയിൽ ഡൽഹി ഞെരിഞ്ഞ് തീർന്നു, തോൽവി 106 റൺസിന്

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് തകർച്ചയോടെ ആയിരുന്നു ഡൽഹിയുടെ തുടക്കം. 33 റൺസിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്ടമായി

Kolkata knight riders beat Delhi capitals by 106 runs full match report
Author
First Published Apr 3, 2024, 11:38 PM IST

വിശാഖപട്ടണം: ഐപിഎല്ലിൽ  ഡൽഹി കാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റൺസിൻ്റെ കൂറ്റൻ ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 273 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സുനിൽ നരെയ്ൻ (39 പന്തിൽ 85), ആംഗ്കൃഷ് രഘുവൻഷി (27 പന്തിൽ 54), ആന്ദ്രേ റസ്സൽ (19 പന്തിൽ 41 ), റിങ്കു സിംഗ് (8 പന്തിൽ 26) എന്നിവരാണ് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. ആറ് വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ആൻറിച്ച് നോർജെ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി 17.2 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. വരുൺ ചക്രവർത്തി, വൈഭവ് അറോറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് തകർച്ചയോടെ ആയിരുന്നു ഡൽഹിയുടെ തുടക്കം. 33 റൺസിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ (10), മിച്ചൽ മാർഷ് (0), അഭിഷേക് പോറൽ (0), ഡേവിഡ് വാർണർ (18) എന്നിവരാണ് മടങ്ങിയത്. പിന്നീട് റിഷഭ് പന്ത് (55) - ട്രിസ്റ്റൺ സ്റ്റബ്സ് (54) സഖ്യം 93 റൺസ് കൂട്ടിചേർത്തു. ആഞ്ഞടിക്കുന്നതിനിടെ പന്ത് 13 -ാം ഓവറിൽ മടങ്ങി. അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു പന്തിൻ്റെ ഇന്നിംഗ്സ്. ചക്രവർത്തിക്കായിരുന്നു വിക്കറ്റ്. കൊട്ടടുത്ത പന്തിൽ അക്സർ പട്ടേലും (0) പുറത്തായി. വൈകാതെ സ്റ്റബ്സും സുമിത് കുമാറും (7), റാസിഖ് സലാം (1), ആൻറിച്ച് നോർജെ (4) എന്നിവരും കൊൽക്കത്ത ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി.

നേരത്തെ, ഗംഭീര തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഫിൽ സാൾട്ട് (12 പന്തിൽ 18) - നരെയ്ൻ സഖ്യം 60 റൺസ് ചേർത്തു. അഞ്ചാം ഓവറിൽ സാൾട്ടിനെ പുറത്താക്കി നോർജെ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമതെത്തിയ രഘുവൻഷി, നരെയ്നൊപ്പം ചേർന്ന് അടി തുടർന്നു. ഇരുവരും 104 റൺ കൂട്ടിചേർത്തു. എന്നാൽ 13-ാം ഓവറിൽ  നരെയ്ൻ മടങ്ങി. മിച്ചൽ മാർഷിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച്. ഏഴ് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു നരെയ്ൻ്റെ ഇന്നിംഗ്സ്. വൈകാതെ രഘുവൻഷിയും പവലിയനിൽ തിരിച്ചെത്തി. മൂന്ന് സിക്സും അഞ്ച് ഫോറും താരം നേടിയിരുന്നു. ശ്രേയസ് അയ്യർക്ക് (18) അധികനേരം പിടിച്ചു നിൽക്കാനായില്ല. 

തുടർന്നെത്തിയ റിങ്കു ആക്രമിച്ച് കളിച്ചതോടെ കൊൽക്കത്ത റെക്കോർഡ് സ്കോർ പടുത്തുയർത്തി. റിങ്കുവും റസ്സലും അവസാന ഓവറുകളിൽ വീണു. വെങ്കടേഷ് അയ്യർ (5), മിച്ചൽ സ്റ്റാർക്ക് (1) പുറത്താവാതെ നിന്നു.  രമൺദീപ് സിംഗാണ് (2) പുറത്തായ മറ്റൊരു താരം.

ഡൽഹി കാപിറ്റൽസ് : പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിഷഭ് പന്ത് ( ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർa), ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറെൽ, അക്സർ പട്ടേൽ, ആൻറിച്ച് നോർജെ, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസ്സൽ, മിച്ചൽ സ്റ്റാർക്ക്, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

Follow Us:
Download App:
  • android
  • ios