Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരെ വിക്കറ്റ് വീഴുമ്പോള്‍ സ്പെഷല്‍ ആഘോഷം; വിശദീകരണവുമായി പാക് ടീം മാനേജര്‍

പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഞങ്ങള്‍ കളിക്കുന്നത്. മറ്റേതൊരു ടീമിനെതിരായ മത്സരം പോലെ തന്നെയാണ് ഞങ്ങള്‍ക്ക് ഇന്ത്യക്കെതിരായ മത്സരവും.

ICC World Cup 2019 Pakistan manager clarifies Players special celebration against India
Author
Manchester, First Published Jun 12, 2019, 2:17 PM IST

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക രീതിയില്‍ ആഘോഷിക്കാന്‍ പാക് ടീം ഐസിസിയുടെ അനുമതി തേടിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി പാക് ക്രിക്കറ്റ് ടീം മാനേജര്‍ തലത് അലി. ഇത്തരത്തിലൊരു ആഘോഷവും തങ്ങള്‍ പദ്ധതിയിട്ടിട്ടില്ലെന്നും അങ്ങനെ ഒരു നിര്‍ദശം ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും തലത് അലി മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങള്‍ വെറുതെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും തലത് അലി വ്യക്തമാക്കി. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പാക് താരങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത് എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പാണ് പാക് താരങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നും അതിനുശേഷം താരങ്ങള്‍ അദ്ദേഹവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും തലത് അലി പറഞ്ഞു.

പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഞങ്ങള്‍ കളിക്കുന്നത്. മറ്റേതൊരു ടീമിനെതിരായ മത്സരം പോലെ തന്നെയാണ് ഞങ്ങള്‍ക്ക് ഇന്ത്യക്കെതിരായ മത്സരവും. തീര്‍ച്ചയായും ഇന്ത്യക്കെതിരായ മത്സരം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ അതില്‍ ക്രിക്കറ്റ് മാത്രമെയുള്ളു, രാഷ്ട്രീയമില്ലെന്നും തലത് അലി വ്യക്തമാക്കി.ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് വിഖ്യാതമായ ഇന്ത്യ-പാക് മത്സരം നടക്കുന്നത്.

പാക് വെബ്സൈറ്റായ 'പാക് പാഷ'ന്റെ എഡിറ്റര്‍ സാജ് സിദ്ധിഖ് ആയിരുന്നു പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചതായി ട്വീറ്റ് ചെയ്തത്. ധോണിയുടെ ബലിദാന്‍ ഗ്ലൗസിനുള്ള മറുപടിയായായും പ്രത്യേക രീതിയിലുള്ള വിക്കറ്റ് ആഘോഷം നടത്തണമെന്ന് സര്‍ഫ്രാസ് ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്കുള്ള ആദരസൂചകമായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയുമായുള്ള പരമ്പരയില്‍ ഒരു മത്സരത്തില്‍ പട്ടാളത്തൊപ്പി ധരിച്ച്  ഇറങ്ങിയിരുന്നു.

Follow Us:
Download App:
  • android
  • ios