Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ കലാപക്കൊടി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് താരത്തിന്‍റെ പ്രതിഷേധം

ലോകകപ്പ് സ്‌ക്വാഡിനെ ചൊല്ലി പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ കലാപക്കൊടി. ടീമില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധവുമായി ജുനൈദ് ഖാന്‍. 
 

Junaid Khan with black tape on mouth
Author
lahore, First Published May 20, 2019, 9:09 PM IST

ലാഹോര്‍: ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ പേസര്‍ ജുനൈദ് ഖാന്‍. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ചിത്രം ട്വീറ്റ് ചെയ്താണ് ജുനൈദ് തന്‍റെ പ്രതിഷേധം പാക്കിസ്ഥാന്‍ സെലക്‌ടര്‍മാരെ അറിയിച്ചത്. 'ഒന്നും പറയാനില്ല, സത്യം കയ്‌പേറിയതാണ്' എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്.

കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ച താരമാണ് ജുനൈദ് ഖാന്‍. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്‍റെ പേരുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ തിളങ്ങാനാകാതെ വന്നതോടെ പ്രാഥമിക സ്‌ക്വാഡില്‍ ഇല്ലാതിരുന്ന മുഹമ്മദ് ആമിറിനെ ജുനൈദിന് പകരം പാക്കിസ്ഥാന്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങളില്‍ 18 ഓവറില്‍ 142 റണ്‍സ് വഴങ്ങിയതാണ് ജുനൈദിന് പുറത്തേക്കുള്ള വഴി തുറന്നത്. 

പാക്കിസ്ഥാന്‍ സെലക്‌ടര്‍മാര്‍ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ആമിറിനൊപ്പം ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും തിരികെയെത്തി. ജുനൈദ് ഖാനൊപ്പം ആബിദ് അലി, ഫഹീം അഷ്‌റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതില്‍ ആമിറും വഹാബും പേസര്‍മാരാണ്. മധ്യനിര ബാറ്റിങ്ങിന് കരുത്ത് പകരനാണ് അസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് കരുതുന്നിടത്തു നിന്നാണ് വഹാബ് റിയാസ് ടീമിലേക്ക് തിരിച്ചെത്തിയത്.

പാക്കിസ്ഥാന്‍ ലോകകപ്പ് ടീം

സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ആസിഫ് അലി, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നൈന്‍.
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios