Asianet News MalayalamAsianet News Malayalam

രോഹിത്തോ ഷാക്കിബോ ടൂര്‍ണമെന്‍റിന്‍റെ താരമാകുമോ? ആ ചരിത്രം

കിരീടം നേടിയ ടീമിലെ അംഗമല്ലാത്തവര്‍ ടൂര്‍ണമെന്‍റിന്‍റെ താരമായ ചരിത്രവും ലോകകപ്പിനുണ്ട്. ഐസിസി സോഷ്യല്‍ മീഡിയയില്‍ ആരാകും ടൂര്‍ണമെന്‍റിന്‍റെ എന്ന് ചോദിച്ച് ഷെയര്‍ ചെയ്ത പോസ്റ്റില്‍ ഏറെപേരും ഷാക്കിബിന്‍റെ പേരാണ് പറഞ്ഞത്

who will be man of the tournament in world cup
Author
London, First Published Jul 13, 2019, 10:05 PM IST

ലണ്ടന്‍: ഒന്നര മാസക്കാലത്തെ ലോകകപ്പ് പോരാട്ടത്തിന് വിരാമമാകുകയാണ്. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഒട്ടേറെ മിന്നും പ്രകടനങ്ങള്‍ ഈ ലോകകപ്പില്‍ കണ്ടു. അഞ്ച് സെഞ്ചുറികള്‍ നേടിയ  ഇന്ത്യയുടെ രോഹിത് ശര്‍മ, ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തകര്‍ത്ത ഷാക്കിബ്, വിക്കറ്റുകള്‍ എറിഞ്ഞിട്ട മിച്ചല്‍ സ്റ്റാര്‍ക്ക്, കിവീസിന്‍റെ ബാറ്റിംഗ് നിരയെ ചുമലിലേറ്റിയ കെയ്ന്‍ വില്യംസണ്‍ എന്നിങ്ങനെ പകിട്ടേറിയ പ്രകടനം നടത്തിയ താരങ്ങള്‍ ഒരുപാട്.

മിക്ക ലോകകപ്പുകളിലും വിജയം നേടിയ ടീമിലെ കളിക്കാരാണ് ടൂര്‍ണമെന്‍റിന്‍റെ താരം ആകാറുള്ളത്. ഇതിനാല്‍ രോഹിത് ശര്‍മയുടെയും ഷാക്കിബ് അല്‍ ഹസന്‍റെയും സാധ്യതകള്‍ ഒരുപരിധി വരെ മങ്ങി. പക്ഷേ, കിരീടം നേടിയ ടീമിലെ അംഗമല്ലാത്തവര്‍ ടൂര്‍ണമെന്‍റിന്‍റെ താരമായ ചരിത്രവും ലോകകപ്പിനുണ്ട്.

ഐസിസി സോഷ്യല്‍ മീഡിയയില്‍ ആരാകും ടൂര്‍ണമെന്‍റിന്‍റെ എന്ന് ചോദിച്ച് ഷെയര്‍ ചെയ്ത പോസ്റ്റില്‍ ഏറെപേരും ഷാക്കിബിന്‍റെ പേരാണ് പറഞ്ഞത്. വിജയികളായ ടീമില്‍ നിന്നല്ലാതെ മൂന്ന് താരങ്ങളാണ് ഇതുവരെ ടൂര്‍ണമെന്‍റിന്‍റെ താരം ആയിട്ടുള്ളത്. 1992ല്‍ ആണ് ആദ്യമായി കിരീടം നേടിയ ടീമില്‍ നിന്ന് അല്ലാതൊരാള്‍ ടൂര്‍ണമെന്‍റിന്‍റെ താരമാകുന്നത്. 1992ല്‍ കറുത്ത കുതിരകളായി വന്ന് കുതിച്ച് കയറിയ ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ക്രോ ആണ് അന്ന് ചരിത്രം എഴുതിയത്.

456 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാണ് ക്രോ താരമായത്. പിന്നീട് 1999ല്‍ ഇപ്പോള്‍ ഷാക്കിബ് നടത്തിയതിന് സമാനമായ ഒരു പ്രകടനം കാഴ്ചവെച്ച് ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്നര്‍ താരങ്ങളില്‍ താരമായി. 281 റണ്‍സും 17 വിക്കറ്റുമാണ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന് വിശേഷണമുള്ള ക്സൂസ്നര്‍ അന്ന് നേടിയത്. അവസാനമായി 2003ല്‍ ആണ് കിരീടം നേടാത്ത ടീമില്‍ നിന്ന് മികച്ച താരമാകുന്നത്.

2003 ലോകകപ്പിന്‍റെ കലാശ പോരില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും അസാമാന്യ പ്രകടനം നടത്തിയ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അന്ന് ചരിത്ര പുസ്കത്തില്‍ ഇടം നേടിയത്. അന്ന് 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇന്നും ലോകകപ്പിന്‍റെ ചരിത്രത്തില്‍ തിരുത്തപ്പെടാത്ത റെക്കോര്‍ഡ് ആയി ആ 673 റണ്‍സ് നിലനില്‍ക്കുന്നു. 

Follow Us:
Download App:
  • android
  • ios