Asianet News MalayalamAsianet News Malayalam

200 കോടിയുടെ മയക്കുമരുന്ന് കേസ്; ഒരു കൊല്ലത്തിന് ശേഷം മുഖ്യപ്രതി എക്സൈസിന്റെ പിടിയിൽ

മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച 200  കോടിയുടെ എംഡിഎംഎ  മയക്കുമരുന്ന് കഴിഞ്ഞ വർഷം സെപ്തംബർ 29ന് ആണ് എക്സൈസ് സംഘം പിടികൂടിയത്. ഉടമകളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പാഴ്സൽ കമ്പനി  ഉടമകളാണ് വിവരം എക്സൈസിനെ അറിയിച്ചത്.എക്സൈസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു കൊച്ചിയിലേത്

200 crores drug case; accused arrested by Excise
Author
Trichy, First Published Oct 7, 2019, 4:35 PM IST

കൊച്ചിയിൽ നിന്ന് 200 കോടിയുടെ  മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അലി പിടിയിൽ. മലേഷ്യയിൽ നിന്ന് തിരിച്ചു വരവെയാണ് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഇയാളെ എക്സൈസ് പിടികൂടിയത്. മയക്കുമരുന്ന് കേസിലെ അന്വേഷണം ഊർജിതമാക്കിയതോടെ മലേഷ്യയിലേക്ക് കടന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. മലേഷ്യയിലേക്ക് കടത്താനായി 64 പായ്ക്കറ്റുകളിലായി എത്തിച്ച 200  കോടിയുടെ എംഡിഎംഎ  മയക്കുമരുന്ന് കഴിഞ്ഞ വർഷം സെപ്തംബർ 29ന് ആണ് എക്സൈസ് സംഘം പിടികൂടിയത്. ഉടമകളെ കണ്ടെത്താനാകാത്തതിനെ തുടർന്ന്  പാഴ്സൽ കമ്പനി  ഉടമകളാണ് വിവരം എക്സൈസിനെ അറിയിച്ചത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ  200 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് പിന്നിലെ മുഖ്യസൂത്രധാരൻ ചെന്നൈ സ്വദേശി അലിയാണെന്ന് എക്സൈസ് തിരിച്ചറിഞ്ഞിരുന്നു. ഇയാൾ മലേഷ്യയിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എയർപോർട്ട് അതോറിറ്റിയുടെ സഹായവും തേടി. ചെന്നൈയിൽ നിന്ന്  മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചതിന് പിന്നിൽ അലിക്കൊപ്പമുണ്ടായിരുന്ന
കണ്ണൂർ സ്വദേശി പ്രശാന്തിനെ പിടികൂടാനും എക്സൈസിന് കഴിഞ്ഞു. മയക്കുമരുന്ന് കടത്തിനായി കൊച്ചിയിലെത്തിയ ഇരുവരും  എംജി റോഡിലെ ലോഡ്ജിലാണ് താമസിച്ചത്. ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ എക്സൈസിന് ഏറെ സഹായകമായി.  

അലിയുടെ സ്വദേശമായ ചെന്നൈയിലും അന്വേഷണ ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും പ്രതിക്കായി ഊർജിതമായ അന്വേഷണമാണ്  എറണാകുളം എക്സൈസ് റേഞ്ച് സംഘം നടത്തിയത്. ഒടുവിൽ ട്രിച്ചിയിലെ വിമാനത്താവളത്തിൽ നിന്ന് അലിയെ തന്ത്രപൂർവം അന്വേഷണസംഘം വലയിലാക്കി. പ്രതിയെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. കേരളത്തിലെ മയക്കുമരുന്ന് കടത്ത് സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.

എക്സൈസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു കൊച്ചിയിലേത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് ഫോഴ്സ് പിടികൂടിയത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. അന്താരാഷ്ട്ര വിപണിയില്‍ ഗ്രാമിന് 5000 രൂപയോളം വിലവരുന്ന സിന്തറ്റിക് ഡ്രഗാണ് എംഡിഎംഎ. ഗള്‍ഫ് രാജ്യങ്ങളിലടക്കം യുവാക്കള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള രാസലഹരിയാണ് എംഡിഎംഎ. 
 

Follow Us:
Download App:
  • android
  • ios