Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്‍റെ മരണത്തിൽ വഴിത്തിരിവ്: ജ്യൂസ് കടയിലെ സിസിടിവി ഹാർഡ് ഡിസ്ക് പ്രകാശ് തമ്പി കൊണ്ടുപോയി

തൃശ്ശൂരിൽ നിന്ന് തിരികെ വരുന്ന വഴി ബാലഭാസ്കർ വാഹനം കൊല്ലത്ത് നിർത്തി ജ്യൂസ് കുടിച്ചിരുന്നു. ഈ സിസി ടിവി ദൃശ്യങ്ങളാണ് സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി കൊണ്ടുപോയത്. 

big twist in balabhaskar death cctv visuals in the juice shop was taken by prakash thambi
Author
Thiruvananthapuram, First Published Jun 7, 2019, 1:01 PM IST

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിൽ നിർണായകമൊഴി പുറത്ത്. ബാലഭാസ്കറിന്‍റെ കുടുംബം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരവെ, കൊല്ലത്ത് വാഹനം നിർത്തി ജ്യൂസ് കുടിച്ചിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ അപകടമുണ്ടായി അന്വേഷണം തുടങ്ങിയ ശേഷം സ്വർണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ജ്യൂസ് കട ഉടമയായ ഷംനാദ് പൊലീസിന് മൊഴി നൽകി. ഡിവൈഎസ്‍പി ഹരികൃഷ്ണൻ ഉൾപ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളിൽ നിന്ന് മൊഴിയെടുത്തത്. വാഹനമോടിച്ച അർജുൻ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടതിന് പിന്നാലെ, പ്രകാശ് തമ്പി സിസിടിവി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയെന്ന മൊഴി ലഭിച്ചത് കേസിലെ ദുരൂഹത കൂട്ടുകയാണ്. 

കേസിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രകാശ് തമ്പി എത്തിയതെന്നും സിസിടിവി ഹാർഡ് ഡിസ്ക് കൊണ്ടുപോയതെന്നുമാണ് ഷംനാദ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ബാലഭാസ്കറിന്‍റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. 

ഇതേത്തുടർന്ന് ബാലഭാസ്കറിന്‍റെ മരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണിയടക്കം രംഗത്തെത്തി. ക്രിമിനൽ കേസിൽ പ്രതികളായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്‍റെയും നിർബന്ധപ്രകാരമാണ് ഡ്രൈവറായി അർജുനെ ബാലഭാസ്കർ നിയമിച്ചതെന്നും അച്ഛൻ ഉണ്ണി ആരോപിച്ചു. അപകടത്തിന് രണ്ട് മാസം മുമ്പ് മാത്രമാണ് ബാലഭാസ്കറിന്‍റെ ഡ്രൈവറായി അർജുനെത്തിയത്. ഇതിന് ശേഷമാണ് രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുനെന്ന് അറിയുന്നതെന്നും ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി പറയുന്നു. 

അപകടമുണ്ടായി ബാലഭാസ്കറിന്‍റെ കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധു പ്രിയ വേണുഗോപാൽ ആരോപിച്ചത്. ബന്ധുക്കളെ ലക്ഷ്മിയെ കാണാൻ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാർഡുമുൾപ്പടെയുള്ള എല്ലാ വസ്തുക്കളുമെന്നും പ്രിയ വേണുഗോപാൽ ആരോപിച്ചിരുന്നു. എല്ലാ വിവരങ്ങളും പ്രകാശ് തമ്പി പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമ ലത എന്ന സ്ത്രീയ്ക്കാണ് കൈമാറിയിരുന്നതെന്നും ബന്ധുക്കളോട് ഒന്നും പറഞ്ഞിരുന്നെന്നും പ്രിയ വേണുഗോപാൽ ആരോപിച്ചു. 

വണ്ടിയോടിച്ചത് ആര്?

അർജുനാണോ ബാലഭാസ്കറാണോ വണ്ടിയോടിച്ചതെന്ന് സ്ഥിരീകരിക്കാൻ  സിസിടിവി ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനിടെയാണ് സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി കൊണ്ടുപോയെന്ന് ജ്യൂസ് കടമയുടമ ഷംനാദ് നിർണായക മൊഴി നൽകുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ പ്രകാശ് തമ്പി എന്തിനാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊണ്ടുപോയതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. സിസിടിവിയിലെ ദൃശ്യങ്ങളിൽ പ്രകാശ് തമ്പി എന്തെങ്കിലും മാറ്റം വരുത്തിയോ എന്നതും വിശദമായി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. 

രാത്രി 11.30-യ്ക്കാണ് ബാലഭാസ്കർ യാത്ര തുടങ്ങിയതെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പാലക്കാട്ടെ പൂന്തോട്ടത്തിൽ ആയുർവേദ ആശുപത്രി ഉടമകളിലൊരാളായ ഡോ. രവീന്ദ്രന്‍റെ ഭാര്യ ലതയുടെ ബന്ധുവീട്ടിൽ വച്ച് ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. യാത്ര തുടങ്ങി ഒരു മണിക്കൂറിനകം അമിത വേഗതയ്ക്ക് വാഹനം സിസിടിവിയിൽ പെടുമ്പോൾ വണ്ടിയോടിച്ചത് അർജുനാണ്. 

രണ്ട് തെളിവുകൾ നിർണായകം

രണ്ട് പ്രധാന തെളിവുകൾക്കായി കാക്കുകയാണ് അന്വേഷണസംഘം. കാർ നിർത്തി ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ ഫൊറൻസിക് ഫലം. രണ്ട് കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലെ രക്തക്കറ ആരുടേതെന്നതിന്‍റെ ശാസ്ത്രീയ പരിശോധനാ ഫലം. ഇത് രണ്ടും ലഭിച്ചാൽ ആരാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാവും. അർജുന്‍റേത് ഡ്രൈവിംഗ് സീറ്റിലിരുന്നാലുണ്ടാകുന്ന പരിക്കുകളെന്നാണ് പൊലീസ് പറയുന്നത്. 

അർജുൻ എവിടെ?

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു അർജുന്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ ബോധമുണ്ടായിരുന്നില്ല. ഗുരുതരസ്ഥിതി മാറാൻ ദിവസങ്ങളെടുത്തു. ശാരീരികമായി അവശതകളുള്ള അർജുൻ പക്ഷേ ഇപ്പോൾ കേരളത്തിലില്ല എന്നതാണ് ദുരൂഹത കൂട്ടുന്നത്. വയ്യാത്ത ഒരാൾ ഇത്ര ദൂരം യാത്ര ചെയ്യുന്നതെങ്ങനെ എന്നാണ് പൊലീസിന് മുന്നിലുള്ള ചോദ്യം. ബാലഭാസ്കറിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാലക്കാട്ടെ പൂന്തോട്ടത്തിൽ ആയുർവേദ ആശുപത്രി ഉടമകളിലൊരാളായ ജിഷ്ണുവും കേരളം വിട്ടു. പൂന്തോട്ടത്തിൽ ആശുപത്രിയുടമ ഡോ. രവീന്ദ്രന്‍റെയും ഭാര്യ ലതയുടെയും മകനാണ് ജിഷ്ണു. ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയതാണെന്നാണ് അച്ഛനമ്മമാർ മൊഴി നൽകിയിരിക്കുന്നത്. കേസ് നിർണായക വഴിത്തിരിവിലെത്തി നിൽക്കുമ്പോൾ ഇരുവരുടെയും തിരോധാനത്തിൽ വൻ ദുരൂഹതയാണുള്ളത്.

സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ്

സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കൾ പ്രതികളായതോടെ ഗായകന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി ബാങ്കുകളിൽ പൊലീസ് അപേക്ഷ നൽകി. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. 

231 കിമീ സഞ്ചരിക്കാൻ വെറും രണ്ടര മണിക്കൂർ

അതേസമയം, തൃശ്ശൂരിൽ നിന്ന് വാഹനം പുറപ്പെടുമ്പോൾ വണ്ടിയോടിച്ചത് അർജുനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. അമിത വേഗതയിലാണ് വാഹനം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾത്തന്നെ സഞ്ചരിച്ചത്. ഒരു മണിയോടെ വാഹനം അമിത വേഗതയിൽ സഞ്ചരിച്ചപ്പോൾ മോട്ടോർ വാഹനവകുപ്പിന്‍റെ ക്യാമറയിൽ പെട്ടിരുന്നു. 

ഇത് ഒരു പ്രധാനതെളിവായി കണക്കിലെടുക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. അപകടമുണ്ടായ ദിവസം വാഹനം 231 കിലോമീറ്റർ സഞ്ചരിക്കാനെടുത്തത് വെറും രണ്ടര മണിക്കൂറാണ്. വാഹനത്തിൽ ഒരു കൊച്ചു കുഞ്ഞിനെയും വച്ചാണ് ഇത്ര അമിതവേഗതയിൽ വാഹനമോടിയത്. 

തിരുവനന്തപുരത്തിന് അടുത്ത് വച്ച് വാഹനം അപകടത്തിൽ പെടുമ്പോൾ മുൻസീറ്റിലിരുന്നയാളുടെ കാല് കുടുങ്ങിക്കിടക്കുകയായിരുന്നെന്നും രക്ഷിക്കാൻ അയാൾ നിലവിളിക്കുകയായിരുന്നെന്നുമാണ് സാക്ഷിമൊഴികൾ. കുഞ്ഞ് മുന്നിൽ ബ്രേക്കിന്‍റെ തൊട്ടടുത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു. ലക്ഷ്മി മുൻസീറ്റിലായിരുന്നു. പിൻസീറ്റിലിരുന്നയാൾ മുന്നോട്ട് തെറിച്ച് പരിക്കേറ്റ് ബോധമില്ലാതെ കിടക്കുകയായിരുന്നു. എന്നാൽ ആരാണ് വാഹനമോടിച്ചതെന്നതിൽ ഇപ്പോഴും പൊലീസിന് കൃത്യമായ തെളിവുകളില്ല. അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്നാണ് ഭാര്യ ലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. അർജുൻ ആദ്യം മൊഴി നൽകിയത് ബാലഭാസ്കറാണെന്നും. 

Follow Us:
Download App:
  • android
  • ios