Asianet News MalayalamAsianet News Malayalam

നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍; ദുര്‍മന്ത്രവാദത്തിനായി രക്തം ഊറ്റിയെടുത്തെന്ന് ആരോപണം

കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തയ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...

four year old girls dead body found in a tin
Author
Bhubaneshwar, First Published Oct 21, 2019, 4:06 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ ജുംക ഗ്രാമത്തില്‍ നാല് വയസ്സുകാരിയുടെ മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. മന്ത്രാവാദത്തിനായി അയല്‍വാസികള്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തയ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. 

ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. ശനിയാഴ്ച അംഗന്‍വാടിയില്‍ നിന്നെത്തിയ കുട്ടി വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടോടെ കുട്ടിയെ കാണാതായി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഗ്രാമത്തില്‍ മുഴുവന്‍ തിരഞ്ഞു. തൊട്ടടുത്തുള്ള സംഖ്യ റാണി നാഥിന്‍റെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് കുട്ടിയെ പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. 

തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ കൊല്ലുകമാത്രമല്ല, ദുര്‍മന്ത്രവാദത്തിനായി കുഞ്ഞിന്‍റെ രക്തം ഊറ്റിക്കുടിച്ചുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനായി സംഖ്യാ റാണി നാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഗ്രാമത്തിലുള്ളവര്‍ രണ്ടുപേരെ പിടികൂടിയെന്നും ഇവരെ രക്ഷപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. ഇവര്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും അഡീഷണല്‍ എസ് പി റാഹി നാരായണ്‍ ബാട്ടിക് പറഞ്ഞു. തനിക്ക് കുഞ്ഞിന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്നും എല്ലാം ചെയ്ത് മൃതദേഹം പാത്രത്തിലാക്കി തന്‍റെ വീട്ടിലുപേക്ഷിച്ചത് നവീന്‍ ഷാ ആണെന്നും സാംഖ്യ റാണി നാഥ് പറഞ്ഞു. 

എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും താന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് വീട്ടില്‍ താമസമെന്നും അവര്‍ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും നവീന്‍ ഷാ വാദിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios