Asianet News MalayalamAsianet News Malayalam

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതിന് പിന്നിൽ സ്വവർഗ്ഗ പങ്കാളി

സുരേഷ് ഏറെനാളായി ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്‍റെ സാമ്പത്തിക നിലയും അത്ര മികച്ചതായിരുന്നില്ല. സുരേഷിന്‍റെ ഏകാന്തത മനസിലാക്കിയാണ് ശ്രീനിവാസ് അദ്ദേഹത്തെ വശീകരിക്കുന്നത്. പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് ഈ ബന്ധം സ്ഥാപിച്ചത്

gay sex partner killed Isro scientist
Author
Hyderabad, First Published Oct 4, 2019, 11:29 PM IST

ഹൈദരാബാദ്: അപാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍റെ കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗ്ഗ പങ്കാളിയാണെന്ന് പൊലീസ്. ഈ മാസം ഒന്നിനാണ് നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്‍ററില്‍ ടെക്നിക്കല്‍ വിദഗ്ധനായ സുരേഷ് കുമാറിനെ (56) മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബം ചെന്നൈയില്‍ ആയതിനാല്‍ ഒറ്റയ്ക്കായിരുന്നു സുരേഷ് ഹൈദരാബാദില്‍ താമസിച്ചിരുന്നത്.

മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ജനഗാമ ശ്രീനിവാസ് (39) ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സുരേഷ് ഏറെനാളായി ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്.

അദ്ദേഹത്തിന്‍റെ സാമ്പത്തിക നിലയും അത്ര മികച്ചതായിരുന്നില്ല. സുരേഷിന്‍റെ ഏകാന്തത മനസിലാക്കിയാണ് ശ്രീനിവാസ് അദ്ദേഹത്തെ വശീകരിക്കുന്നത്. പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് ഈ ബന്ധം സ്ഥാപിച്ചത്. ലൈംഗിക ബന്ധത്തിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസിന്‍റെ ലക്ഷ്യം.

എന്നാല്‍, സുരേഷില്‍ നിന്ന് പണം ലഭിക്കാതായതോടെ കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 30ന് ഒരു കത്തിയും വാങ്ങി ശ്രീനിവാസ് സുരേഷിന്‍റെ വീട്ടില്‍ എത്തി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രണ്ട് പേരും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി.

ഇതിനിടെ ശ്രീനിവാസ് സുരേഷിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണ് താമസിക്കുന്നത്. 2005ലാണ് അദ്ദേഹത്തിന്‍റെ ഭാര്യ സ്ഥലംമാറ്റം കിട്ടി ചെന്നൈയിലേക്ക് പോകുന്നത്. സുരേഷിന് രണ്ട് മക്കളാണ്. മകന്‍ യുഎസിലും മകള്‍ ദില്ലിയിലുമാണ്. 

Follow Us:
Download App:
  • android
  • ios