Asianet News MalayalamAsianet News Malayalam

ബൈക്കിലെത്തി വനിതാ ജഡ്ജിയെ കൊള്ളയടിച്ച് കുപ്രസിദ്ധ സംഘം; ആസൂത്രിത കവര്‍ച്ച നടന്നത് ദില്ലിയില്‍

കാറിന് തകരാറുണ്ടെന്ന് ചൂണ്ടിക്കാണിച്ച യുവാക്കളെ അവഗണിച്ച് ജഡ്ജി വീട്ടിലേക്ക് യാത്ര തുടര്‍ന്നെങ്കിലും അടുത്ത സിഗ്നലില്‍ വച്ച് രണ്ട് ബൈക്കിലായെത്തിയ സംഘം ചില്ലുകള്‍ തകര്‍ത്ത് കാറില്‍ നിന്ന് ബാഗ് മോഷ്ടിക്കുകയായിരുന്നു

infamous gang steals bag from additional session judges car
Author
New Delhi, First Published Sep 28, 2019, 9:55 AM IST

ദില്ലി: രാജ്യ തലസ്ഥാനത്ത് വച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ കൊള്ളയടിച്ച് കുപ്രസിദ്ധ സംഘം. ദില്ലിയിലെ ഓഖ്ല മേഖലയിലാണ് കുപ്രസിദ്ധ കൊള്ള സംഘമായ തക് തക് ഗ്യാങ് ജഡ്‍ജിയുടെ കാറില്‍ നിന്ന് ബാഗ് കവര്‍ന്നത്. കാറിലെ ഒരു വിന്‍ഡോയില്‍ തട്ടി ഡ്രൈവറുടെ ശ്രദ്ധതിരിയുന്ന സമയത്ത് കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്‍റെ രീതി. 

കാറിന്‍റെ ജനലില്‍ തട്ടിവിളിക്കുന്നതുകൊണ്ടാണ് സംഘത്തിന് തക് തക് ഗ്യാങ് എന്ന് പേര് വന്നത്. സംഘത്തിലൊരാള്‍ വാഹനം ഓടിച്ചിരുന്ന ജഡ്ജിയുടെ ശ്രദ്ധ തിരിഞ്ഞ സമയത്ത് ഒരാള്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ത്താണ് പിന്‍ സീറ്റില്‍ വച്ചിരുന്ന ബാഗ് മോഷ്ടിച്ചത്. സാകേത് ജില്ലാ കോടതിയിലെ ജഡ്ജിയുടെ ബാഗാണ് മോഷണം പോയത്. രാത്രിയോടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയതായിരുന്നു ജഡ്ജി. 

സരിതാ വിഹാര്‍ പാലത്തിന് സമീപം വച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കാറിന് തകരാറുള്ളതായി കാണിക്കുകയായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ കാര്‍ ഓടിച്ച് പോയ വനിതാ ജഡ്ജി അടുത്ത സിഗ്നലില്‍ കാര്‍ നിര്‍ത്തിയതോടെ ഒപ്പമെത്തിയ യുവാക്കള്‍ കാറിന്‍റെ ചില്ലുകളില്‍ തട്ടുകയായിരുന്നു. കാര്യം തിരക്കാനായി ജഡ്ജി തിരിഞ്ഞ തക്കത്തില്‍ ഒപ്പമുള്ള മറ്റൊരു ബൈക്കിലുള്ള സംഘം കാറിന്‍റെ ജനലുകള്‍ തകര്‍ത്ത് ബാഗ് മോഷ്ടിക്കുകയായിരുന്നു. 

മൊബൈല്‍ ഫോണും എടിഎം കാര്‍ഡുകളും പണവുമടങ്ങുന്ന ബാഗാണ് സംഘം മോഷ്ടിച്ചത്. സിഗ്നലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. യൂണിഫോമിലല്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ജഡ്ജിയുടെ പരാതിയില്‍ ഓഖ്ല വ്യവസായ മേഖല പൊലീസ് സ്റ്റേഷന്‍ സംഭവത്തില്‍ കേസെടുത്തു. ദില്ലിയിലെ തിരക്കേറിയ മേഖലകളില്‍ വച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios