Asianet News MalayalamAsianet News Malayalam

സർജിക്കൽ ബ്ലേഡ് വിഴുങ്ങി; അവസാനം വരെ പിടിച്ചുനിന്നു; പൊലീസിനെ വട്ടംചുറ്റിച്ച് കള്ളൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതയുണ്ട് സുനിലെന്ന ഈ മോഷ്‌ടാവിനും. താൻ വിഴുങ്ങിയ സർജിക്കൽ ബ്ലേഡ് പൊലീസ് കണ്ടെത്താതിരിക്കാൻ സാധിക്കാവുന്ന അത്രയും നേരം ഇയാൾ പിടിച്ചുനിന്നു.

Jail inmate hides blade in tummy
Author
Mandoli Jail Complex, First Published Oct 4, 2019, 1:02 PM IST

ദില്ലി: രാജ്യതലസ്ഥാനത്തെ മണ്ടോലി ജെയിലിലെ തടവുകാരനായ കള്ളൻ സർജിക്കൽ ബ്ലേഡ് വിഴുങ്ങി. നിരവധി മോഷണക്കേസിലും പിടിച്ചുപറി കേസിലും പ്രതിയായ സുനിൽ എന്നറിയപ്പെടുന്ന ചൂഹയാണ് സർജിക്കൽ ബ്ലേഡ് വിഴുങ്ങിയത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരികെ ജയിലിൽ എത്തിച്ചപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതയുണ്ട് സുനിലിനും. വിഴുങ്ങിയ ബ്ലേഡ് പൊലീസ് കണ്ടെത്താതിരിക്കാൻ സാധിക്കാവുന്ന അത്രയും നേരം ഇയാൾ പിടിച്ചുനിന്നു. ഒടുവിൽ വയറ് കീറുമെന്നായപ്പോഴാണ് ഇയാൾ സത്യം തുറന്ന് പറഞ്ഞത്.

ജയിലിനകത്തേക്ക് പ്രവേശിക്കും മുൻപ് സുനിലിനെ പൊലീസ് ദേഹപരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. എന്നാൽ ജയിലിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ മെറ്റൽ ഡിറ്റക്ടർ ശബ്‌ദിച്ചു.  ഇതോടെ സുനിലിനെ പൊലീസ് വീണ്ടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംശയം തോന്നിയ പൊലീസുകാർ മെറ്റൽ ഡിറ്റക്‌ടർ പരിശോധിച്ച് ഇത് തകരാറല്ലെന്ന് ഉറപ്പാക്കി. ശേഷം പ്രതിയെ വീണ്ടും മെറ്റൽ ഡിറ്റക്ടർ വഴി കടത്തിവിട്ടു. ഈ സമയത്തും മെറ്റൽ ഡിറ്റക്ടർ ശബ്ദിച്ചു. തുടർന്ന് സുനിലിനെ ജയിലിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ നേരെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചു. എന്നാൽ ഈ സമയത്തെല്ലാം താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും മെറ്റൽ ഡിറ്റക്ടർ തകരാറാണെന്നും ആവർത്തിക്കുകയായിരുന്നു പ്രതി. പൊലീസ് ആവർത്തിച്ച് ചോദിച്ചിട്ടും പ്രതി സത്യം പറഞ്ഞില്ല.

എന്നാൽ കള്ളനെ എക്സ്റേ മെഷീൻ കാത്തില്ല. ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വയറ്റിൽ സർജിക്കൽ ബ്ലേഡ് ഉള്ളതായി വ്യക്തമായി. ശസ്ത്രക്രിയ വേണമെന്നും, ഇത് അടിയന്തിരമായി നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞതോടെ കള്ളന് പേടിയായി. അത്രയും നേരം നുണകളുടെ മുകളിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ച സുനിൽ, താൻ സർജിക്കൽ ബ്ലേഡ് വിഴുങ്ങിയതാണെന്ന് ഈ സമയത്ത് തുറന്നു പറഞ്ഞു.

ഒരു ടേപ്പ് ഉപയോഗിച്ച് നന്നായി പൊതിഞ്ഞ ശേഷമാണ് സർജിക്കൽ ബ്ലേഡ് വിഴുങ്ങിയതെന്നാണ് ഇയാളുടെ മൊഴി. ജയിൽ അധികൃതർ കണ്ടെത്താതിരിക്കാനാണ് ബ്ലേഡ് വിഴുങ്ങിയതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ജയിലിനകത്ത് എന്തിനാണ് സർജിക്കൽ ബ്ലേഡ് എന്ന കാര്യം മാത്രം സുനിൽ ഇതുവരെ പറഞ്ഞിട്ടില്ല. സുനിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി ബ്ലേഡ് പുറത്തെടുക്കാനാണ് ശ്രമം. അതിന് ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യും. 

Follow Us:
Download App:
  • android
  • ios