Asianet News MalayalamAsianet News Malayalam

കപ്പയിലും ഇറച്ചിക്കറിയിലും ആട്ടിന്‍ സൂപ്പിലും വിഷം കലര്‍ത്തി; രണ്ട് വയസ്സുകാരിയെ കൊന്നത് ആഘോഷ ദിവസം

നീണ്ട 14 വർഷത്തിനിടെ സമർത്ഥമായി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണ് ആറ് പേരുടെയും കൊലപാതകം എന്നാണ് പൊലീസ് നിഗമനം. ഭർതൃ മാതാവും ഭർതൃ പിതാവും ഭർത്താവും ബന്ധുക്കളായ മറ്റ് മൂന്ന് പേരുടെയും മരണത്തിന് പിന്നിൽ ജോളിയാണെന്ന നിഗമനത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്

koodathai death case murder jolly shaju crime branch
Author
Koodathai, First Published Oct 5, 2019, 1:59 PM IST

കോഴിക്കോട്: കേരളത്തെ നടുക്കുന്ന പരമ്പര കൊലപാതകത്തിന്റെ ചുരുളുകളാണ് കൂടത്തായിയിലെ വെറുമൊരു സ്വത്തുതർക്കമായിരുന്ന കേസ് ചുരുളഴിക്കുന്നത്. ഒരു കുടുംബത്തിലെ ആറ് പേരാണ് 14 വർഷത്തിനിടയിൽ മരിച്ചത്. അന്വേഷണം കൊല്ലപ്പെട്ട ടോംതോമസിന്റെ മരുമകൾ ജോളിയിലും, ബന്ധു കൂടിയായ ജ്വല്ലറി ഉടമയിലും എത്തിനിൽക്കുന്നു. അണുവിട പാളാതെ നടപ്പിലാക്കിയ കൊലപാതകങ്ങളാണ് ഇവയെന്നാണ് ഇപ്പോൾ പൊലീസ് എത്തിച്ചേർന്നിരിക്കുന്ന നിഗമനം. 

2002 ആഗസ്റ്റ് 22

ആദ്യ മരണം നടക്കുന്നത് 17 വർഷം മുൻപുള്ള ഈ ദിവസമായിരുന്നു. റിട്ട അദ്ധ്യാപികയായ അന്നമ്മ തോമസിന് അന്ന് 57 വയസായിരുന്നു പ്രായം. ആട്ടിൻസൂപ്പ് കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് അവശയായി തളർന്നുവീണ അന്നമ്മ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു.

2008 ആഗസ്റ്റ് 26

അന്നമ്മയുടെ മരണത്തിന്റെ ആറാം ആണ്ട് കഴിഞ്ഞ് നാലാം ദിവസമായിരുന്നു ഭർത്താവ് ടോം തോമസ് പൊന്നാമറ്റത്തിന്റെ മരണം. 66 വയസായിരുന്നു അദ്ദേഹത്തിനന്ന്. വീട്ടിൽ നിന്ന് കപ്പപ്പുഴുക്ക് കഴിച്ച ടോം തോമസ് പിന്നീട് ഛർദ്ദിക്കാൻ തുടങ്ങി. ഈ സമയത്ത് ജോളി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോളി വിളിച്ചുകൂവിയതിനെ തുടർന്ന് അയൽക്കാർ ഓടിക്കൂടി. ഈ സമയത്ത് വായിൽ നിന്ന് നുരയും പതയുമായി നിലത്ത് കിടക്കുന്ന ടോം തോമസിനെയാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ടോം മരണത്തിന് കീഴടങ്ങി.

2011 സെപ്‌തംബർ 30

വെറും 40 വയസ് മാത്രമായിരുന്നു റോയ് തോമസിന് മരിക്കുമ്പോൾ പ്രായം. പുറത്തുപോയ ശേഷം വീട്ടിൽ തിരികെയെത്തിയ റോയ്, ഭക്ഷണം കഴിച്ച് ശുചിമുറിയിലേക്ക് പോയി. വാതിൽ അകത്ത് നിന്നടച്ച റോയ് അവിടെ ഛർദ്ദിച്ച് അവശനായി തളർന്ന് വീണു. വീട്ടിലുണ്ടായിരുന്ന ജോളിയും മക്കളും ചേർന്ന് അയൽക്കാരെ വിളിച്ചുകൂട്ടി. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ റോയ് മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തി. എന്നാൽ അത് ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ പോന്ന സാഹചര്യ തെളിവ് അന്നുണ്ടായിരുന്നു. അതിനാൽ തന്നെ ബന്ധുക്കളോ, നാട്ടുകാരോ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടില്ല. 

2014 ഫെബ്രുവരി 24

അന്നമ്മ തോമസിന്റെ സഹോദരനായിരുന്നു എംഎം മാത്യു മഞ്ചാടിയിൽ. റോയിയുടെ മരണത്തിൽ ആകെ അസ്വാഭാവികത തോന്നിയത് ഇദ്ദേഹത്തിനാണ്. അതദ്ദേഹം പറയുകയും ചെയ്തിരുന്നു. മരണം നടന്ന ദിവസം മാത്യുവിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. വൈകിട്ട് 3.30 ന് മാത്യു വീട്ടിൽ തളർന്നുവീണു. മുൻപ് നടന്ന മരണങ്ങളിലേതിന് സമാനമായി വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ജോളിയാണ് മാത്യു അവശനായി തളർന്നുവീണ കാര്യം നാട്ടുകാരെ വിളിച്ചറിയിച്ചത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

2014 മെയ് മൂന്ന്

നാലാമത്തെ മരണം നടന്ന് അധികം വൈകാതെയാണ് വെറും രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ആൽഫൈൻ ഷാജുവിന്റെ മരണം. ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെയും ഭാര്യ സിലിയുടെയും മകളായിരുന്നു ആൽഫൈൻ. രാവിലെ ഇറച്ചിക്കറി കൂട്ടി ഭക്ഷണം കഴിച്ചതാണ് ആൽഫൈൻ.  ഭക്ഷണം കഴിച്ച ഉടൻ അവൾ ബോധരഹിതയായി. മൂന്ന് ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ആൽഫൈൻ മരിച്ചത്. 

2016 ജനുവരി 11

ആറ് മരണങ്ങളിൽ വീടിന് പുറത്ത് നടന്ന ഏക മരണം സിലിയുടേതാണ്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം ഷാജുവിനും സിലിക്കുമൊപ്പമാണ് ജോളി മടങ്ങിയത്. വഴിമധ്യേ ഷാജുവിന് ഡെന്റിസ്റ്റിനെ കാണാൻ വേണ്ടി നിർത്തി. ഷാജു അകത്ത് കയറിയപ്പോൾ സിലിയുടെ സഹോദരൻ ഇവിടേക്ക് വന്നിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. പിന്നാലെ വായിൽ നിന്ന് നുരയും പതയും വന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം.

സിലിയുടെ മരണം നടന്ന് ആണ്ടൊന്ന് കഴിഞ്ഞപ്പോൾ ഷാജുവും ജോളിയും തമ്മിൽ വിവാഹിതരായി. മൂന്ന് വർഷമായി ഇവർ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അച്ഛൻ സ്വത്തുക്കൾ എഴുതിവച്ചത് ചേട്ടന്റെ ഭാര്യയായിരുന്ന ജോളിയുടെ പേരിലാണെന്ന് അറിഞ്ഞതോടെയാണ് റോയിയുടെ സഹോദരൻ റോജോ കേസുമായി മുന്നോട്ട് പോയത്. ഇതോടെയാണ് ആറ് മരണങ്ങളും കൊലപാതകമാണെന്ന സംശയം ഉയർന്നത്. ജോളിയും ഭർത്താവ് ഷാജുവും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Follow Us:
Download App:
  • android
  • ios