Asianet News MalayalamAsianet News Malayalam

ജോളിയെ ചോദ്യം ചെയ്യുന്നത് തുടരും; എസ്‍പി ദിവ്യ എസ് ഗോപിനാഥും സംഘവും ഇന്നെത്തും

കൂടത്തായി കേസിനെ ഐപിഎസ് പരിശീലനത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി. വടകര റൂറൽ എസ്‍പി ഓഫീസിൽ പരിശീലനത്തിന് എത്തിയ എഎസ്‌പിമാർക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കി.

Koodathai murders jolly interrogation continues SP Divya S gopinath to took charge
Author
Koodathai, First Published Oct 13, 2019, 7:43 AM IST

കോഴിക്കോട്: വിവാദമായ കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്താന്‍ എസ്‍പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്തും. ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘമാണ് ഇത്. ഇവരുടെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.

കേസിൽ മുഖ്യപ്രതിയായ ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. പൊലീസ് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെരച്ചിൽ നടത്തുമെന്നും സൂചനയുണ്ട്. എന്നാൽ ഈ തെരച്ചിലിൽ ജോളിയടക്കമുള്ള പ്രതികളെ ഇവിടെ എത്തിച്ചേക്കില്ലെന്നാണ് അറിയുന്നത്.

ഫോറൻസിക് വിദഗ്‍ധരുടെ സംഘവുമായി ഡിജിപി ചർച്ച നടത്തിയിരുന്നു. കൂടത്തായി കേസ് തെളിയിക്കുന്നത് പൊലീസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ പറഞ്ഞത്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്‍ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റൂറല്‍ എസ്‍പി ഓഫീസില്‍ അന്വേഷണ സംഘത്തിന്റെ  പ്രത്യേക യോഗം വിളിച്ച ‍ഡിജിപി കേസിന്‍റെ തുടര്‍ നടപടികള്‍ ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിട്ടില്ല.

കൂടത്തായി കേസിനെ ഐപിഎസ് പരിശീലനത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി. വടകര റൂറൽ എസ്‍പി ഓഫീസിൽ ആരംഭിച്ച കേരളത്തിലെ പത്ത് എഎസ്‍പിമാർക്കുള്ള പരിശീലനത്തിൽ ഈ കേസും പ്രതിപാദിക്കും. ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ക്ലാസെടുക്കുന്നത്. പരിശീലനത്തിന് എത്തിയ എഎസ്‌പിമാർക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കി.

Follow Us:
Download App:
  • android
  • ios