Asianet News MalayalamAsianet News Malayalam

കൂടത്തായി കേസന്വേഷണം കട്ടപ്പനയിൽ; ജോളിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നു

ജോളിയുടെ അച്ഛൻ ജോസഫിനെയും സഹോദരനെയും ചോദ്യം ചെയ്യുകയാണിപ്പോൾ. കേസിൽ ആദ്യം അന്വേഷണം വേണമെന്ന് റിപ്പോർട്ട് നൽകിയ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജടക്കമുള്ളവർ കട്ടപ്പനയിലെത്തിയിട്ടുണ്ട്. 

koodathayi murder case enquiry moves to kattappana father and brother of jolly questioned
Author
Kattappana, First Published Oct 14, 2019, 10:59 AM IST

ഇടുക്കി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അന്വേഷണസംഘം കണ്ട് മൊഴി രേഖപ്പെടുത്തുകയാണിപ്പോൾ. സിഐ ബിനീഷ് കുമാർ, എസ്ഐ ജീവൻ ജോർജ്ജ് എന്നിവരടങ്ങിയവരാണ് കട്ടപ്പനയിൽ എത്തിയിരിക്കുന്നത്. കൂടത്തായി കേസിൽ വഴിത്തിരിവായി കൊലപാതകങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് ആദ്യം റിപ്പോർട്ട് നൽകിയത് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജാണ്.

ആദ്യം അന്വേഷണസംഘം ജോളിയുടെ കുടുംബവീട്ടിലാണ് എത്തിയത്. ജോളിയുടെ അച്ഛനമ്മമാരും മൂത്ത സഹോദരിയുമാണ് ഇവിടെയുള്ളത്. ഇവരുടെ മൊഴി എടുത്ത ശേഷം സമീപത്തുള്ള സഹോദരൻ നോബിയെ അന്വേഷണ സംഘം കാണും. കട്ടപ്പനയിലെ കുടുംബവീടിന് ഏതാണ്ട് രണ്ട് കിലോമീറ്റർ അകലെയാണ് നോബിയുടെ വീട്. പിന്നീട് തടിയമ്പാട്, മുരിക്കാശ്ശേരി, രാജകുമാരി എന്നിവിടങ്ങളിൽ ജോളിയുടെ മറ്റ് സഹോദരങ്ങളുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും. 

എന്നാണ് ജോളി അവസാനം കുടുംബവീട്ടിലെത്തിയത്, എന്താണ് അന്ന് ജോളി പറഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം ആദ്യം ചോദിച്ചറിയുക. ജോളിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നെന്ന് അവർ അറസ്റ്റിലായ ദിവസം തന്നെ അച്ഛൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നതാണ്. തിരുവോണദിവസമാണ് അവസാനം ജോളി കട്ടപ്പനയിൽ വന്നത്. അന്നും പണം വാങ്ങിയാണ് ജോളി മടങ്ങിയത്. 

Read more at: 'ജോളിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു'; മരണങ്ങളില്‍ സംശയമുണ്ടായിരുന്നില്ലെന്ന് അച്ഛന്‍ ജോസഫ്

കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ് ജോളി ഇടയ്ക്കിടെ പോകുമായിരുന്നു. എന്നാൽ ഒരു ദിവസം മാത്രം അവിടെ തങ്ങി ജോളി മറ്റ് പലയിടങ്ങളിലും പോകാറുണ്ടെന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തിരുവോണക്കാലത്ത് കട്ടപ്പനയിലെത്തിയ ജോളി വീട്ടിൽ തങ്ങിയത് രണ്ട് ദിവസം മാത്രമാണ്. പിന്നീട് ജോളി കോയമ്പത്തൂരിലേക്കാണ് പോയത്. ജോളിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണെ കാണാനാണ് ജോളി അന്ന് പോയതെന്നും അവിടെ രണ്ട് ദിവസം താമസിച്ചിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്തിനാണ് ജോളി ഇവിടെ താമസിച്ചതെന്നും ജോൺസണിന് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. 

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജോളിയുടെ കുടുംബത്തിന് എന്തെങ്കിലും സംശയങ്ങളുണ്ടായിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിയും. പല തവണ പണം ആവശ്യപ്പെട്ട് ജോളി വിളിക്കാറുണ്ടായിരുന്നെന്നും വലിയ സാമ്പത്തിക ബാധ്യതകളുടെ കാര്യങ്ങൾ ജോളി പറയാറുണ്ടെന്നും സഹോദരൻ നോബി തന്നെ പറഞ്ഞിരുന്നു. പൊന്നാമറ്റം വീട്ടിൽ സ്വത്ത് തർക്കമുണ്ടായപ്പോൾ താനും കുടുംബത്തിലെ മറ്റ് ചിലരും ചേർന്ന് അവിടെ പോയിരുന്നു. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് തനിക്ക് മനസ്സിലായിരുന്നെന്നും, ഈ വിവരമറിഞ്ഞപ്പോൾ ജോളിയെ വഴക്കു പറഞ്ഞെന്നും നോബി പറഞ്ഞ‌ു. ജോളി പണം ചോദിക്കുമ്പോൾ താൻ കൊടുക്കാറുണ്ട്. ജോളിയുടെ ധൂർത്ത് അറിയാവുന്നതിനാൽ മക്കളുടെ അക്കൗണ്ടിലേക്കാണ് പണമിടാറ്. ജോളിയ്ക്ക് എത്ര പണം കിട്ടിയാലും മതിയാകാറില്ലെന്നും നോബി പറഞ്ഞിരുന്നു. 

എങ്ങനെയാണ് ജോളിയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ കുടുംബം ഇടപെട്ടതെന്നും, ജോളിയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ എങ്ങനെ കുടുംബാംഗങ്ങൾ ഇടപെട്ടെന്നും അന്വേഷണ സംഘം ചോദിച്ചറിയും. 

റോയിയുടെ മരണത്തിന് മുമ്പ് ജോളി കട്ടപ്പനയിൽ റോയിക്കൊപ്പം വന്നിരുന്നു. അന്ന് ഒരു ജ്യോത്സ്യനെ കാണാൻ ജോളിയും റോയിയും പോയിരുന്നു. ആ ജ്യോത്സ്യൻ പൂജിച്ച തകിട് റോയിയുടെ ദേഹത്ത് മരണസമയത്തുണ്ടായിരുന്നു. കൃഷ്ണകുമാർ എന്ന ജ്യോത്സ്യൻ കൊലപാതക വാർത്ത പുറത്ത് വന്നപ്പോൾ ഒളിവിൽ പോയെങ്കിലും പിന്നീട് പുറത്തുവന്ന് തനിക്ക് ജോളിയെയോ റോയിയെയോ അറിയില്ലെന്നും തകിട് പൂജിച്ച് കൊടുത്തതായി ഓർമയില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ജോളിക്ക് കട്ടപ്പനയിൽ വേറെ ബന്ധങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. 

Read more at: ജോളിയേയോ റോയിയോ അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍

Follow Us:
Download App:
  • android
  • ios