Asianet News MalayalamAsianet News Malayalam

മലയാളിയായ ‌ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഹൈദരാബാദിൽ കൊല്ലപ്പെട്ട നിലയിൽ

ഹൈദരാബാദ് നഗരമധ്യത്തിൽ അമീർപേട്ടിലെ സ്വന്തം ഫ്ലാറ്റിലാണ് എസ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കടിയേറ്റാണ് മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

malayalee ISRO scientist s suresh found dead in hyderabad
Author
Hyderabad, First Published Oct 2, 2019, 8:24 AM IST

ഹൈദരാബാദ്: മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞനെ ഹൈദരാബാദ് നഗരത്തിലെ ഫ്ലാറ്റിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐഎസ്ആർഒയുടെ ഉപവിഭാഗമായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണ് മരിച്ചത്. നഗരമധ്യത്തിലുള്ള അമീർപേട്ടിലെ അന്നപൂർണ എന്ന ഫ്ലാറ്റ് കോംപ്ലക്സിലുള്ള സ്വന്തം അപ്പാർട്ട്മെന്‍റിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഒറ്റയ്ക്കാണ് സുരേഷ് കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച ഓഫീസിലെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ വിളിച്ചു. മറുപടിയുണ്ടായില്ല. തുടർന്ന് ചെന്നൈയിൽ ബാങ്കുദ്യോഗസ്ഥയായ അദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിരയെ ഫോണിൽ വിളിച്ച് സഹപ്രവർത്തകർ വിവരമറിയിച്ചു. 

വിവരമറിഞ്ഞ് ബന്ധുക്കളോടൊപ്പം ഹൈദരാബാദിലെത്തിയ ഭാര്യ പൊലീസിനെ സമീപിച്ചു. തുടർന്ന പൊലീസെത്തി ഫ്ലാറ്റിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സുരേഷിനെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തലയിൽ ഭാരമേറിയ എന്തോ വസ്തു വച്ച് അടിച്ചതാണ് ആഴത്തിൽ പരിക്കേൽക്കാനും മരിക്കാനും കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ഇപ്പോൾ പോസ്റ്റ് മോർട്ടം നടത്താനായി മാറ്റിയിരിക്കുകയാണ്.

സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരടക്കം എത്തി പരിശോധന നടത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിലാണ് കഴിയുന്നത്. ഭാര്യ ഒപ്പമുണ്ടായിരുന്നെങ്കിലും ചെന്നൈയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനെത്തുടർന്ന് 2005-ൽ ചെന്നൈയ്ക്ക് മാറി. ഒരു മകനും മകളുമാണ് എസ് സുരേഷിനുള്ളത്. മകൻ അമേരിക്കയിലാണ്. മകൾ ദില്ലിയിൽ. 

Follow Us:
Download App:
  • android
  • ios