Asianet News MalayalamAsianet News Malayalam

വയനാട് ദേശീയപാതയിലെ കവർച്ച: പിന്നിൽ തൃശ്ശൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ള വൻ കൊട്ടേഷൻ സംഘം

വയനാട് ദേശീയ പാതയിലെ കവർച്ച  സംഘത്തെ കുടുക്കിയത് 3 കോടിയുമായി യുവാക്കൾ എത്തുന്നുവെന്ന തെറ്റായ വിവരം. മൈസൂരിൽ സ്വർണം വിറ്റ സ്ഥലത്തെ ഒറ്റുകാരാണ് ഇത്തരത്തിൽ തെറ്റായ വിവരം ഇവർക്ക് നൽകിയത്. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

massive quotation squad behind robbery on Wayanad highway
Author
Wayanad, First Published Oct 16, 2019, 11:18 AM IST

വയനാട്: ദേശീയപാതയിൽ യുവാക്കളെ ആക്രമിച്ചു 17 ലക്ഷം കവർന്ന കേസിൽ പിടിയിലായ 14 അംഗസംഘം തൃശ്ശൂർ വരന്തരപള്ളി സ്വദേശി രാഹുലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘം. 3 കോടിയുമായി വയനാട്ടിലേക്ക് യുവാക്കൾ വരുന്നുവെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ആക്രമണം എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മൈസൂരിൽ സ്വർണം വിറ്റ സ്ഥലത്തെ ഒറ്റുകാരാണ് ഇത്തരത്തിൽ തെറ്റായ വിവരം ഇവർക്ക് നൽകിയതെന്നും തെളിഞ്ഞു. മൈസൂരിൽ നിന്നും സ്വർണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളെ ആക്രമിച്ച് 17 ലക്ഷമാണ് കഴിഞ്ഞ ദിവസം മോഷണ സംഘം കവർന്നത്.

രേഖകൾ ഇല്ലാത്ത പണവുമായി സഞ്ചരിക്കുന്നവരെ ആക്രമിച്ചു കവർച്ച നടത്തുന്ന സംഘം ആണ് പൊലീസിന്റെ വലയിലായത്. നാല് കാറുകളിലായാണ് അക്രമികൾ എത്തിയത്. ഈ കാറുകളെല്ലാം കസ്റ്റഡിയിലെടുത്തു.  പ്രതികൾക്കെതിരെ കർണാടകത്തിലും കേരളത്തിലും നിരവധി കേസുകൾ നിലവിലുണ്ട്. മീനങ്ങാടി വൈത്തിരി പൊലീസാണ് പ്രതികളെ പിടികൂടിയത്. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കൊട്ടേഷൻ സംഘമാണ് പിടിയിലായത്. 

ഇന്നലെ അർധരാത്രിയാണ് വയനാട്ടിൽ നാടിനെ നടുക്കിയ മോഷണം നടന്നത്. പിടിയിലായ മോഷണ സംഘത്തിനെതിരെ സമാന രീതിയിൽ കവർച്ച നടത്തിയതിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസുണ്ട്.  പിടിയിലായ സംഘത്തിലെ 14 പേരുടെയും അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. തൃശൂർ സ്വദേശികളായ സംഘത്തിലെ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
 

Follow Us:
Download App:
  • android
  • ios