Asianet News MalayalamAsianet News Malayalam

ഓച്ചിറ സംഭവം: പൊലീസ് വഴിയില്‍ കൊല്ലം മുതല്‍ മുംബൈ വരെ, അതിരില്ലാതെ രാഷ്ട്രീയ വിവാദങ്ങളും

 ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പത്താം ദിവസമാണ് മുംബൈല്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷന്‍ പിടിയിലായിട്ടുമുണ്ട്.

missing teen girl from ochira found in mumubai Controversy behind
Author
Kerala, First Published Mar 26, 2019, 12:59 PM IST

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പത്താം ദിവസമാണ് മുംബൈല്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷന്‍ പിടിയിലായിട്ടുമുണ്ട്. ഏറെ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമാണ് സംഭവത്തില്‍ പെണ്‍കുട്ടിയെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചത്. ആദ്യ ഘട്ടത്തില്‍ വലിയ ചര്‍ച്ചയാവാതിരുന്ന സംഭവത്തിന് രാഷ്ട്രീയ നിറം കൈവന്നതോടെ രാഷ്ട്രീയ യുദ്ധവും തുടങ്ങി. 

വലിയ രാഷ്ട്രീയ വിവാദമായി വളര്‍ന്ന കേസിൽ പെൺകുട്ടിയെ കണ്ടെത്തുകയെന്നതും അന്വേഷണ സംഘത്തിന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു.  കേരളത്തിനകത്തും പുറത്തും അന്വേഷണസംഘം ഉണ്ടായിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ‍കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്.  പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.  തുടര്‍ന്ന് സിപിഐ മേമന തെക്ക്  ബ്രാഞ്ച് സെക്രട്ടറി നവാസിന്‍റെ മകൻ കൂടിയായ റോഷനും സംഘവുമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. ഇതോടെയാണ് സംഭവത്തിന്‍റെ രാഷ്ട്രീയ മുഖം കൈവന്നത്.

കഴിഞ്ഞ ഒരുമാസമായി ഓച്ചിറ -വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനിൽ നിന്നുള്ള കുടുംബം വഴിയോര കച്ചവടം  നടത്തിയിരുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി, തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷമായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയെ കണ്ടെത്താത്തതിന്‍റെ പേരില്‍ പൊലീസ്  നിരന്തരം പഴികേട്ടു. യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്‍റെ കയ്യിൽ ഉണ്ടായിരുന്നു. രണ്ടു പേരും  ഫോൺ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.  

നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. അതിനിടെ നാട്ടിലേക്ക് ഇവര്‍ വിളച്ച ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്.

നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. അതിനിടെ നാട്ടിലേക്ക് ഇവര്‍ വിളച്ച ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്.  ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്. ഒടുവില്‍ ഏറെ വിവാദമായ കേസില്‍ പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും അന്വേഷണസംഘം കണ്ടെത്തി. ഇനി പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി, വൈദ്യ പരിശോധനയും നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക.

അതിരുകളില്ലാത്ത രാഷ്ട്രീയ വഴി

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത് ഓച്ചിറ സ്വദേശി റോഷനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ സര്‍ക്കാറിനെതിരായ പ്രതികരണങ്ങള്‍ വന്നു തുടങ്ങി. എന്നാല്‍ സംഭവത്തില്‍ മകനെ സംരക്ഷിക്കില്ലെന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ നവാസ് വ്യക്തമാക്കി.  മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം. എന്നാൽ ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും തെറ്റു ചെയ്തവർക്കൊപ്പം നിൽക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

സമ്മര്‍ദ്ദത്തിലായ മാര്‍ച്ച് 22ന് പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. പിന്നാലെ ഓച്ചിറയിലെ പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് സുരേഷ് ഗോപി നടത്തിയ പ്രതികരണം വാര്‍ത്തയായി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥരോട് അന്വഷണ പുരോഗതി ആരായുകയും ചെയ്തു. നേരിട്ട് ഫോണ്‍ വിളിച്ച് രോഷത്തോടെ പൊലീസ് ഉദ്യോഗസ്ഥനോട്  ഇംഗ്ലീഷിൽ സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയും വാര്‍ത്തയായി.

സംഭവത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണവുമായി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും കേസില്‍ കനത്ത ജാഗ്രത വേണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോണ്‍ഗ്രസിന്‍റെ വനിതാ നേതാവും ഡിസിസി പ്രസിഡന്‍റുമായ ബിന്ദു കൃഷ്ണയ്‍ക്കെതിരെ ഓച്ചിറ പൊലീസ് പോക്സോ കേസെടുത്തതായിരുന്നു മറ്റൊരു സംഭവം .

ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് അവിടെയെത്തിയ ബിന്ദു കൃഷ്ണ, കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതായിരുന്നു കേസിന് ആധാരമായ സംഭവം. ഇത്തരത്തില്‍ ഏറെ വിവാദങ്ങള്‍ക്കാണ് ഓച്ചിറയിലെ തട്ടിക്കൊണ്ടുപോകല്‍ വഴിയൊരുക്കിയത്.

Follow Us:
Download App:
  • android
  • ios