Asianet News MalayalamAsianet News Malayalam

അധോലോകം, നീലക്കുറിഞ്ഞി .. ഗ്രൂപ്പുകളിലൂടെ ചൈൽഡ് പോൺ കേരളത്തിൽ വല വിരിച്ച വഴി..

ചൈൽഡ് പോണോഗ്രഫി നവമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് സിസിഎസ്ഇ യൂണിറ്റ് ഓപ്പറേഷൻ  പി ഹണ്ട് എന്ന പേരിൽ പ്രത്യേക ദൗത്യം തുടങ്ങിയത്. ഏപ്രിലിൽ നടന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ആദ്യ ഘട്ടത്തിൽ 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഇതിൽ 14  പേർ അറസ്റ്റിലാകുകയും ചെയ്തു.

operation p hunt 3; cyber criminals arrested by police
Author
Trivandrum, First Published Oct 13, 2019, 1:29 PM IST

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 11 കുറ്റവാളികൾ പിടിയിലായിരിക്കുന്നു. ഓപ്പറേഷൻ പി ഹണ്ട് - 3 യുടെ ഭാഗമായി നടന്ന റെയ്‍ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർ പൊലീസ് വലയിലായത്. ഇന്റർപോളും കേരള പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ സംസ്ഥാനത്തൊട്ടാകെ 20  കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെയും സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചും നേരിടാനാകുമെന്ന് ഓപ്പറേഷൻ പി ഹണ്ടിലൂടെ കാണിച്ചു തരികയാണ് സംസ്ഥാന പൊലീസ്.

ഓപ്പറേഷൻ പി ഹണ്ട്

ഇന്റർനെറ്റ് വഴിയുള്ള കുട്ടികളുടെ ചൂഷണവും ചൈൽഡ് പോണോഗ്രഫിയും തടയുന്നതിനായി പ്രവർത്തിക്കുന്ന സിസിഎസ്ഇ (കൗണ്ടർ ചൈൽ‍ഡ് സെക്ഷ്വൽ  എക്സ്പ്ലോയിറ്റേഷൻ) എന്ന സംഘം ആണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പ്രത്യേക ദൗത്യത്തിന് രൂപം നൽകിയത്. ചൈൽഡ് പോണോഗ്രഫി നവമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഓപ്പറേഷൻ  പി ഹണ്ടിന്റെ തുടക്കം. ഏപ്രിലിൽ നടന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വലയിലായത് നിരവധി പേരാണ്. 

ദൗത്യം തുടങ്ങി ആദ്യമാസം തന്നെ 21കേസുകൾ രജിസ്റ്റർ ചെയ്യുകയും ഇതിൽ 14  പേർ അറസ്റ്റിലാകുകയും ചെയ്തു. ആദ്യഘട്ടം വിജയമായതോടെ പൊലീസ് രണ്ടാംഘട്ടത്തിലേക്കും നീങ്ങി. ജൂണിൽ നടന്ന ഓപ്പറേഷൻ പി ഹണ്ട് 2  വിൽ 16  കേസുകൾ രജിസ്റ്റർ ചെയ്തതിൽ 12  പേരും അറസ്റ്റിലായി.  INTERPOL ഉം ICMEC ഉം ആണ് കുറ്റവാളികളെ പിടികൂടുന്നതിൽ പൊലീസിന് സാങ്കേതിക സഹായം നൽകിയത്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് , പ്രത്യേകിച്ച് ടെലഗ്രാം എന്നീ നവമാധ്യമങ്ങൾ വഴിയാണ് അശ്ലീലദൃശ്യങ്ങൾ പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തെ ഇന്റർനെറ്റ് ഉപഭോക്താക്കളായ നിരവധി പേർ ഇത്തരം ദൃശ്യങ്ങൾ വ്യാപകമായി കാണുന്നുവെന്നും പ്രചരിപ്പിക്കുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

ഒടുവിൽ ഓപ്പറേഷൻ പി ഹണ്ട് 3

ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതടക്കം ഉള്ള കുറ്റക‍ൃത്യങ്ങൾ ചെയ്യുന്ന നിരവധി സംഘങ്ങളെ അന്വേഷണസംഘം കണ്ടെത്തി. ഇവരിൽ 126  പേരെ പൊലീസ് നിരീക്ഷിച്ചു. വാട്സ് ആപ്പ്, ടെലഗ്രാം എന്നീ നവമാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നത്. ആലംബം, അധോലോകം , നീലക്കുറിഞ്ഞി തുടങ്ങി പേരുകളിലുള്ള ഗ്രൂപ്പുകളിലായിരുന്നു ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടന്നതെന്ന് ഇൻറപോളും കേരള പൊലീസും ചേർന്ന നടത്തിയ പരിശോധനയിൽ വ്യക്തമായി.

തുടർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സാങ്കേതിക ജ്ഞാനമുള്ള ഉദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞ്‍ പൊലീസ് വ്യാപകമായി റെയ്ഡുകൾ നടത്തി. ഒക്ടോബർ 12 ശനിയാഴ്ച പുലർച്ചെ മുതൽ എല്ലാ സ്ഥലങ്ങളിലും ഒരേ സമയം ആയിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു റെയ്ഡ്. ഷാഡോ പൊലീസിന്റെയും പരിശീലനം നേടിയ സൈബർ ടീമിന്റെയും സഹായവും ഇവർക്കുണ്ടായിരുന്നു. 

മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ വലയിൽ

സംസ്ഥാനത്തൊട്ടാകെ നടന്ന റെയ്‍ഡിൽ  21 ഇടങ്ങളിൽ കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മുതലായവ പിടിച്ചെടുക്കാൻ കഴിഞ്ഞു. കേരളത്തിലുടനീളം 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12  പേർ പിടിയിലാകുകയും ചെയ്തു

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി

ടെലഗ്രാമുമായി സഹകരിച്ചതിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന പല ഗ്രൂപ്പുകളെയും കണ്ടെത്താനായതായി മനോജ് ഏബ്രഹാം പറഞ്ഞു. 92  ഓളം ഗ്രൂപ്പുകളുടെ അഡ്മിൻമാർ നിരീക്ഷണത്തിലാണ്. പിടിയിലായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.  സൈബർ ഡോം സ്റ്റേറ്റ് നോഡൽ ഓഫീസർ, എ‍ഡിജിപി മനോജ് ഏബ്രഹാമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് റെയ്ഡുകൾ നടത്തിയത്. ഹൈടെക് ക്രൈം എൻക്വയറി സെൽ ഇൻസ്പെക്ടർ ശ്രീ സ്റ്റാർമോൻ ആർ പിള്ളയും അന്വേഷണത്തിൽ മനോജ് ഏബ്രഹാമിന്റെ സഹായിയായിരുന്നു.  

നിലവിലെ നിയമമനുസരിച്ച് ചൈൽഡ‍് പോണോഗ്രഫി കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ദൗത്യത്തിൽ കേരള പോലീസ് പൊതുസമൂഹത്തിന്റെയും പിന്തുണ തേടുകയാണ്. കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം അല്ലെങ്കിൽ സൈബർ സെല്ലുകളെ അറിയിക്കാൻ ആണ് പൊലീസിന്റെ അപേക്ഷ. 

Follow Us:
Download App:
  • android
  • ios