Asianet News MalayalamAsianet News Malayalam

ആളുമാറി മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മരിച്ചു: പ്രതിയായ ജയില്‍ വാര്‍ഡന്‍ ഒളിവില്‍

ജയിൽ വാർഡൻ ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

plus two boy died after mistaking attack in kollam
Author
Kollam, First Published Feb 28, 2019, 9:19 PM IST

കൊല്ലം: കൊല്ലത്ത് ജയിൽ വാർഡന്‍റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

ഫെബ്രുവരി 16 നാണ്  വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.  സംഭവത്തില്‍ രഞ്ജിത്തിന്‍റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.  മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. 

മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയിൽ വാർഡനായ വിനീത് ഇപ്പോള്‍ ഒളിവിലാണ്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ ര‍‍ഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞു. രഞ്ജിത്ത് മരിച്ചതിനെ തുടര്‍ന്ന് വിനീതിന്‍റെ പേരില്‍ ഇപ്പോള്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 

കൊല്ലം താലൂക്ക് ആശുപത്രിയില്‍ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും തന്നെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നെന്നും താലൂക്ക് ആശുപത്രിയില്‍ വച്ച് ര‌ഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

രഞ്ജിത്തിന് മര്‍ദ്ദനമേറ്റ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസില്‍ 

 

Follow Us:
Download App:
  • android
  • ios