Asianet News MalayalamAsianet News Malayalam

ശ്രീവരാഹം കൊലപാതകം: കുത്തിയവരും കുത്തേറ്റവരും ക്രിമിനൽ പ്രതികളെന്ന് പൊലീസ്

ശ്രീവരാഹം സ്വദേശി ശ്യാം (28)എന്ന മണിക്കുട്ടനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ്.

police on sreevaraham murder
Author
Thiruvananthapuram, First Published Mar 15, 2019, 10:03 AM IST

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. കുത്തിയവരും കുത്തേറ്റവരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ശ്രീവരാഹം സ്വദേശി ശ്യാം (28)എന്ന മണിക്കുട്ടനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്. മയക്കുമരുന്ന് മാഫിയ സംഘത്തിലുള്‍പ്പെട്ട അര്‍ജുന്‍ എന്നയാളാണ് ശ്യാമിനെ കുത്തിയത്. ഏറ്റുമുട്ടലില്‍ മറ്റ് രണ്ട് പേർക്ക് കൂടി കുത്തേറ്റിരുന്നു. സുഹൃത്തുക്കളായ വിമൽ, ഉണ്ണിക്കണ്ണൻ എന്നിവർ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോജ്, രജിത്ത് എന്നീ പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഒളിവില്‍പോയ പ്രതി അര്‍ജുന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. മുംബൈയിൽ ജോലി ചെയ്തിരുന്ന അർജുൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

police on sreevaraham murder

ഒളിവില്‍പോയ പ്രതി അര്‍ജുന്‍

നേരത്തെ തന്നെ ലഹരിമാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണികുട്ടന്‍. കഴിഞ്ഞ ദിവസം കരമനയിലുണ്ടായ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളായിരുന്നു. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്ക് മരുന്ന് ലഹരിയിലായിരുന്നു. 

പേരിന് നടത്തുന്ന പരിശോധനയല്ലാതെ പൊലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെ, ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ലഹരി മരുന്ന് മാഫിയയെ തടയിടാനായി കര്‍ശനമായ പരിശോധന നടത്തുമെന്നും സഞ്ജയ്കുമാര്‍ ഗുരുഡിന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios