Asianet News MalayalamAsianet News Malayalam

ഏഴ് വര്‍ഷത്തില്‍ ഇരകളായത് അന്‍പതിലേറെ സത്രീകള്‍;സൈബര്‍ പീഡനത്തില്‍ ഞെട്ടി തമിഴകം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഏഴ് വര്‍ഷത്തിനിടെ അന്‍പതിലേറെ യുവതികളെ കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ  മൊബൈല്‍ഫോണുകളില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പ്രതികള്‍ സൃഷ്ടിച്ച വ്യാജപ്രൊഫൈല്‍ കെണിയില്‍ വീണവരില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളും, അധ്യാപികമാര്‍, യുവ ഡോക്ടര്‍മാര്‍ എന്നിവരും ഉള്‍പ്പെടും. 

Pollachi sexual assault case Police suspect many more victims probing network
Author
Pollachi, First Published Mar 12, 2019, 3:29 PM IST

പൊള്ളാച്ചി: ഓണ്‍ലൈന്‍ കെണിയില്‍പ്പെട്ട് അമ്പതിലധികം യുവതികള്‍ ലൈംഗീക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയായതിന്‍റെ ഞെട്ടലിലാണ് തമിഴ്നാട്. വ്യാജ അക്കൗണ്ടുകളിലൂടെയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികൾ മുതൽ അധ്യാപികമാർ വരെയുള്ളവരെയാണ്  പ്രതികള്‍ വലയിലാക്കിയത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തെങ്കിലും പ്രതികള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുകയാണ്. സമാനതകളില്ലാത്ത ഈ സൈബര്‍ ആസൂത്രിത പീഡനത്തിന്‍റെ ഞെട്ടലിലാണ്  ഇപ്പോൾ തമിഴ്നാട്. 

പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം  പ്രണയം നടിച്ച്  കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും. പൊലീസ് അറസ്റ്റ് ചെയ്ത തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരില്‍ പൊള്ളാച്ചി സ്വദേശി തരുന്നാവക്കരശനാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. .

സംസാരിക്കാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി. വഴിമധ്യേ സംഘത്തിലെ മറ്റ് മൂന്ന് പേര്‍ കൂടി കാറില്‍ പ്രവേശിച്ചു. കാറില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി സഹോദരനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് കേസ് പൊലീസിന് മുന്നില്‍ എത്തിയത്. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമാനമായ രീതിയില്‍ അമ്പതിലധികം സ്ത്രീകളെ പീഡിപ്പിച്ചെന്ന് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പ്രതികള്‍ സൃഷ്ടിച്ച വ്യാജപ്രൊഫൈല്‍ കെണിയില്‍ വീണവരില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളും, അധ്യാപികമാര്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍ വരെയാണ്. 

ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പല പെണ്‍കുട്ടികളേയും അവരുടെ കുടുംബങ്ങളേയും ബന്ധപ്പെട്ടെങ്കിലും ആരും തന്നെ പരാതി നല്‍കാന്‍ തയ്യാറായില്ല. പ്രതികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പിന്തുണയുള്ള പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.  അണ്ണാഡിഎംകെ എംഎല്‍എ എന്‍ ജയരാമന്‍,മന്ത്രി എസ്പി വേലുമണി എന്നിവരുടെ മക്കള്‍ക്ക് സംഘവുമായി ബന്ധമുണ്ടെന്ന ആരോണപവുമായി പ്രതിപക്ഷ കക്ഷിയായ ഡിഎംകെ രംഗത്ത് എത്തിയിട്ടുണ്ട്.

സംഭവത്തില്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിന്‍റെ പങ്ക് അന്വേഷിക്കണമെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലറങ്ങി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളുടെ ജുഡീഷ്യല്‍ കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പൊള്ളാച്ചി കോയമ്പത്തൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം തുടരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മേഖലയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വിവരങ്ങളും പൊലീസ് ഇപ്പോള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. 

ഒരു പെണ്‍കുട്ടിയുടെ മാത്രമാണ് പരാതിയുമായി വന്നത് എന്നതാണ് പൊലീസിനെ അലട്ടുന്ന വിഷയം. പ്രതികളുടെ കൈയിലുള്ള വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഇന്നും ഒരു പെണ്‍കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു.  ഇപ്പോള്‍ വിവാഹിതയായ ഈ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറല്ലെന്നാണ് സൂചന. പൊലീസിനെ സമീപിക്കാന്‍ ഭയമാണെങ്കില്‍ മജിസ്ട്രേറ്റിന് മുന്‍പെങ്കിലും മൊഴി നല്‍കാന്‍ തയ്യാറാവണം എന്നാണ് പൊലീസ് അധികൃതര്‍ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഇപ്പോള്‍ അഭ്യര്‍ത്ഥിക്കുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെ തമിഴ് നാട്ടിലെ സാമൂഹിക സാംസ്കാരിക രം​ഗത്തെ പ്രമുഖർ വിഷയത്തിൽ നവമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios