Asianet News MalayalamAsianet News Malayalam

ആർഎസ്എസ് പ്രവർത്തകനായ തൊഴിയൂർ സുനിലിന്‍റെ വധം: രണ്ട് പേർ കൂടി കസ്റ്റഡിയിൽ

ഉസ്മാൻ, യൂസഫ് അലി എന്നിവരാണ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. കേസിൽ സിപിഎം പ്രവർത്തകരായ മൂന്ന് പേർ ശിക്ഷിക്കപ്പെട്ടിരുന്നു. തുടർന്ന് പ്രതികളല്ലെന്ന് കണ്ട് വെറുതെ വിട്ടു.

rss worker thozhiyur sunil murder case two more taken in to custody
Author
Chavakkad, First Published Oct 16, 2019, 10:04 AM IST

ചാവക്കാട്: ആർഎസ്എസ് പ്രവർത്തകൻ തൊഴിയൂർ സുനിൽ വധക്കേസിൽ രണ്ട് പേരെക്കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരാണ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. നേരത്തേ കേസിലെ മുഖ്യപ്രതിയായ മൊയിനുദ്ദീൻ അറസ്റ്റിലായിരുന്നു. 

വിദേശത്തായിരുന്ന യൂസഫ് അലി നാട്ടിലെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റിലായത്. കേസിലാകെ എട്ട് പ്രതികളാണുള്ളത്. മുഖ്യപ്രതിയായ മൊയിനുദ്ദീനും മറ്റ് രണ്ട് പേരും അറസ്റ്റിലായതോടെ, ഇനി അഞ്ച് പേരെയാണ് ക്രൈംബ്രാഞ്ചിന് പിടികൂടാനുള്ളത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്. 

ഇന്ന് പിടിയിലായ രണ്ട് പേരും പെരുമ്പടപ്പിലാണുള്ളത്. രണ്ട് പേരെയും ഉച്ചയോടെ തൃശ്ശൂരിലേക്ക് കൊണ്ടുവരും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നോ നാളെയോ ആയി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. 

1994 ഡിസംബർ നാലിന് പുലർച്ചെ രണ്ട് മണിയോടെയാണ് തൊഴിയൂർ സുനിൽ എന്ന ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊല്ലുന്നത്. ലോക്കൽ പൊലീസ് കേസന്വേഷിച്ചപ്പോൾ, സിപിഎം പ്രവർത്തകരായ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിലാദ്യം ലോക്കൽ പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തു. ഇതിൽ നാല് പേരെ, 1997 മാർച്ചിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുതുവട്ടൂർ സ്വദേശികളായ വി ജി ബിജി, രായംമരയ്ക്കാർ വീട്ടിൽ റഫീഖ്, തൈക്കാട് ബാബുരാജ്, ഹരിദാസൻ എന്നിവർ ജയിലിലായി. എന്നാൽ 2012-ൽ ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്. 

കേസ് പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ച് 25 വർഷത്തിന് ശേഷം പ്രതികളെ കണ്ടെത്തി. തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഹിസാനിയയുടെ പ്രവർത്തകരാണ് പ്രതികൾ. രണ്ട് വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ഞായറാഴ്ച ചാവക്കാട് നിന്ന് തിരുവത്ര കറുപ്പം വീട്ടിൽ മൊയ്‍നു എന്ന മൊയ്‍നുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെയും ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ആ കേസ് ഞങ്ങളുടെ ജീവിതം തകർത്തു, കോടതി വെറുതെ വിട്ട സിപിഎം പ്രവർത്തകർ പറയുന്നു, വീഡിയോ:

Follow Us:
Download App:
  • android
  • ios