Asianet News MalayalamAsianet News Malayalam

പാലിൽ വെള്ളം ചേർത്ത് വിറ്റു; പാൽക്കാരന് സുപ്രീം കോടതിയുടെ കനത്ത ശിക്ഷ

പബ്ലിക് അനലിസ്റ്റ് നടത്തിയ 1995 നവംബർ മാസത്തിലെ പരിശോധനയിൽ രാജ്‌കുമാർ വിറ്റ പാലിൽ 4.6 ശതമാനം മിൽക് ഫാറ്റും, 7.7 ശതമാനം മിൽക് സോളിഡ് നോൺ ഫാറ്റുമായിരുന്നു. 8.5 ശതമാനമാണ് നോൺ ഫാറ്റ് വേണ്ടത്. ആരോഗ്യത്തിന് ദോഷകരമല്ലെങ്കിലും നിലവാരമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി

SC sends UP man to 6-month jail for diluting milk 24 years ago
Author
Supreme Court of India, First Published Oct 5, 2019, 10:42 AM IST

ദില്ലി: പാൽ നേർപ്പിച്ച് വിറ്റുവെന്ന കണ്ടെത്തലിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിയായ പാൽക്കാരന് സുപ്രീം കോടതി കനത്ത ശിക്ഷ വിധിച്ചു. ആറ് മാസത്തെ തടവാണ് ശിക്ഷ. 1995 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചിരിക്കുന്നത്.

പബ്ലിക് അനലിസ്റ്റ് നടത്തിയ 1995 നവംബർ മാസത്തിലെ പരിശോധനയിൽ രാജ്‌കുമാർ വിറ്റ പാലിൽ 4.6 ശതമാനം മിൽക് ഫാറ്റും, 7.7 ശതമാനം മിൽക് സോളിഡ് നോൺ ഫാറ്റുമായിരുന്നു. 8.5 ശതമാനമാണ് നോൺ ഫാറ്റ് വേണ്ടത്. എന്നാൽ ഈ വ്യത്യാസം വൈക്കോലിന്റെയും കാലിത്തീറ്റയുടെയും ഗുണമേന്മ കൊണ്ടുണ്ടാവുന്നതാണെന്ന് പാൽക്കാരനായ രാജ്‌കുമാർ വാദിച്ചു. 24 വർഷം മുൻപ് നടന്ന സംഭവത്തിൽ കോടതി ഉദാരമായ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. 

ജസ്റ്റിസുമാരായ ദീപക് ഗുപ്‌തയും അനിരുദ്ധ ബോസും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമം വഴി നിശ്ചയിക്കപ്പെട്ട നിലവാരം പാലിക്കപ്പെടാനുള്ളതാണെന്ന് കോടതി പറഞ്ഞു. പാൽ പ്രാഥമിക ഭക്ഷണ വിഭവമാണ്. അതിനാൽ തന്നെ നിലവാരമില്ലാതെ വിൽക്കപ്പെടുന്ന പാൽ മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം തെളിയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ആരോഗ്യത്തിന് ദോഷകരമല്ലെങ്കിൽ കൂടി നിലവാരമില്ലാതെ പാൽ വിൽക്കരുതെന്ന നിബന്ധന തെറ്റിക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തെ പരിഹസിക്കുന്നത് കണ്ട് നിൽക്കാനാവില്ലെന്ന് പറഞ്ഞ കോടതി ഭരണഘടനയിലെ 142ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം ഉപയോഗിച്ചാണ് പാൽക്കാരന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. പാൽക്കാരനോട് ഉടൻ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചു.
 

Follow Us:
Download App:
  • android
  • ios