Asianet News MalayalamAsianet News Malayalam

പൊലീസ് നായയെ പറ്റിക്കാൻ വീട്ടിലെ നായക്കൊപ്പം നിന്നു, ഒടുവിൽ പാളി; അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്!

അന്വേഷണത്തിൻറെ ഭാഗമായി പൊലീസ് നായ എത്തിയപ്പോൾ തന്ത്രപൂർവ്വം വീട്ടിലെ നായക്കൊപ്പം നിന്ന് തടിതപ്പിയെങ്കിലും കൗസല്യയുടെ മൂക്കിലെ മുറിവ് ഇൻക്വസ്റ്റിൽ ശ്രദ്ധയിൽ പെട്ട പൊലീസിന് നീണ്ട നഖമുള്ളയാളാണ് കൊലപ്പെടുത്തിയതെന്ന് മനസ്സിലായി. 

son arrested on charge of killing his mother for gold chain muvattupuzha kousalya murder case update
Author
First Published May 7, 2024, 7:36 PM IST

കൊച്ചി: മൂവാറ്റുപുഴ ആയവനയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുരുക്കായത് അമ്മയുടെ മൂക്കിൽ ഉണ്ടായ മുറിവെന്ന് പൊലീസ്. ആയവന വടക്കേക്കര വീട്ടിൽ കൗസല്യയാണ് കഴിഞ്ഞ ഞായാറാഴ്ച  കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തയ മകൻ ജിജോയെ പൊലീസ് അറസ്റ്റസ്റ്റ് ചെയ്തിരുന്നു.  അന്വേഷണം വഴിതെറ്റിക്കാൻ പ്രതി നടത്തിയ ശ്രമങ്ങളെല്ലാം പൊളിച്ചത് കൗസല്യയുടെ മൂക്കിനു പുറത്ത് ഉണ്ടായ മുറിവാണെന്ന് പൊലീസ് പറഞ്ഞു. കൗസല്യയുടെ മൂന്നു പവൻ തൂക്കം വരുന്ന മാല തട്ടിയെടുക്കുന്നനൊപ്പം അമ്മയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന 50,000 രൂപയും കൈക്കലാക്കാനാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

അമ്മയെ കൊലപ്പെടുത്താൻ മകൻ ജിജോ കരുതിക്കൂട്ടി എത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടർ കഴുത്തിൽ പാടുകളും, കണ്ണിൽ രക്തം കട്ട പിടിച്ചതും കണ്ടതോടെ കൊലപാതകമാണെന്ന് സംശയം ഉന്നയിച്ചു. കൗസല്യ ധരിച്ചിരുന്ന സ്വർണമാല കാണാതായതായും പൊലീസിന് സംശയം ബലപ്പെടുത്തി. തുടർന്ന് മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു. 

കൗസല്യയുടെ മൂക്കിനു പുറത്ത് ഉണ്ടായ മുറിവാണ് അന്വേഷണത്തിൽ  വഴിത്തിരിവായത്. സംഭവ ദിവസം രാവിലെ ജിജോ വീട്ടിലെത്തി അമ്മയോട് മാല ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ തിരികെപ്പോയി. ഉച്ചകഴിഞ്ഞ അഞ്ചു മണിയോടെ അമ്മയെ കൊന്ന് മാല കൈക്കലാക്കാനുള്ള തയ്യാറെടുപ്പുമായി ജിജോയെത്തി. വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ ബൈക്ക് ഒളിപ്പിച്ചു വച്ച ശേഷം വീട്ടിലെത്തി. അരയിൽ മകളുടെ ഷാളും ഒളിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ജിജോ ഷാളുപയോഗിച്ച് അമ്മയെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൂവാറ്റുപഴ ഡിവൈഎസ്പി എ ജെ തോമസ് പറഞ്ഞു. 

കൊലപാതകത്തിന് ശേഷം ജിജോ തുടർന്ന് സഹോദരനെ സിജോ അന്വേഷിച്ചെത്തി. കുറേ നേരം  സംസാരിച്ച ശേഷം ഒന്നുമറിയാത്ത പോലെ സഹോദരനൊപ്പം തിരികെ വീട്ടിലെത്തി. അപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്‌ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ്  സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. 

സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ജിജോ ശ്രമം നടത്തിയെങ്കിലും പാളിപ്പോയി.  അന്വേഷണത്തിൻറെ ഭാഗമായി പൊലീസ് നായ എത്തിയപ്പോൾ തന്ത്രപൂർവ്വം വീട്ടിലെ നായക്കൊപ്പം നിന്ന് തടിതപ്പിയെങ്കിലും കൗസല്യയുടെ മൂക്കിലെ മുറിവ് ഇൻക്വസ്റ്റിൽ ശ്രദ്ധയിൽ പെട്ട പൊലീസിന് നീണ്ട നഖമുള്ളയാളാണ് കൊലപ്പെടുത്തിയതെന്ന് മനസ്സിലായി. പരിശോധനയിൽ ജിജോയുടെ കൈകളിലെ നീണ്ട നഖമാണ് മുക്കിൽ കൊണ്ട് മുറിഞ്ഞതെന്ന് സ്ഥിരീകിരിച്ചു. തെളിവെടുപ്പിനിടെ കൊലയ്ക്കുപയോഗിച്ച മകളുടെ ഷാളും കൗസല്യയുടെ നഷ്ടപ്പെട്ട മാലയും കണ്ടെത്തി. അമ്മയെ ഇല്ലാതാക്കി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണവും കൈക്കലാക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

വീഡിയോ സ്റ്റോറി കാണാം

Read More : വീടുപൂട്ടി യാത്രപോകാൻ പേടിയാണോ ? പൊല്ലാപ്പാകാതിരിക്കാൻ 'പോല്‍-ആപ്പിൽ' അറിയിക്കൂ, 14 ദിവസം വരെ പൊലീസ് കാവൽ
 

Latest Videos
Follow Us:
Download App:
  • android
  • ios