by ശാരോണ്‍ റാണി | 07:00 AM September 01, 2016

സെയിന്റ് വനജ

സെയിന്റ് വനജപാല്‍ക്കാരി വനജ അന്തരിച്ചു. 

അല്ല ചത്തു. 

വാര്‍ത്ത ആരെയും ഞെട്ടിച്ചില്ല പക്ഷെ തരിപ്പിച്ചു; കോരി. 

ലോകം ഒരു പോലെ കുളിരില്‍ പിടഞ്ഞു നിവര്‍ന്നു. കാരണം വനജ അതായിരുന്നു; തിടമ്പ്. 

ഡോള്‍ഫിനുകള്‍ പൊങ്ങിച്ചാടുന്ന കടല്‍ക്കരപ്പുലര്‍ക്കാലത്തിന്റെ കണി. 

ആരുടെയും കണ്ണിലുണ്ണിയായിരുന്നില്ലെങ്കിലും എല്ലാവരുടെയും ഉള്ളില്‍ക്കള്ളിയായിരുന്നു. 

അവളിറങ്ങിനടക്കുമ്പോള്‍ വെയില്‍ ഒരു സ്വര്‍ണ്ണ വിഷത്തെ അവളുടെ ഉടലിലിട്ടു തിളപ്പിച്ചു. 

അവളുടെ മരണ വാര്‍ത്ത ഒരു പുളകമായി കൊച്ചി ബീച്ചില്‍ കിടന്നു പുളഞ്ഞു. കേട്ടവര്‍ രോമാഞ്ചം മൂത്ത് പറഞ്ഞു, 'ഇതാത്മഹത്യയല്ല . കൊലപാതകമാണ്.'

Card

 
ആരാണ് വനജയെ കൊന്നത്? ' തീര്‍ച്ചയായും ആ കുത്തക പാല്‍ക്കമ്പനിക്കാരാണ്'. ലോകത്തിലേറ്റവും വെളുത്തതും, കൊഴുത്തതുമായ പാല്‍ വിറ്റത് വനജ മാത്രമാണ് . അവര്‍ക്ക് വനജ ഒരു വെല്ലുവിളിയായിരുന്നു.
  
അവളുടെ പശുക്കള്‍ ഭൂമിയില്‍ പിറന്നവരല്ല. സ്വര്‍ഗ്ഗത്തില്‍ നിന്നും സാത്താന്റെ കൂട്ടാളികള്‍ കട്ടുകൊണ്ടു കൊടുത്തതാണ്. കാരണം അവള്‍ അവര്‍ക്ക് വേണ്ടി പിണ്ണാക്ക് വാങ്ങുന്നത് അവര്‍ കണ്ടിട്ടില്ല. 

വനജ ഒരു മന്ത്രവാദിനിയാണ്. മാത്രമല്ല അവള്‍ക്കു ചില കൊടുപ്പുകളുമുണ്ട് . ആര്‍ക്കാണെന്നും എങ്ങനെയാണെന്നും അറിയില്ല. രാത്രികളില്‍ അവളുറങ്ങാറില്ല. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തൊരു ശബ്ദത്തില്‍ അവളുടെ വീട്ടില്‍ നിന്നും ബോണിയെം ഉയരും .പട്ടികള്‍ മാത്രമാണ് ആ പാട്ട് കേട്ടിട്ടുള്ളത്. അനാഥരും അക്രമാസക്തരുമായ പട്ടികള്‍ അവളുടെ വീടരികെയാണ് പാര്‍ത്തത്. പാട്ടിനൊപ്പം അവര്‍ ഓരിയിട്ട് ഓസോണ്‍ തുളച്ചു. വനജ മുടിയഴിച്ചിട്ട് 'ബഹാമമാമ..' കളിച്ചു.

ഇതൊക്കെ മനുഷ്യര്‍ ഒളിച്ചും പാത്തുമിരുന്നു കണ്ടുപിടിച്ചതാണ്. 

കാരണം വനജ താമസിക്കുന്നത് ഒറ്റയ്‌ക്കൊരു വീട്ടിലാണ്. പൊളിഞ്ഞു പോയ വീടിന്റെ മതിലുകള്‍ അവള്‍ ഒരിക്കലും കല്‍പ്പണിക്കാരെ വിളിച്ചു പണിതുയര്‍ത്തിയില്ല . മതിലുകളില്ലാത്ത ഇരുനില വീട്ടില്‍ , ഒരിയ്ക്കലും അടയ്ക്കാത്ത മുകള്‍ ജനാലകളുള്ള വീട്ടില്‍, എരുത്തിലില്‍ എട്ടു പശുക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്നവള്‍. 

പശുക്കളെ നോക്കാനെങ്കിലും..പോട്ടെ പാല്‍ വില്‍ക്കാനെങ്കിലും, പശുത്തൊഴുത്തു കഴുകാനെങ്കിലും അവള്‍ക്കു ആരെയെങ്കിലും വിളിക്കാമായിരുന്നില്ലേ ?... 

 

Card

 

വനജ എങ്ങുനിന്നു വന്നവളാണെന്നു ആര്‍ക്കുമറിയില്ല. ഒരു ദിവസം ഫോര്‍ട്ട് കൊച്ചിയില്‍ കടലിലേക്ക് തുറക്കുന്ന ജനലുകളുള്ള ഒരു വീട് വാങ്ങിച്ച്, വെളുത്തു കൊഴുത്തൊരു പെണ്ണ് ലോറി നിറയെ പശുക്കളുമായി വന്നു. ആദ്യമാദ്യം ടൂറിസ്റ്റു ഗൈഡുകളും, ഹോം സ്റ്റേക്കാരും അവള്‍ക്കു വെല്‍ക്കം പറഞ്ഞു. പേരുമാത്രമേ അവള്‍ക്കുള്ളൂ എന്ന് അവര്‍ക്ക് തോന്നി. ഊരില്ല. നാട് ചോദിക്കുമ്പോള്‍ പല ഭാഷകളില്‍ അവള്‍ പലതും പറഞ്ഞു. ആരും അവളെ വിശ്വസിച്ചില്ല. പക്ഷെ ചിലര്‍ ആശ്വസിച്ചു. അവള്‍ നടന്നു പോകുന്നത് കണ്ട്, അവള്‍ കാറോടിച്ചു പാല്‍വില്‍ക്കുന്നത് നോക്കി നിന്ന്, പശുക്കളെ മേച്ചു കളിച്ചു ചിരിച്ചു നടക്കുന്നത് കണ്ട്, പുല്ലു പറിക്കുന്നത് കണ്ട്, ബോട്ടില്‍ കയറുമ്പോള്‍ അറിഞ്ഞും അറിയാതെയും അവളുടെ ഉടലില്‍ തട്ടിയ കൈകള്‍ ആബാലവൃദ്ധര്‍ സൂക്ഷിച്ചു. അവര്‍ കുളിച്ചില്ല. ഊണ് കഴിച്ചില്ല. ആ സ്പര്‍ശം പൊന്നു പോലെ, ഒരു കോടിയുടെ ഫ്‌ലാറ്റ് പോലെ, അഞ്ചുവയസ്സുകാരന്റെ കയ്യില്‍ ആദ്യമായി പറന്നുവന്നിരുന്ന മിന്നാമിനുങ്ങിന്റെ ഓര്‍മ്മ പോലെ ഭാവനത്താളുകളില്‍ വെച്ചു .

പക്ഷെ എന്തിനാണ് ആ കുത്തക പാല്‍ കമ്പനിക്കാര്‍ വനജയെ കൊന്നത് ? 

എങ്ങനെയാണ് കൊന്നത് ? കൊല്ലും മുന്‍പ് ബലാല്‍സംഗം ചെയ്തിട്ടുണ്ടാകുമോ? സിബിഐയെ കൊണ്ടന്വേഷിപ്പിക്കണൊ?  ചായക്കടകളിലും, ബാറുകളിലും , കോഫീ ഷോപ്പുകളിലും, ആര്‍ട്ട് ഗ്യാലറികളിലും, സിനിമാ ഷൂട്ടിങ്ങ് സെറ്റുകളിലും, സാന്റോ ഗോപാലന്‍ ലൈബറിയിലും ചര്‍ച്ചകള്‍ പിരിമുറുകി. ഫോര്‍ട്ട് കൊച്ചി, എറണാകുളം, വൈപ്പിന്‍, വെല്ലിംഗ്ടന്‍ ഐലന്‍ഡ് -എല്ലാ ബോട്ടുകളുടെയും എല്ലാ സൈഡ് ജനാലകള്‍ക്കും താഴെ ജലത്തില്‍ വനജയുടെ ഉടല്‍ ഒഴുകി നടന്നു. 

ജലത്തില്‍ അവള്‍ മാത്രം. 

അവള്‍ വനജയല്ല .

ജലജയാണ്. 

ഓളങ്ങളിലൂടെ ഒഴുകി പോകുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് അവളുടെ ബ്രായുടെ ഛായയാണ്. അവള്‍ അലക്കി വിരിയ്ക്കുന്ന പല നിറത്തിലുള്ള ബ്രാകള്‍ മനുഷ്യര്‍ കണ്ടിട്ടുണ്ട്. കൊട്ടതേങ്ങകള്‍ അവളുടെ മുലകളാണോ ,ചന്തിയാണോ? പക്ഷെ കടല്‍ അവളുടെ ഇളകുന്ന പാവാടയാണ്. അത് അഴിഞ്ഞ് ഒഴുകിപ്പോകുകയാണ്. അപ്പോള്‍ തൊട്ടടുത്ത് അവളുടെ നഗ്‌നമായ ഉടലും ഒഴുകുന്നുണ്ടാകും. 

എവിടെ .. ?എവിടെ.. ? സൈഡ് സീറ്റിനു വേണ്ടി മനുഷ്യര്‍ ബോട്ടടുപ്പിക്കും മുന്‍പേ ആദ്യമാദ്യമെന്ന് തിരക്കിട്ട്  ബോട്ടില്‍ കയറി. 

എല്ലാ കണ്ണുകള്‍ക്ക് വേണ്ടിയും അവള്‍ പലതായി പിളര്‍ന്നൊഴുകി. ജങ്കാറുകള്‍ അവള്‍ക്കു മീതെ ഓടിയോയെന്ന് ... ഉടലിനു കേടു വന്നോയെന്ന്... അവര്‍ പ്രയാസപ്പെട്ടു.

പക്ഷെ വനജ മരിച്ചത് മുങ്ങിയല്ലല്ലൊ . മദര്‍തെരെസാ ജങ്ഷനിലെ കുരിശേല്‍ക്കയറിയല്ലേ ?  

മദര്‍ തെരേസയുടെ ചില്ല് കൂടാരത്തിന് മുന്‍പില്‍ കാര്‍ പാര്‍ക്ക് ചെയ്ത് , നാല് മെഴുകുതിരികള്‍ കുരിശടിയില്‍ കത്തിച്ചു വെച്ച് ... 

വനജ ഒരു മന്ത്രവാദിനിയാണ്. മാത്രമല്ല അവള്‍ക്കു ചില കൊടുപ്പുകളുമുണ്ട് . ആര്‍ക്കാണെന്നും എങ്ങനെയാണെന്നും അറിയില്ല. രാത്രികളില്‍ അവളുറങ്ങാറില്ല. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തൊരു ശബ്ദത്തില്‍ അവളുടെ വീട്ടില്‍ നിന്നും ബോണിയെം ഉയരും .

സംഭവം നടന്നത് രാത്രിയിലായിരുന്നു . ഓഹോ ! അപ്പോള്‍ അവളുടെ വീട്ടില്‍ ഏണിയുണ്ടായിരുന്നു. അതാണ് അവള്‍ മുകള്‍ നിലയിലെ അഴികളില്ലാത്ത ജനല്‍ അടയ്ക്കാതിരുന്നത്. ഏണി ചാരി വെച്ചാണ് അവള്‍ കുരിശുമ്മേല്‍ കയറിയത്. ഇരുപതു പടിയുള്ള ഏണിയുടെ പതിനാലാമത്തെ പടിയില്‍ കയറി നിന്ന്, ആദ്യമവള്‍ കാലുകള്‍ ചേര്‍ത്ത് പിടിച്ചു. വനജ കാലുകള്‍ ചേര്‍ത്ത് പിടിക്കുന്നതിനെ കുറിച്ചു മനുഷ്യര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. ആദ്യത്തെ ആണി ഇരുകാല്‍പ്പാദങ്ങളിലൂടെയും ചുറ്റിക വെച്ച് അടിച്ചിറക്കി .രണ്ടാമത്തെ ആണി വലതു കൈകൊണ്ടു ഇടതു കയ്യില്‍ അടിച്ച. മൂന്നാമത്തെ ആണി നെഞ്ചില്‍. എന്നിട്ടവള്‍ ചുറ്റിക നിലത്തിട്ടു. വനജയുടെ ചുറ്റികയുടെ പിടിയ്ക്ക് ചുവന്ന നിറമായിരുന്നു. ഹോ! എന്തൊരു ഭംഗിയായിരുന്നു ആ ചുറ്റികയ്ക്കു. നാലാമത്തെ ആണി വലതു കയ്യില്‍ വലതു വിരലുകള്‍ കൊണ്ട് തന്നെ ഒറ്റയ്ക്ക് കുത്തിയിറക്കി. അവള്‍ വേദനിച്ചു പുളഞ്ഞിട്ടുണ്ടാകണം. അതാണ് പുളകം. അതൊക്കെയാണ് പുളകം. പലരും ആ മൂന്നാമത്തെ ആണിയാകാന്‍ കൊതിച്ചു. അവള്‍ അവസാനമായി എന്താണ്  ആശിച്ചിട്ടുണ്ടാകുക?. 'ദൈവമേ, എന്റെ പാല്‍പ്പാത്രങ്ങള്‍ തിരിച്ചെടുക്കല്ലേ എന്നാവണേ'. അവരും ആശിച്ചു. അവളുടെ പാല്‍ക്കുടങ്ങള്‍ എന്താണ് പ്രാര്‍ത്ഥിച്ചുണ്ടാകുക ? ' ദൈവമേ എന്നോടു മാത്രം പൊറുക്കല്ലേ. ആശ തീരാതെ മരിച്ച നരകത്തിലെ ആത്മാക്കള്‍ക്ക് കൈപ്പന്തു കളിക്കാന്‍ ഇട്ടുകൊടുക്കണേ എന്നാവണേ'-അവര്‍  പ്രാര്‍ത്ഥിച്ചു .

മില്‍മാ വണ്ടിയാണ് ആദ്യമായി അവളുടെ ശവം കണ്ടത്. കശ്മലന്മാര്‍. മനുഷ്യര്‍ കണ്ടത് കുരിശില്‍ ചത്ത് തൂങ്ങിക്കിടക്കുന്ന വനജയെയാണ്.  അവര്‍ തടിച്ചു കൂടി. കുമിഞ്ഞു കൂടി. പുഴുക്കളെ പോലെ ശവത്തിനു ചുറ്റുമരിച്ചു. അത് വരെ അവളെ നേരിട്ടൊന്നു നോക്കാന്‍ ധൈര്യമില്ലാതിരുന്ന നല്ലവര്‍ അപ് ആന്‍ഡ് ഡൗണ്‍ ചാര്‍ജ്ജ് കൊടുത്ത്  ഓട്ടോ പിടിച്ച് വന്നിറങ്ങി.ശവമെങ്കിലും കണ്ടൊന്നു കണ്ണ് നിറയ്ക്കാന്‍. മരിയ്ക്കാനിറങ്ങും മുന്‍പ് എരുത്തില്‍ നിന്നും തുറന്നു വിട്ട വനജയുടെ പശുക്കള്‍ കവലകളില്‍ ട്രാഫിക്ക്  ബ്‌ളോക്കുണ്ടാക്കി. ആണുങ്ങള്‍ ആ പശുക്കളെകെട്ടിപ്പിടിച്ചു, പെണ്ണുങ്ങള്‍ അസൂയമൂത്ത് അതുങ്ങളെ മടലിനടിച്ചു.വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ട നായ്ക്കുട്ടികള്‍ അവരുടെ അകിട് നിറഞ്ഞു ചുരന്നു നിലത്തു വീണ പാല്‍ നായ്ക്കളെ പോലെ തന്നെ നക്കിക്കുടിച്ചു. കുരിശേല്‍ കിടന്നു വനജയുടെ വിരലുകള്‍ ആ ദിവസവും പുല്ലരിഞ്ഞു. അന്‍പതിനായിരത്തിയറുനൂറ്റിമുപ്പത്തിയെട്ട് പുല്‍നാമ്പുകള്‍. 

വനജയുടെ വെയിസ്റ്റ്  കെട്ടുകള്‍ ഒരു അന്താരാഷ്ട്ര കുത്തക ചന്ത പോലെയിരുന്നു. നിക്കാരാഗുവയില്‍ നിന്നും വന്ന പാദ്രൊണ്‍ സീരി സിഗാറുകള്‍ അവരെ ഞെട്ടിച്ചു. കോണ്ടം പരതിയെങ്കിലും കിട്ടിയില്ല

വനജ സുന്ദരിയാണ്

അവളുടെ കണ്‍പോളകള്‍ സാമാന്യത്തിലധികം വീര്‍ത്തിരുന്നു. നോവുകളുടെ എണ്ണം കണ്ണുകള്‍ക്കടിയില്‍ കണ്മഷി തന്നെ എഴുതി വെച്ചു. കഞ്ഞിയും കറിയും വെച്ച് കളിച്ചു കൊണ്ടിരിക്കെ തലയില്‍ തേങ്ങ വീണു അകാലമൃത്യുവടഞ്ഞ നാലുവയസ്സുകാരിയുടെ പ്രേതത്തെപ്പോലെ നിഷ്‌ക്കളങ്കവും, ആകാംക്ഷാഭരിതവുമായിരുന്നു അവളുടെ മുഖം. കളിതീരും മുന്‍പേ മരിച്ച കുട്ടി എന്നൊരോര്‍മ്മ അവള്‍ക്കുമുണ്ടായിരുന്നു .പ്രത്യേകിച്ചും കടല്‍്ക്കരയിലുള്ള, അഞ്ചു മണിയ്ക്ക് ഗെയിറ്റ് അടയ്ക്കുന്ന ഡച്ച് സെമിത്തെരിയ്ക്ക് മുന്‍പില്‍ രാത്രിയില്‍ പോയി നോക്കി നില്‍ക്കുമ്പോള്‍. അങ്ങനെ നോക്കി നിന്നതിന്റെ പിറ്റേ പകലാണ് വനജ കഴുത്തില്‍ ഒരു കടിപ്പാടു ശ്രദ്ധിച്ചത്. ഡ്രാക്കുള ഡച്ചുകാരനായിരുന്നോ? 

സംശയം തീര്‍ക്കാന്‍ സമയമില്ലാത്ത പോലെ ആ കടിപ്പാടു പഴുത്തു വീര്‍ത്തു. അടുത്തുള്ള ആശുപത്രിയില്‍ പോയി ഒപെറെഷന്‍ ചെയ്‌തെടുത്തത് കാത്സ്യത്തിന്റെ ഒരു തുണ്ടാണ്. 'ഹെന്റെ പുണ്യാളത്തീ പല്ലുകള്‍'. നഴ്‌സ് ശീജ ഞെട്ടിവിറച്ചു പനിച്ചു മൂന്നു ദിവസം ലീവും, അതെ ബെഡ്ഡില്‍ രണ്ടു ദിവസം അഡ്മിറ്റും കിടന്നു. മുറിവ് പൊരുത്ത വനജ വീണ്ടും പുല്ലരിയാന്‍ പോയി.

രാത്രി മുഴുവന്‍ നൃത്തം ചെയ്തത് , ബ്രഹ്മ മുഹൂര്‍ത്തത്തില്‍ പാലുകറന്നു , പാലു വിറ്റ്  പത്ത് മണിയോടുത്താണ് അവള്‍ ഉറങ്ങുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ആ നേരത്താണ് അവര്‍ അവളുടെ അയ്യത്തും മുറ്റത്തും കയറി ചികയുന്നത്. വെയിസ്റ്റ് എടുക്കാന്‍ വരുന്ന വണ്ടിയ്ക്കു കൊണ്ട് പോകാന്‍ പുറത്തെടുത്തു കറുത്ത കവറില്‍ കട്ടി വെച്ചിരിയ്ക്കുന്ന ഭാണ്ഡങ്ങളില്‍ സിഗരറ്റ് കൂടുകളും, കുറ്റികളും, സാനിട്ടറി നാപ്കിനുകളും, മദ്യ കുപ്പികളും, റോളിംഗ് പേപ്പറുകളും അവര്‍ കണ്ടെടുത്തു. സിഗരെ്റ്റ് ഡണ്‍ഹില്‍ സ്‌ട്രോങ്ങ് കിംഗ് സൈസും,  ബിയര്‍ സാപ്പോരോസ് സ്‌പെയിസ് ബാര്‍ലിയും, തൂത്താന്‍ ഖാമോന്‍ ആലെയും, ചിലപ്പോള്‍ കിങ്ങ്‌ഷെറും, വോഡ്ക സ്വരോവേസ്‌ക്കി അലിസേയും, വിസ്‌ക്കി മക്കാല്ലനും, ഗ്ലെന്വീളിഷും , സാനിട്ടറി നാപ്കിന്‍ വിനലൈറ്റ് അനയോണും, വിസ്‌പെറും. 

 

Card

 

വനജയുടെ വെയിസ്റ്റ്  കെട്ടുകള്‍ ഒരു അന്താരാഷ്ട്ര കുത്തക ചന്ത പോലെയിരുന്നു. നിക്കാരാഗുവയില്‍ നിന്നും വന്ന പാദ്രൊണ്‍ സീരി സിഗാറുകള്‍ അവരെ ഞെട്ടിച്ചു. കോണ്ടം പരതിയെങ്കിലും കിട്ടിയില്ല.അവളുടെ ടോയ്‌ലറ്റില ബ്ലോക്ക് ഉണ്ടാകുന്നുണ്ടോ എന്നറിയാന്‍ പ്ലമ്പര്‍ ബൈജുവിനെ അവര്‍ തയ്യാറാക്കി നിര്‍ത്തി. എന്നാലും ഇതൊക്കെ ഇവള്‍ക്ക് എവിടെ നിന്ന് കിട്ടുന്നു.? ആരുമറിയാതെ ഇവള്‍ രാത്രികളില്‍ കപ്പലുകളിലെയ്ക്ക് തുഴഞ്ഞോ നീന്തിയോ പോകാറുണ്ടോ? കപ്പലുകള്‍ അവളുടെ വീട്ടു പടിക്കല്‍ പാര്‍ക്ക് ചെയ്ത ശേഷമാണോ അഴിമുഖത്ത് നങ്കൂരമിടാന്‍ വരുന്നത്. ? 

കപ്പല്‍ ചരക്കുകളുടെ കന്യകാത്വം പൊട്ടിയ്ക്കുന്ന വനജ ഒരു കടല്‍ കൊള്ളക്കാരിയും കൂടിയാണ്. 

വൈകുന്നേരം നാല് മണിക്ക് അവളുണരും. എന്നിട്ട് ഒരു പ്ലാസ്റ്റിക്ക് കൊട്ടയുമായി പുല്ലു പറിക്കാന്‍ പോകും. ഹാഫ് പാന്റും ടീ ഷര്‍ട്ടുമിട്ട് അവള്‍ പുല്ലരിഞ്ഞു. പുല്ലരിയും മുന്‍പ് പുല്ലുകളെ തൊട്ടു തഴുകി എന്തോ പ്രാര്‍ത്ഥന ചെല്ലുന്നത് അവര്‍ കണ്ടിട്ടുണ്ട്. ഓരോ പിടി പുല്ലു ചെത്തുമ്പോഴും അവളുടെ ചുണ്ടുകള്‍ ചലിക്കുന്നുണ്ടാകും. അവളുടെ പിച്ചാത്തിക്ക് ചുവന്ന പിടിയാണ്. പുല്ലു ചെത്താന്‍ ചില പുരുഷന്മാരും ഉണ്ടായിരുന്നു. അവര്‍ക്കൊരിക്കലും ശ്രദ്ധയോടെ ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ വിരലുകള്‍ ആ പിച്ചാത്തിപിടിയില്‍ മുറുകുന്നതും അയയുന്നതും നോക്കി അവര്‍ സമയം കളഞ്ഞു. അവരുടെ ഭാര്യമാരുടെയും കാമുകിമാരുടെയും ചിന്തകള്‍  പൊട്ടിത്തെറിച്ചു. അവളുടെ ചുണ്ടുകള്‍ ചലിച്ചുകൊണ്ടേയിരുന്നു. 'അതിസുന്ദരമായ അതിസുന്ദരമായ അതിസുന്ദരമായ പാവകള്‍' എന്നാണോ, 'അതിസുന്ദരമായ അതിസുന്ദരമായ അതിസുന്ദരമായ പറവകള്‍' എന്നാണോ, 'അതിസുന്ദരമായ അതിസുന്ദരമായ അതിസുന്ദരമായ പതിവുകള്‍' എന്നാണോ, 'അതിസുന്ദരമായ അതിസുന്ദരമായ അതിസുന്ദരമായ പകലുകള്‍' എന്നാണോ അവള്‍ പറയുന്നത് എന്നതിനെ കുറിച്ച് അവര്‍ തര്‍ക്കിച്ചു. 

അല്‍പ്പം കവിഹൃദയമുള്ള ഓട്ടോറിക്ഷാക്കാരന്‍ അഫ്‌സല്‍ പറഞ്ഞു, അവള്‍ കപ്പല്‍ച്ചാലിലൂടെ തിരകള്‍ക്കു കുറുകെ നീന്തുന്ന കൊതുമ്പുവള്ളമാണ്. കേട്ട് നിന്നവര്‍ അവള്‍ നീന്തി പോകുന്നതു ഒരു സിനിമ പോലെ സങ്കല്‍പ്പിച്ചു. അതെ അവള്‍ ഒരു നീന്തല്‍ താരമാണ്. താരകമാണ്. കടലില്‍ വിരിഞ്ഞു നില്ക്കുന്ന താമരയാണ്. ആ താമര നില്‍ക്കുന്നിടം ഒരു ചുഴിയാണ്. അത് അവളുടെ പൊക്കിള്‍ ചുഴിയാണ്. ചിലര്‍ക്കവള്‍ ഒരു സുനാമിയായിരുന്നു. അവരുടെ വീടും കുളിമുറിയും മുക്കിത്തുടയ്ക്കുന്ന ആകാശത്തിര .

 

Card

 

പലരുടെയും സ്വപ്നങ്ങളില്‍ അവള്‍ വന്നിട്ടുണ്ട്. കടല്‍ക്കരയില്‍ ബിക്കിനിയില്‍ വനജ വെയിലുകായാന്‍ കിടക്കുന്നതാണ് 'കുലുക്കി സര്‍ബത്തു'കാരന്‍ ഫെലിക്‌സ് കണ്ടത്. ആ സ്വപ്നമോര്‍ത്തു അവന്‍ സര്‍ബത്ത് കുലുക്കി. അവയ്ക്ക് അതി രുചിയായിരുന്നു. അയാളുടെ കച്ചവടം പുരോഗമിച്ചു. ഫെലിക്‌സിന്റെ 'കുലുക്കി'യുടെ രഹസ്യം ഫെലിക്‌സിന് മാത്രമേ അറിയുമായിരുന്നുള്ളൂ.

ഓട്ടോക്കാരന്‍ സുല്‍ഫിക്കറിന്റെ സ്വപ്നം ഇങ്ങനെയായിരുന്നു. 

ഒരു ദിവസം വനജ വന്ന് അയാളുടെ ഓട്ടോ പിടിക്കുന്നു. ഊഴത്തില്‍ മൂന്നമാതായിരുന്നു സുല്‍ഫിക്കറിന്റെ ഓട്ടോ. ആ ഓട്ടോയില്‍ തന്നെ പോകണമെന്ന് അവള്‍ മറ്റു ഓട്ടോക്കാരോട് വാശി പിടിച്ചു. എന്നിട്ട് ഓട്ടോയുടെ ഒത്ത നടുക്ക് കയറിയിരുന്ന് അവള്‍ അയാളോട് ' പ്ലീസ് ഗോ ' എന്ന് പറഞ്ഞു. എങ്ങോട്ടെന്നില്ലാതെ അയാള്‍ ഓട്ടോ ഓടിച്ചു. കാല്‍പ്പാദങ്ങളോളം നീളമുള്ള ഒരു ഗൗണാണ് അവള്‍ ധരിച്ചിരുന്നത്. അതിന്റെ നിറം ചൊരച്ചുവപ്പാണ് . അതിലേറെ ചുവന്ന  ലിപ്സ്റ്റിക്കാണ് അവള്‍ ചുണ്ടുകളില്‍ പുരട്ടിയിരുന്നത്. സൈഡ് മിററിലൂടെ സുല്‍ഫിക്കര്‍ അവളെ നോക്കി. തന്റെ ചെവിയ്ക്കു പിന്നില്‍ അവള്‍ മുഖമമര്‍ത്തിയിരിക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അവള്‍ അയാളെ നോക്കി ചുണ്ട് കടിച്ചു. അയാള്‍ തരിച്ചുവിറച്ചു ഓട്ടോ ഓടിച്ചു. തോപ്പുംപടിപ്പാലത്തിനരികെ വിജനമായൊരു വഴിയില്‍ അവള്‍ ഓട്ടോ നിര്‍ത്താനാവശ്യപ്പെട്ടു. കല്‍പ്പനയനുസരിയ്ക്കുന്ന ഒരു അടിമയായി അയാള്‍ ബ്രെയിക്കിട്ടു. അവള്‍ ഓട്ടോയില്‍ നിന്നിറങ്ങി അയാളുടെ കൈപിടിച്ചു ഒരു കുറ്റിക്കാട്ടിലെയ്ക്ക് കൊണ്ട് പോയി. ഒരു പട്ടി കൃത്ത്യ സമയത്ത് ഭക്ഷണം കൊടുക്കുന്ന സ്വന്തം യജമാനത്തിയെയെന്ന പോലെ അയാള്‍ അവളെ അനുഗമിച്ചു. ചീവീടുകള്‍  മാത്രം ചിലയ്ക്കുന്ന ആ കാട്ടില്‍ അവള്‍ മറിച്ചും തിരിച്ചും ഭോഗിച്ചു. ഒടുക്കം അവള്‍ ഉച്ചത്തില്‍ ഒന്ന് കൂകി വിളിച്ചു . 'രാത്രി അവക്കടെ വീട്ടി ഈപ്രദേശത്തൊള്ള പട്ടികളൊക്കെ ഓരിയിടുന്ന കൂട്ടത്തി അവക്കടെ ഓരി നിങ്ങ കേട്ടിട്ടൊണ്ടാ ?' സുള്‍ഫിക്കര്‍ കൂട്ടുകാരോട് ചോദിച്ചു.

 

Card

 

ചായക്കടക്കാരന്‍ ചാക്കോയുടെ സ്വപ്നത്തില്‍ അവളെത്തിയത് ഒരു ഞായറാഴ്ചയായിരുന്നു. 

ഭാര്യയും പിള്ളാരും പള്ളിയില്‍ പോയ നേരം ചാക്കോ വാതിലില്‍ ഒരു മുട്ടു കേട്ടു. മുട്ടിയ പാടെ വാതില്‍ തുറക്കപ്പെട്ടു. വനജ...! അവള്‍ കയ്യില്‍ പാല്‍ക്കുടവുമേന്തി നില്‍ക്കുന്നു. നീലയില്‍ റോസ് പൂക്കളുള്ള കൈലിയും, കറുത്ത ബ്ലൗസുമാണ് അവള്‍ ധരിച്ചിരിക്കുന്നത്. ഒരു പൂച്ചയെ പോലെ അയാള്‍ പതുങ്ങിപ്പോയി. പാല്‍ക്കുടം പിന്നിലേയ്ക്ക് വലിച്ചെറിഞ്ഞ് അവള്‍ അകത്തേയ്ക്ക് അടിവെച്ചു. പൊട്ടിച്ചിതറിയ പാല്‍ക്കുടത്തില്‍ നിന്നും തെറിച്ചത് പക്ഷെ അന്തിക്കള്ളാണ്. അതിലൊരു തുള്ളി വനജയെ കണ്ടപാടെ വായ തുറന്നു നിലത്തേക്ക് തൂങ്ങിയ അയാളുടെ നാവിന്റെ തുമ്പിലും വന്നു തങ്ങി. ചാക്കോയുടെ രണ്ടു കൈകളും പിടിച്ച് അവള്‍ ജനലോടു ചേര്‍ത്തു. അവള്‍ അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണെടുത്തതേയില്ലായിരുന്നു. പക്ഷെ കൈകളില്‍ നിന്നും കൈയ്യെടുത്തു. ഒരു ചാക്ക് ചരടില്‍ ചാക്കോയുടെ കൈകള്‍ ജനല്‍ക്കമ്പികളോട് ചേര്‍ത്തു കെട്ടിയിട്ടു. എന്നിട്ട് മൂന്നടി പിന്നിലേയ്ക്ക് നീങ്ങി നിന്നു. വനജ ബ്ലൗസഴിച്ചെറിഞ്ഞു. പിന്നെ കൈലി. അവള്‍ അടിവസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. കര്‍ത്താവേ പൂര്‍ണ്ണ നഗ്‌നയായി കുപ്പിച്ചില്ല് പോലെ വനജ!. കുതിച്ചുയര്‍ന്ന അവയവം തട്ടി അയാളുടെ ലുങ്കിയഴിഞ്ഞു വീണു. അവളുടെ കുറുക്കത്തിക്കണ്ണുകള്‍ അയാളെയുഴിഞ്ഞു. അവള്‍ നാവു നീട്ടി. ചെകുത്താന്റെ നാവു പോലെ അവളുടെ നാവും രണ്ടായിപ്പിളര്‍ന്നിരുന്നു. ദൈവഭയമുണ്ടായിട്ടും ഒരു നിമിഷമെങ്കിലും ഈ ചെകുത്താന്റെ ദത്തുപുത്ത്രിയാല്‍ അടിമപ്പെടാന്‍ ചാക്കോയുടെ മനസു തുടിച്ചു. ഹോ! രണ്ടു നാവുള്ളവള്‍. അയാളുടെ രോമങ്ങള്‍ സൂചികളെപ്പോലെ എഴുന്നേറ്റു. വെളുത്ത ഉടലില്‍ കറുത്ത രോമങ്ങളുള്ള ഒരു കരടിയായി ചാക്കോ നിന്നു . അവളുടെ ഇരു നാവുകള്‍, തമ്മില്‍ ചേരാത്ത ഇരട്ട പിറന്ന പഴുതാരകളെപ്പോലെ അയാളുടെ കഷണ്ടിത്തല മുതല്‍ പാദങ്ങള്‍ വരെ ഇഴഞ്ഞു. അവള്‍ മുട്ട് കുത്തി നിന്നു. അയാളുടെ ഇരുംബന്‍ പുളിയോളം മാത്രം വലുപ്പമുള്ള അവയവത്തെ ഇരട്ടപ്പഴുതാരകള്‍ ഇരുവശങ്ങളില്‍ നിന്നും കൂട്ടിപ്പിടിച്ചു. പെണ്ണുമ്പിള്ളയും പിള്ളാരും പള്ളിയില്‍ നിന്നും വരുമോ എന്ന പേടി ചാക്കോ പൂര്‍ണ്ണമായും മറന്നു. 'അവള് വാ തൊറന്നൊരക്ഷരം പറയുന്നത് നിങ്ങ കേട്ടിട്ടൊണ്ടോ? അവക്കടെ നാക്ക് പാമ്പിന്റെ പോലെ പെളര്‍ന്നതാ.'ചായ കുടിക്കാന്‍ വന്നവരോടയാള്‍ പറഞ്ഞു.

 

Card

 

കാശ്മീരി വസ്ത്രങ്ങള്‍ വില്‍ക്കുന്ന മിര്‍സാ ഖാന്റെ കടയിലും വനജ സ്വപ്നപ്രവേശം നടത്തി. 

അയാളുടെ കടയിലെ ചിത്രപ്പണികള്‍ ചെയ്ത പലതരം വസ്ത്രങ്ങളണിഞ്ഞു 'മുജിറാ' പാട്ട് പാടി അവള്‍ 'ഐറ്റം ഡാന്‍സ്' കളിച്ചു. പിറ്റേ രാത്രി സ്വപ്നത്തില്‍ വനജ വരാതെ ഉറക്കം നഷ്ടപ്പെട്ടു കിടന്നപ്പോള്‍ അയാള്‍ ഭാര്യയോടു പറഞ്ഞു. 'വോ ലഡ്കി വനജ ബഹോത് ഖരാബ് ഹേ ഡാര്‍ലിംഗ്'. അന്ന് രാത്രി അയാളുടെ ഭാര്യ ആശ്വാസത്തോടെ ഉറങ്ങി.

വനജയെപ്പറ്റി മൗനമാര്‍ന്ന ചിലരുണ്ടായിരുന്നു. ഒരാള്‍ ചായക്കടക്കാരന്‍ ചാക്കോയുടെ കടയിലെ ചായയടിക്കുന്നവന്‍ ആസിഫായിരുന്നു. വനജയുടെ ചൂടന്‍ കഥകളില്‍ സജീവ കേള്‍വിക്കാരനായിരുന്ന ആസിഫ് പെട്ടന്നൊരു ദിവസം നിശബ്ദനായി. അവന്റെ ചായയ്ക്ക് മധുരം കൂടുന്നു എന്ന് പരാതിയായി. ഇടയ്ക്കിടെ അവന്‍ വെറുതെ ചിരിയ്ക്കുന്നതും , അവന്റെ കടലോളം ആഴമുള്ള കണ്ണുകള്‍ ചുവന്നു നിറയുന്നതും സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. ചാക്കോ അവനെ തള്ളയ്ക്കു വിളിച്ചു. 

'എടാ ആസിഫെ, നീയീ നാട്ടുകാരെ വാരിക്കോത്തരിപ്പിക്കുന്ന പഞ്ചസാരേടെ കാശു നിന്റെ ശമ്പളത്തീന്നു ഞാന്‍ വെട്ടും കേട്ടോ'.
 
'ആളെക്കൊല്ലാനാണൊടോ താനിങ്ങനെ മധുരം കൂട്ടുന്നത്'? ഒരു പ്രമേഹക്കാരന്‍ പൊട്ടിത്തെറിച്ചു. 

പക്ഷെ ആസിഫിന് അതടക്കാനായില്ല. എത്ര ശ്രമിച്ചിട്ടും ചായയ്ക്ക് മധുരം കൂടിയതേയുള്ളൂ. ഒടുവില്‍ ചാക്കോ അവനെ ചായയടിക്കുന്ന ഡ്യൂട്ടിയില്‍ നിന്നും പാത്രം കഴുകുന്ന ഡ്യൂട്ടിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. അവന്‍ കഴുകുന്ന പാത്രത്തിനു ചെറിയ ഉപ്പു രസമുണ്ടെന്ന് ചിലര്‍ക്ക് തോന്നി. 'കടല്‍ വെള്ളത്തിലാണോടാ പാത്രം കഴുകുന്നെ?' അവര്‍ ചോദിച്ചു. 

എന്നിട്ടും ഇടനേരങ്ങളില്‍ അവന്റെ കണ്ണുനീര്‍ത്തുള്ളികള്‍ കഴുകാനെടുക്കുന്ന പാത്രങ്ങളില്‍ വീണു പടര്‍ന്നു. ഒരു ദിവസം ആരുമറിയാതെ അവന്‍ ഒരു യാത്ര പോയി. ഒരു തോണിയെടുത്ത് തനിയെ തുഴഞ്ഞു ഉള്‍ക്കടലിലേക്ക്. ചെറുപ്പത്തില്‍ കായലില്‍ കളഞ്ഞു പോയ ചേച്ചിയെ എല്ലാ ഓളങ്ങളിലും തിരഞ്ഞു കാണാതെ അവന്‍ തിരിച്ചെത്തി. അയാളുടെ ഭാര്യയും, നാല് വയസ്സുകാരാന്‍ മകനും അയാളെ കാണാതെ ഒരു രാത്രിയും പകലും വിഷമിച്ചു.

അല്‍പ്പം കവിഹൃദയമുള്ള ഓട്ടോറിക്ഷാക്കാരന്‍ അഫ്‌സല്‍ പറഞ്ഞു, അവള്‍ കപ്പല്‍ച്ചാലിലൂടെ തിരകള്‍ക്കു കുറുകെ നീന്തുന്ന കൊതുമ്പുവള്ളമാണ്. കേട്ട് നിന്നവര്‍ അവള്‍ നീന്തി പോകുന്നതു ഒരു സിനിമ പോലെ സങ്കല്‍പ്പിച്ചു.

ഈയിടെയായി ഭര്‍ത്താവ് തന്നോടും മകനോടും കൂടുത്തല്‍ സ്‌നേഹം കാണിക്കുന്നില്ലേ എന്നയാളുടെ ഭാര്യയ്ക്ക് തോന്നി. ജോലി ചെയ്തു തളര്‍ന്നു വരുന്ന രാത്രികളിലും അയാള്‍ ഭിത്തിയുടെ വശത്തേയ്ക്ക് ചെരിഞ്ഞു ഉറങ്ങാതെ കിടക്കുന്നത് അവര്‍ ശ്രദ്ധിച്ചു. 

'കഴിഞ്ഞ പതിനാലാം തീയതി ബുധനാഴ്ച്ച വെളുപ്പിന് ഇവനാ വനജേടെ വീട്ടീന്നെറങ്ങി വരുന്നത് ഞാന്‍ കണ്ടതാ'. പ്രമേഹക്കാരന്‍ ചാക്കോച്ചനോട് സാക്ഷി പറഞ്ഞു.

വനജ കുരിശേല്‍ ചത്ത വാര്‍ത്ത കേട്ട് ആസിഫ് പാഞ്ഞെത്തിയത് മകനെയും കൊണ്ടാണ്. രാവിലെ കൊച്ചിനെ സ്‌കൂളിലാക്കാന്‍ പോകും വഴിയാണ് കാര്യമറിഞ്ഞത്. കുരിശേല്‍ വനജയ കണ്ടതും കൊച്ചു ചോദിച്ചു, 
'ആരാ ഉപ്പാ,ഈ പുതിയ പുണ്യാളന്‍?' 

 

Card

 

ഓട്ടോക്കാരന്‍ രാജേഷും അതുപോലൊരു മൗനത്തിനടിമയായി. വനജ ചര്‍ച്ചകളില്‍ രാജേഷിന്റെ മൗനം ആദ്യം ശ്രദ്ധിച്ചത്, സ്വപ്നത്തില്‍ ചുവന്ന  ഗൗണിട്ടു വനജ കയറിയ ഓട്ടോക്കാരന്‍ സുല്‍ഫിക്കറാണ്. 

'എന്താണ്ടാ ?'. സുല്‍ഫിക്കര്‍ കടുപ്പിച്ചു ചോദിച്ചു. 'ഓ...' രാജേഷിന്റെ ഉത്തരം ആ ഒച്ചയില്‍ ഒഴുകി. പിന്നെ മൗനിയായത് അലിയാണ് . മല പോലെ മസിലുകള്‍ വീര്‍പ്പിച്ച ശരീരവും, മമ്മൂട്ടിയുടെ ശബ്ദവുമുള്ള അലി. അവന്‍ ഗിറ്റാര്‍ വായിക്കും. പാട്ടുകള്‍ പാടും. ഫോര്‍ട്ട് കൊച്ചി പോലീസ് സ്‌റ്റേഷനടുത്തുള്ള റെസ്റ്റോറന്റ് സമുച്ചയങ്ങളിലൊന്നില്‍ കസ്റ്റമേഴ്‌സിനെ കാന്‍വാസ് ചെയ്യുന്നവനാണവന്‍. ചില സമയങ്ങളില്‍ ടൂറിസ്റ്റുകളെയും കൊണ്ട് മൂന്നാര്‍ പോകുന്ന ഡ്രൈവര്‍ കം ഗൈഡ്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്ക്ക് അവന്‍ കണ്ണടച്ചും കാറോടിക്കും. ചിലപ്പോള്‍ ബൈക്കുമോടിക്കും. ചില മലയാള സിനിമകളിലെ അടിപിടി സീനുകളില്‍ അവന്‍ അഭിനയിച്ചിട്ടുണ്ട് . ഇങ്ങോട്ട് വന്നു മുട്ടുന്ന ടൂറിസ്റ്റുകളെ അവര്‍ക്കാവശ്യമുള്ളിടത്തോളം രസിപ്പിക്കും. ആര്‍ക്കും ആവശ്യമുള്ള കഞ്ചാവെത്തിക്കും. ഹോട്ടല്‍ 'ഫുള്‍മാറില്‍' ഫ്‌ലൂട്ട് വായിക്കുന്ന ആണ്ട്രൂസിനോടു ആരോടും പറയാത്തൊരു പ്രണയം അവനുണ്ട്. 

ഇനിയും ഒരു ജോലി കൂടി അലി ചെയ്യും. അവന്‍ ഒരെഴുത്തുകാരനാണ്. അവന്റെ ഉമ്മാ ഫാത്തിമാ ചൊല്ലിക്കൊടുക്കുന്ന കവിതകളാണ് അവന്‍ എഴുതുന്നത്. ഫാത്തിമക്ക് എഴുത്തും വായനയും അറിയില്ല . എങ്കിലും അവര്‍ കവിതകള്‍ സൃഷ്ടിക്കും. ചില നേരങ്ങളില്‍ ഉമ്മാ ചെന്ന് അവന്റെ അടുത്തിരിക്കും. എന്നിട്ട് ' മുത്തെ എഴുതിക്കോ' എന്ന് പറയും. അപ്പോള്‍ അവന്‍ പേപ്പറും ബുക്കുമെടുത്തു ഉമ്മയുടെ അരികില്‍ വന്നു എഴുതാനിരിക്കും. അങ്ങനെ പത്തു നൂറോളം ബുക്കുകളുണ്ട് അവരുടെ വീട്ടില്‍.

അലിയുടെ മൌനം ശ്രദ്ധിച്ച ഉമ്മാ അന്ന് വൈകുന്നേരം പറഞ്ഞു, 
'മുത്തേ എഴുതിക്കോ. ' 
അലി ബുക്കെടുത്തു. അവര്‍ കവിത ചൊല്ലിത്തുടങ്ങി. 
'കണ്ടോ അവിടൊരു പൊട്ടക്കിണര്‍.
സൂക്ഷിച്ചു നോക്കുവിന്‍. 
കണ്ടോ കലക്കവെള്ളം.
ഇനിയും സൂക്ഷിച്ചു നോക്കുവിന്‍. 
കണ്ടോ അതിലൊരു തവള. 
കണ്ടോ അവളുടെ തലയ്ക്കു ചുറ്റുമൊരു വട്ടം. 
അതിനു വലം വെച്ചൊരു വെട്ടം..'

അലി എഴുതിക്കൊണ്ടിരുന്നു. എന്നും ഉമ്മയുടെ കവിതയെ കളിയാക്കുന്ന അവന്‍ അപ്പോള്‍ ഒന്നും പറഞ്ഞില്ല. അപ്പോഴെന്നല്ല പിന്നയെപ്പോഴും  .

'നമ്മടലീടെ ബൈക്കെ കേറി ആ വനജ പോകുന്നത് ഞാനീ കണ്ണുകൊണ്ട് കണ്ടതാ'.

ഫാത്തിമായുടെ കൂട്ടുകാരി ബീമാ അവരോടു അടക്കം പറഞ്ഞു. അവര്‍ അത് കേട്ടിട്ടും മറുപടി പറഞ്ഞില്ല. മകനോട് ചോദിച്ചതുമില്ല.

അലി തന്റെ പ്രണയം ആന്‍ഡ്രൂസിനോടു തുറന്നു പറഞ്ഞു. ആന്‍ഡ്രൂസിനുമുണ്ടായിരുന്നു അലിയോടു പ്രണയം. അങ്ങനെ അടുത്ത സുഹൃത്തുക്കളെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു അവര്‍ കടലിന്റെ പശ്ചാത്തലത്തില്‍ പിണങ്ങുവോളം പ്രണയിച്ചു . 

 

Card

 

ഇനിയും മൗനിയായത് ഇളവെയിലാണ്. മധുരയില്‍ വെച്ചു കൊച്ചീക്കാരന്‍ പീറ്ററിനെ പ്രേമിച്ചു ഇട്ട തുണിയാലെ അയാളോടൊപ്പം ഓടിപ്പോന്ന തമിഴത്തി. പീറ്റര്‍ അവളെ പേരും മതവും മാറ്റി മേരിയാക്കി. മേരിയേയും മകള്‍ സാന്ദ്രയെയും കൊച്ചിയിലാക്കി പീറ്റര്‍ ഹിന്ദി സിനിമയിലഭിനയിക്കാന്‍ മുംബായിക്ക് പോയി. പിന്നെ ഒരിക്കലും അയാള്‍ വന്നില്ല. അയാള്‍ പോകുമ്പോള്‍ സാന്ദ്ര നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നെയൊരിക്കലും സാന്ദ്ര സ്‌കൂളിലും പോയില്ല. അവള്‍ ചെമ്മീന്‍ കിള്ളാന്‍ പോകുന്ന അമ്മയ്ക്ക് വീട്ടിലിരുന്നു പ്രഭാതഭക്ഷണവും അത്താഴവും വെച്ചു. അവള്‍ മൗനിയായതും സാന്ദ്ര പതിനഞ്ചു വയസ്സില്‍ വീണ്ടും നാലാം ക്ലാസില്‍ പഠിക്കാന്‍ പോയതും ഒരേ ദിവസമായിരുന്നു. അന്ന് മുതല്‍ അവള്‍ എല്ലാവരോടും പറഞ്ഞു ' ഇനിമേല്‍ എന്നൈ മേരിയെന്ന് കൂപ്പിടാതിങ്കെ. നാന്‍  ഇളവെയില്‍, തമിഴത്തി'

'ആ മേരിയാള് ശരിയല്ല . അവളെടയ്‌ക്കെടയ്ക്ക് ആ വനജേടെ വീട്ടിക്കേറിയെറങ്ങുന്നുണ്ട'. ഞായറാഴ്ച പള്ളി കഴിഞ്ഞു വരവേ ചാക്കോയുടെ ഭാര്യ ഫിലോമിന മറ്റു പെണ്ണുങ്ങളോടു പറഞ്ഞു .

 

Card

 

സാന്ദ്രയുടെ ക്ലാസില്‍ പഠിക്കുന്ന അന്‍വര്‍ പക്ഷെ നൃത്തം ചെയ്യാനാണ് എട്ടു വയസ്സില്‍ പഠിച്ചത്. വനജയുടെ വീടരികെയാണ് അന്‍വറിന്റെയും വീട്. കാലടികള്‍ കേള്‍പ്പിക്കാതിരിക്കാന്‍ അവനു നടക്കാന്‍ പഠിക്കും മുതലേ അറിയുമായിരുന്നു. 'ഇവനെന്താ ഇങ്ങനെ കള്ളന്മാരെ പോലെ പതുങ്ങി നടക്കുന്നെ?' അവന്റെ ഉപ്പാ ഖാദര്‍ എപ്പോഴും പരാതിപ്പെട്ടു. അടുക്കളയില്‍ ഉമ്മയ്ക്ക് പിന്നില്‍ വന്നു നില്‍ക്കുന്നത് അവന്റെ ഉമ്മാ പോലും അറിയുമായിരുന്നില്ല. അവനെ കണ്ടു പേടിച്ച് അവര്‍ പലപ്പോഴും കുപ്പിപ്പാത്രങ്ങള്‍ നിലത്തിട്ടു പൊട്ടിച്ചു. ആരും കേള്‍ക്കാത്ത ശബ്ദങ്ങള്‍ അവന്‍ കേട്ടിരുന്നു. 'ഉപ്പാ ഇടി വെട്ടുന്നു'. മഴയില്ലാത്ത രാത്രികളില്‍ അവന്‍ പറയുന്നത് കേട്ട് ഖാദര്‍ അവന്റെ ദേഹത്ത് ഉസ്താദിനെക്കൊണ്ട് ചരടോതിച്ചു കെട്ടി. അവനാണ് വനജയുടെ നിശാനൃത്തം നേരിട്ട് കണ്ടിട്ടുള്ള ഒരാള്‍. രാത്രി ഉപ്പയും ഉമ്മയും ഉറങ്ങിക്കഴിയുംമ്പോള്‍ പൂച്ചക്കാലുകള്‍ വെച്ചവന്‍ പുറത്തിറങ്ങും . വനജയുടെ വീട്ടുവാതില്‍ തുറന്നവന്‍ അകത്തു കടക്കും. പടികള്‍ കയറി അവള്‍ നൃത്തം ചെയ്യുന്ന മുറിയുടെ വാതില്‍ക്കലെത്തും. അവള്‍ പിന്‍തിരിഞ്ഞു നിന്ന് നൃത്തം ചെയ്യുന്നത് നോക്കി നില്‍ക്കും. വനജയ്ക്ക് നീണ്ട മുടിയുണ്ട്. അതഴിച്ചിട്ടവള്‍ ഒരു കുട പോലെ കറക്കും. ഒരിക്കല്‍ പോലും വനജ അവനു നേരെ തിരിഞ്ഞിട്ടില്ല. അത് കണ്ടവന്‍ വീട്ടില്‍ വന്നു അത് പോലെ ആടാന്‍ പഠിക്കും. കുറച്ചു കാലം മുടി വളര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉമ്മായും, ഉപ്പായും സ്‌കൂളുകാരും ചേര്‍ന്ന് അവന്റെ മുടി വെട്ടിച്ചു.

 

Card

 

ഭ്രാന്തുള്ളവര്‍ സ്വപനം കാണാറില്ല. അനുഭവിക്കാറേയുള്ളൂ.ജങ്കാര്‍ ജെട്ടിയിലെ വിളക്കുകാലിനടിയിലിരിക്കുന്ന ആരോടും മിണ്ടാത്ത ഭ്രാന്തന്റെയരികിലും വനജ ചെന്നിട്ടുണ്ട്. പക്ഷെ ഉടലായല്ല, സ്വരമായാണ് അയാള്‍ അവളെ അനുഭവിച്ചത്. അഷ്ടദിക്കുകളിലും മാറ്റൊലിയടിപ്പിച്ചു അവളുടെ സ്വരം അയാള്‍ ഇടയ്ക്കിടെ കേട്ടു. 'ചേട്ടാ, ചേട്ടനറിയുമോ, ഈ ലോകത്തിനു മൊത്തം ഭ്രാന്താണ്. ഇല്ലെങ്കില്‍ പിന്നെ ഇങ്ങനെ 'കലപിലവസ്തു', 'കലപിലവസ്തു' എന്ന് മുരണ്ടുകൊണ്ടിരിക്കുമോ. ആ കാണുന്ന ജങ്കാര്‍ നോക്കിക്കേ, അത് കാറ്റിലൂടെയും, കടലിലൂടെയും തുളച്ചു വരുന്ന ശബ്ദം കേട്ടോ. ആ ചുവരു നോക്കിക്കേ. എന്തെല്ലാണ് അവിടെ കോറിയിട്ടിരിക്കുന്നത്. . ഹോ ! എന്തൊരു ശബ്ദമാണ്. ആ ലൈറ്റ് ഹൗസ് കണ്ടോ ? പണ്ടവിടെ തീതുപ്പുന്ന ഒരു പര്‍വ്വതമുണ്ടായിരുന്നു. ഇനി അത്ര കോടി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവിടെ കിളിര്‍ക്കാന്‍ പോകുന്നത് ഒരു കദളിവാഴയാണ്. ആ കപ്പല്‍ചാല്‍ പണ്ടൊരു ഉരഗപ്പാതയായിരുന്നു.കൊടിയ വിഷമുള്ള ഉഷ്ണപ്പാമ്പുകള്‍ വളഞ്ഞും പുളഞ്ഞും അത് വഴി പോയിരുന്നു. ആകാശം അന്ന് അല്പം കൂടി ചെരിഞ്ഞതായിരുന്നു. അതിനിയും ചെരിയും. തലകുത്തി മറിയും. ഇതൊന്നും നമുക്കിപ്പൊ ആരോടും പറയേണ്ട. ചേട്ടന്‍ ആരോടും മിണ്ടണ്ട. ആരെന്തു ചോദിച്ചാലും ഒന്നും പറയണ്ട. നോക്കൂ ആ മനുഷ്യര്‍ക്ക് എത്രയെത്ര മുഖങ്ങളാണ്, അവര്‍ക്ക് എത്രയെത്ര നാവുകളാണ്. ആ നാവുകള്‍ക്ക് അട്ടകളെപോലെ എത്രയെത്ര കാലുകളാണ്. എവിടേക്കെല്ലാമാണു അതിഴഞ്ഞു പോകുന്നത്. ഇതിനിടയില്‍ നമ്മളെന്തിനാണ് മിണ്ടി ശബ്ദമുണ്ടാക്കുന്നത്. ഒരു ദിവസം മഴ പോലെ മണ്ണിനടിയിലേക്ക് നമ്മള്‍ മരിച്ചിറങ്ങില്ലേ, അപ്പോള്‍ നമുക്ക് ഭൂമിക്കടിയില്‍ കിടന്നു പരദൂഷണം പറയാം. ഇപ്പോള്‍ ചേട്ടന്‍ ആരോടും മിണ്ടണ്ട. വേണ്ട ആരോടും മിണ്ടണ്ട. നമുക്കവര് വേണ്ട, അവര് വേണ്ട.'

ഒരു ദിവസം മഴ പോലെ മണ്ണിനടിയിലേക്ക് നമ്മള്‍ മരിച്ചിറങ്ങില്ലേ, അപ്പോള്‍ നമുക്ക് ഭൂമിക്കടിയില്‍ കിടന്നു പരദൂഷണം പറയാം. ഇപ്പോള്‍ ചേട്ടന്‍ ആരോടും മിണ്ടണ്ട.

വനജയ്‌ക്കൊരു സിസറ്ററുണ്ട്. സിസ്റ്റര്‍ എന്ന് വെച്ചാല്‍ ശരിക്കും സിസ്റ്റര്‍. കന്യാസ്ത്രീ. അവര്‍ മാത്രമാണ് അവളെ കാണാന്‍ പകല്‍ വെളിച്ചത്തില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നത് നാട്ടുകാര്‍ കണ്ടിട്ടുള്ളത്. നാട്ടുകാരുടെ കണക്കു പ്രകാരം അവര്‍ ഒന്‍പത് തവണ അവളെ കാണാന്‍ വന്നിട്ടുണ്ട്. ആദ്യത്തെ മൂന്നു തവണ അവര്‍ വന്നത് കന്യാസ്ത്രീയുടെ കുപ്പായത്തിലാണ്  . നാലാമത്തെ തവണ സുന്ദരിയായ സിസ്റ്റര്‍ അല്‍പം മെയ്ക്കപ് അണിഞ്ഞിരുന്നു. 'റാവിഷിങ്ങ് റെഡ് ' ലിപ്സ്റ്റിക്ക് എല്ലാവരും ശ്രദ്ധിച്ചു. അഞ്ചാമത്തെ തവണ അവര്‍ തലയില്‍ വെയില്‍ അണിഞ്ഞിരുന്നില്ല. സില്‍ക്ക് പോലെ അവരുടെ മുടി പറക്കുന്നുണ്ടായിരുന്നു. ആറാമത്തെ തവണ അവര്‍ ചുഡിദാര്‍ ധരിച്ചാണ് വന്നത്. ഏഴാമത്തെ തവണ അവര്‍ സാരി ഉടുത്തു വന്നു. എട്ടാമത്തെ തവണ പിങ്ക് പാവാടയും , കറുത്ത ഉടുപ്പുമിട്ട് തിരികെ പോകുമ്പോള്‍ അവരുടെ കണ്മഷി കരഞ്ഞു കലങ്ങിയിരുന്നു . ഒന്‍പതാമാത്തെ തവണ അവര്‍ ഒരു വെളുത്ത ഷര്‍ട്ടും, നീല ജീന്‍സും ധരിച്ചു വന്നു. വളരെ ഉന്‍മേഷവതിയായി തന്നെ തിരിച്ചു പോകുകയും ചെയ്തു. 

 

Card

 

സത്യത്തില്‍ വനജ കുരിശേല്‍ കയറി ആണിയടിച്ചു ചാകാനായിരുന്നില്ല ഉദേശിച്ചത്. ചേമ്പിന്‍ കണ്ടത്തില്‍ നിന്നും ഹൈവേയിലേയ്ക്ക് ചാടിയ തവളയെ പോലെ, ഒരു വന്‍ ലോറിയ്ക്ക് മുന്നില്‍ കൈവിടര്‍ത്തി കണ്ണടച്ചു ഉച്ഛ്വസ നിശ്വാസങ്ങള്‍ കൃത്യമാക്കി നില്‍ക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. അപ്പോള്‍ അകലെ നിന്നും ലോറിയുടെ വേഗത ചെറു കാറ്റായി വരും. കാറ്റിനും , ലോറിയുടെ ഒച്ചയ്ക്കും ശക്തി കൂടും. തകരപ്പാലത്തില്‍ തീവണ്ടി കയറും പോലെ വനജയുടെ ഹൃദയമിടിപ്പും, മന്ത്രോച്ചാരണങ്ങളും, പിന്നിലേയ്ക്ക് പറക്കുന്ന മുടിയും, ഉടുപ്പും. ലോറിയുടെ ആദ്യ സ്പര്‍ശത്തില്‍ത്തന്നെ ഉടഞ്ഞു തകര്‍ന്നു ആകാശത്തോളം പൊങ്ങിത്തെറിച്ചു, ഭൂമി മൊത്തം ചിതറി വീഴുമ്പോള്‍ ഉടല്‍ വിട്ടു പറക്കുന്ന ചുണ്ടുകള്‍ക്ക് പറയണമായിരുന്നു, 'അതിസുന്ദരമായ അതിസുന്ദരമായ വിരലുകള്‍' എന്ന്. 

വനജ മരിക്കുന്നതിനു അടുത്ത ദിവസങ്ങളില്‍ അവളില്‍ ചില മാറ്റങ്ങള്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു . അവള്‍ കൂടുതല്‍ ഉല്‍സാഹവതിയായിരുന്നു. കൂടുതല്‍ ആളുകളോട് അവള്‍ സംസാരിച്ചിരുന്നു. അളവില്‍ കൂടുതല്‍ പാല്‍ അവള്‍ വിറ്റിരുന്നു.    

മരിക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് അവള്‍ പശുത്തൊഴുത്തിന്റെ ചുവരില്‍ ഒരു രാജിക്കത്ത് എഴുതി വെച്ചു. 

 

Card

 

'പ്രീയപ്പെട്ട ജൂലി, ഡെയ്‌സീ, മൃദുലാ, ഫാത്തിമാ, സൈനബാ,സുമംഗലി, ദേവി, ശ്രീദേവി, 
നിങ്ങള്‍ക്കറിയാമല്ലോ, ഞാനൊരിക്കലും കൃത്രിമ ഗര്‍ഭധാരണത്തില്‍ വിശ്വസിച്ചിരുന്നില്ല. അക്കരെ അമേരിക്ക വരെ പ്രതിധ്വനിപ്പിച്ചുകൊണ്ട് നിങ്ങള്‍ ഏകാന്തതയില്‍ കരയുമ്പോഴൊക്കെ നിങ്ങളോരോരുത്തരെയും ഞാന്‍ വാനില്‍ കയറ്റി ബ്ലോക്കില്‍ കൊണ്ടുപോയി, ഏറ്റവും ഭംഗിയും ആരോഗ്യവുമുള്ള കാളകളുമായി ചേര്‍പ്പിച്ചതിന്റെ നന്ദിയും സ്‌നേഹവും നിങ്ങള്‍ക്ക് എന്നോടുണ്ടെന്നു എനിക്കറിയാം. നിങ്ങളുടെ മിനുസത്തോല്‍ കൊണ്ട് തുന്നിയ എന്റെ ജീവനില്‍ ആണയിട്ടു ഞാന്‍ പറയുന്നു. മനുഷ്യര്‍ അഴുകി ജലത്തിനടിയിലേയ്ക്ക് വീണു പോയ താമരയിലകളാണ്. അവര്‍ നിറഞ്ഞു കൊഴുത്തു പോയ കുളത്തില്‍ എന്റെ മുഖം നോക്കി ഞാനിരിക്കെ, പര്‍പ്പിള്‍ നിറത്തിലെ റെയ്ബാന്‍ കണ്ണടയ്ക്കുള്ളില്‍ എന്റെ കണ്ണ് നിറഞ്ഞൊഴുകവെ, ഞാന്‍ കണ്ടു നിങ്ങളുടെ പാലിനേക്കാള്‍ വെളുത്ത നഖങ്ങളുള്ള കറുത്ത വിരലുകള്‍ എനിക്ക് വേണ്ടി മാത്രം കടുപ്പമേറിയ ചായയിലേയ്ക്ക് വലിയ മൂന്നു സ്പൂണ്‍ പഞ്ചസാര കോരിയിടുന്നത്. അപ്പോള്‍ അടിവസ്ത്രം വരെ നനയ്ക്കുന്ന കുടയായി മഴ ഉരുകി എന്നിലേയ്ക്ക് തന്നെ പെയ്തു. ഞാന്‍ ആരാണെന്ന് പോലും അന്വേഷിക്കാതെ എന്റെ നെഞ്ചില്‍ തറച്ചിരുന്ന ആണികള്‍ അവന്‍ കടിച്ചൂരിയെടുത്തു. എന്നെ കാണുമ്പോള്‍ അടിവയറ്റില്‍ മഞ്ഞു പെയ്യുന്നുവെന്ന് അവന്‍ എന്നോടു പറഞ്ഞു. എന്റെ കണ്ണില്‍ പറന്ന പൊന്നീച്ചകളുടെ ആത്മകഥ മുഴുവന്‍ തര്‍ജ്ജമ ചെയ്തു. ഞാന്‍ തറ നക്കി നായ. എന്റെ ഉപ്പു കവിള്‍ നക്കി നായയാകണമെന്നവന്‍ എന്റെ വിരല്‍ തൊട്ടു ദൈവനാമത്തില്‍ അറിയിച്ചു . നിങ്ങള്‍ക്കറിയുമോ ലോകത്തിലേറ്റവും ഭംഗിയുള്ള രാത്രി സംഭവിച്ചത് തോപ്പുംപടി പാലത്തിലാണ്. ലോകത്തിലേറ്റവും ഭംഗിയുള്ള പകല്‍ സംഭവിച്ചതു വേമ്പനാട്ടു കായലിലാണ്. അല്‍പം പോലും ഭയക്കാതെ അപ്പോഴെല്ലാം ഞാന്‍ ഇറുക്കിപ്പിടിച്ചിരുന്നത്  അവന്റെ വെളുത്ത ഷര്‍ട്ടിലാണ്. ഞെട്ടിയുണര്‍ന്നു വിറച്ചു പേ പറയലുകളില്‍ എന്നെ ഉന്തിയിട്ടുറക്കിയവനാണ്. പകല്‍ ഇരുളുവോളം, ഇരുള്‍ വെളുക്കുവോളം സ്‌നേഹിച്ചവനാണ്. അവന്‍ എന്നോടു ചെയ്യാന്‍ പോകുന്ന ഏറ്റവും വലിയ ചതി പോലും എനിക്കവന്‍ തന്ന സന്തോഷത്തിന് ഒട്ടും അപ്പുറമല്ല. അവന്റെ സ്വരം ഏറ്റവും ഉയരെ പറക്കുന്ന വിമാനമാണ്. ഉള്‍ക്കടലില്‍ തുഴയാതെ ഒഴുകുന്ന തോണിയാണ്. എന്നാല്‍ ഇന്ന് മേല്‍ച്ചുണ്ടിനു മീതെ പഴുത്തു പൊട്ടാറായ മുഖക്കുരു, ഓര്‍മ്മദിനത്തില്‍ കല്ലറയില്‍ വെച്ചു പോയ ചുവന്ന പൂവിന്റെ വൈകുന്നേരമാണ്. നാളെ മുതല്‍ പ്രഭാതങ്ങളില്ല, ഉച്ചകളില്ല, രാത്രികളില്ല. കടലില്‍ പോയ അരയന്മാര്‍ വീടെത്തുന്ന ചുവന്ന സന്ധ്യകള്‍ മാത്രമേയുള്ളൂ. അരയത്തിമാര്‍ കുളിച്ചു മുടി വിടര്‍ത്തി, ചോറും, മോരും , മീന്‍ വറുത്തതും വിളമ്പി കാത്തിരിക്കുന്ന, മുള്ളുകള്‍ പോലെ നോവിക്കുന്ന സന്ധ്യകള്‍. എന്റെ തോണ്ടയിലാണ് ആ മുള്ള് കുടുങ്ങിയത്. ഒരു പിടി ചോറ് വാരിത്തിന്നു എനിക്കീ മുള്ള് വിഴുങ്ങി ദഹിപ്പിക്കേണ്ട. ഞാന്‍ മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങി മരിച്ച സീഗള്‍പ്പറവ  .  
ഉമ്മകള്‍ 
വനജ

 

Card

 

മണിക്കൂറുകള്‍ക്കുള്ളില്‍  വനജയുടെ ശരീരം പോലീസുകാര്‍ കുരിശില്‍ നിന്നും കയറു കെട്ടി ഇറക്കിക്കൊണ്ടു പോയി. ഭക്തര്‍ കുരിശടി കഴുകി പെയിന്റടിച്ച് ചോരപ്പാടുകള്‍ മായ്ച്ചു. മദര്‍ തെരേസ ഒരാശ്വാസ നിശ്വാസം വിട്ടു. കുരിശു പതിവിനേക്കാള്‍ ശോഭയോടെ തിളങ്ങി. മഞ്ഞ വെയില്‍ അതിനു മീതെ പൊന്‍പരാഗങ്ങള്‍ വിതറി. കടലിനോ, കാറ്റിനോ, സൂര്യനോ മാറ്റമൊന്നും സംഭവിച്ചില്ല. കടല്‍പായലിനും, പ്ലാസ്റ്റിക്ക് കുപ്പികള്‍ക്കും മുകളിലിരുന്നു വെളുത്ത കൊക്കുകള്‍ നടുക്കടലിലൂടെ ഒഴുകുന്നത് അപ്പോഴും ടൂറിസ്റ്റുകള്‍ ഫോട്ടോയെടുത്തു. കപ്പല്‍ ചാലിലൂടെ ഉഷ്ണപ്പാമ്പുകള്‍ക്ക് വീണ്ടുമിഴയാനും, ലൈറ്റ് ഹൗസിനു കദളിവാഴയായി കുലയ്ക്കാനും ഇനിയും ഒരായിരം കോടിപ്പിടി കാലങ്ങള്‍ ബാക്കിയുണ്ട്. 

പുതിയൊരു തൂവെള്ള ഇറ്റാലിയന്‍ കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഖത്തറില്‍ നിന്നും പതിവ് പോലെ ഒരു വിമാനം വന്നിറങ്ങി. അതില്‍ ഒരു കടലാസുണ്ട്. വിസയാണത്. ചായയടിക്കാരന്‍ ആസിഫിന് കുടുംബസമേതം ഖത്തറില്‍ സെറ്റില്‍ ചെയ്യാനുള്ള ജോലിയുമായി അവന്റെ വീട്ടു പടിക്കല്‍ വന്നു വാതിലില്‍ മുട്ടാന്‍ പോകുന്ന മുട്ടന്‍ ജോലിയുടെ വിസ. അവന്റെ അടുത്ത സുഹൃത്ത് ശരിയാക്കിയത്  . 

വനജയുടെ കാല്‍പ്പാദങ്ങളില്‍ ഒരു ടാറ്റൂ ഉണ്ടായിരുന്നു. ഇരുപാദങ്ങളും ഒന്നിച്ചു ചേര്‍ത്ത് വെയ്ക്കുമ്പോള്‍ മാത്രം മുഴുവനായി വായിക്കാന്‍ കഴിയുന്ന ഒരു വാക്ക്. മൂന്നു ലിപികളാണ് അതില്‍ ഉണ്ടായിരുന്നത്. രണ്ടു ലിപികള്‍ വലതു കാല്‍പാദത്തിലും, മൂന്നാമത്തെ ലിപി ഇടതു കാല്‍പാദത്തിലും. 'മരീനാ' ഹൊട്ടലിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഫേബിയനാണ് അവള്‍ക്കത് വരച്ചു കൊടുത്തത്. ജാപ്പനീസ് ലിപിയായത് കൊണ്ട് അവനതിന്റെ അര്‍ഥം മനസിലായില്ല. പൊതുവെ കസ്റ്റമേഴ്‌സ് ചൈനീസ്,ജാപ്പനീസ് സിംബലുകളാണ് ടാറ്റൂ ചെയ്യാറ്. എന്നിട്ടും അവന്‍ ചോദിച്ചു ' ഇതെന്താണ് '? വനജ പറഞ്ഞു ' ഒരു പേരാണ്. നിങ്ങള്‍ കാലടിയില്‍ ഒരാളുടെ പേര് എഴുതിയെന്നിരിക്കട്ടെ, നിങ്ങള്‍ എത്ര ദൂരെ പോയാലും, ഹിമാലയത്തിലോ ,ആരും ചെന്ന് കയറാത്ത ഒരു ദ്വീപിലോ, കടലിലോ, ഭൂമിയുടെ ഉത്തര ധ്രുവത്തലോ, മരിച്ചു സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ, എങ്ങുമല്ലാത്ത ഒരിടത്തോ, എവിടെത്തന്നെ പോയാലും ആ പേരിന്റെ ഉടമ ആരാണോ അയാള്‍ നിങ്ങളെ തേടി വരും. പേരേതാണെന്നു ചോദിക്കാന്‍ ഫേബിയന് പേടി തോന്നി. വനജയുടെ മരണ ദിവസം അവനാ ലിപികള്‍ ഗൂഗിളില്‍ ഇട്ടൊന്നു കറക്കി. 'ആസിഫ്.'

..........................................................................................................................................................................................................................................

ആസിഫ് : 'എനിക്ക് പോകാറായി. നമ്മളിനിയും കാണുമോ?

വനജ : 'കാണും'.

 

Card

Show Full Article