Asianet News MalayalamAsianet News Malayalam

'വേണ്ടിവന്നാല്‍ ഉപാധികളോടെ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കും; തീരുമാനം ഒറ്റക്കെട്ടായി എടുക്കും'

എറണാകുളം ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നു

twenty 20 shares its expectations before assembly elections 2021
Author
Ernakulam, First Published Mar 19, 2021, 3:08 PM IST

പ്രചരണം തുടങ്ങി, സ്ഥാനാര്‍ത്ഥികളെല്ലാം നോമിനേഷന്‍ കൊടുത്ത് രംഗത്തുണ്ട്. പക്ഷേ പ്രചരണരംഗത്ത് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ടൊരു വിമര്‍ശനം ട്വന്റി 20 മത്സരിക്കുന്നത് എല്‍ഡിഎഫിനെ സഹായിക്കാനാണ് എന്നാണ്...

ഇതിപ്പോള്‍ യുഡിഎഫ് പറയും എല്‍ഡിഎഫിനെ സഹായിക്കാനാണെന്ന്. എല്‍ഡിഎഫ് പറയും യുഡിഎഫിനെ സഹായിക്കാനാണെന്ന്. ചിലര്‍ പറയുന്നുണ്ട് ഇത് ബിജെപിയെ സഹായിക്കാനാണെന്ന്. ഇവിടെയൊക്കെ ലക്ഷ്യം വളരെ വ്യക്തമാണ്. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുക. അതില്‍ക്കൂടി വോട്ട് പിടിക്കുക. കേരളത്തിലെ സ്ഥിതി നോക്കിക്കഴിഞ്ഞാല്‍ പത്ത് ശതമാനത്തില്‍ താഴെയുള്ള ആളുകളാണ് രാഷട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരോ, അതില്‍ നിലകൊള്ളുന്ന ആളുകളോ ആയിട്ട്. ബാക്കി വരുന്ന 90 ശതമാനം ആളുകള്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന ആളുകളാണ്. 

ട്വന്റി 20യെ സംബന്ധിച്ച് സാധാരണക്കാരായിട്ടുള്ള, പാവപ്പെട്ട ആളുകളാണ് ഞങ്ങളുടെ വോട്ട് ബാങ്ക് എന്ന് പറയുന്നത്. ഈ നാട് വികസനത്തിലേക്ക് പോകണം... ജനങ്ങളുടെ ക്ഷേമം മുന്നില്‍ക്കാണുന്ന ആളുകളാണ് ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നത്. അത് ബിജെപി വോട്ട്, അല്ലെങ്കില്‍ എല്‍ഡിഎഫ് വോട്ട് യുഡിഎഫ് വോട്ട് എന്ന് പറയാന്‍ സാധിക്കില്ല. 

2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും 2020ലെ തെരഞ്ഞെടുപ്പ് നോക്കിയാലും ചിത്രം വളരെ വ്യക്തമാണ്. കാരണം, എല്‍ഡിഎഫിനേയും യുഡിഎഫിനേയും ബിജെപിയേയും നിലംപരിശാക്കിക്കൊണ്ടാണ് ഞങ്ങള്‍ അധികാരമേറ്റെടുത്തത്. അപ്പോള്‍ ഒരിക്കലും നമുക്ക് ഇന്നയാളുടെ വോട്ടാണ് ട്വന്റി 20ക്ക് കിട്ടുക എന്ന് പറയാന്‍ സാധിക്കില്ല. 

ഇവിടെ- ഈ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന, നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാ ആളുകളും ട്വന്റി 20യുടെ കൂടെയേ നില്‍ക്കുകയുള്ളൂ. 

ജയിക്കാനായിട്ടാണ് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുക. അങ്ങനെ വന്നാല്‍ ട്വന്റി 20യുടെ പ്രതിനിധി നിയമസഭയിലെത്തിയാല്‍ ഏത് മുന്നണിക്കൊപ്പമായിരിക്കും നില്‍ക്കുന്നത്?

ട്വന്റി 20യുടെ സപ്പോര്‍ട്ടോടുകൂടിയേ വരുന്ന നിയമസഭയില്‍ ഏതെങ്കിലും മുന്നണിക്ക് ഭരിക്കാന്‍ സാധിക്കൂ എന്നുള്ള നില വന്നുകഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടാന്‍ ഞങ്ങളുദ്ദേശിക്കില്ല. അത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കാര്യമാണ്. അപ്പോളിവിടെ ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഞങ്ങളുടെ എംഎല്‍എമാര്‍, മറ്റ് ഭാരവാഹികള്‍, വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍- ഇവരുടെയെല്ലാം ആഗ്രഹങ്ങള്‍ക്കനുസരിച്ച് നമ്മുടെ നാടിന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഏത് മുന്നണിയാണോ അവരെ സപ്പോര്‍ട്ട് ചെയ്ത് പോവുക. ഈ സപ്പോര്‍ട്ട് എന്ന് പറയുമ്പോള്‍ ഒരിക്കലും അണ്‍കണ്ടീഷണല്‍ സപ്പോര്‍ട്ടല്ല- കണ്ടീഷണല്‍ സപ്പോര്‍ട്ടായിരിക്കും. 

ഞങ്ങളൊരിക്കലും ഒരു മുന്നണിയുടെയും ഭാഗമാകാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിസഭയിലും ഭാഗമാകില്ല. ഒരു സ്ഥാനമാനങ്ങളും ഞങ്ങളേറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറമെ നിന്ന് കണ്ടീഷണലായ സപ്പോര്‍ട്ട് മാത്രം കൊടുത്തുകൊണ്ടായിരിക്കും ഞങ്ങള്‍ അതില്‍ തീരുമാനമെടുക്കുക. 

ഏത് മുന്നണി എന്ന കാര്യം തീരുമാനിക്കുന്നില്ല?

ഇന്ന മുന്നണി എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ഞാന്‍ ഒരാളായിട്ട് എടുക്കേണ്ട തീരുമാനമല്ല. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ അഭിപ്രായം അറിയണം, ഇതിന്റെ മറ്റ് ഭാരവാഹികളുണ്ട്, ഇതിന് വേണ്ടി വോട്ട് ചെയ്യുന്ന മറ്റ് കമ്മിറ്റികളും ധാരാളം ആളുകളുമുണ്ട്. അവരുടെയെല്ലാം അഭിപ്രായം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു തീരുമാനമെടുക്കും. 

മറ്റൊരു വിമര്‍ശനം, ട്വന്റി 20ക്ക് കേരളത്തിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയവിഷയങ്ങളില്‍ ഒരു നിലപാടില്ല എന്നതാണ്. അത് വളരെ സജീവമായിത്തന്നെ, തെരഞ്ഞടുപ്പ് വേദികളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഈ പ്രധാനപ്പെട്ട രാഷ്ട്രീയവിഷയങ്ങളില്‍ എന്തുകൊണ്ടാണ് നിലപാടില്ലാത്തത്? 

നമ്മുടെ കേരളത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരുപാട് വിഷയങ്ങളുണ്ട്. ജനങ്ങളെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങള്‍. അതിലിപ്പോള്‍ ശബരിമല വിഷയമുണ്ട്, പൗരത്വബില്ലിനെ പറ്റിയുള്ള ചര്‍ച്ചകളുണ്ട്, കര്‍ഷകസമരത്തെ പറ്റിയുണ്ട്, അത് കൂടാതെ പിഎസ്എസി നിയമനത്തെ പറ്റിയുണ്ട്, പെട്രോള്‍ വില വര്‍ധനവിനെ പറ്റിയുണ്ട്, ഇവിടെയൊക്കെ നമ്മള്‍ കാണ്ടേണ്ടൊരു കാര്യം പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രാവിലെ ഒരു നിലപാട് പറയുന്നു. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ മറ്റൊരു നേതാവ് മറ്റൊരു നിലപാട് പറയുന്നു. 

ഉച്ച കഴിയുമ്പോള്‍ നമുക്ക് കാണാം, രാവിലെ നിലപാട് പറഞ്ഞ നേതാവ് തന്നെ ആ നിലപാട് മാറ്റിപ്പറയുന്നുണ്ടാകും. ഈ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം തന്നെ ആള്‍ക്കൂട്ടം, ആള്‍ബലം നോക്കിയിട്ട് നിലപാടുകളെടുക്കുന്നവരാണ്. ആര്‍ക്കും ഇക്കാര്യത്തില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ല എന്നതാണ്. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് ഈ നിലപാടിനെ പറ്റി സംസാരിക്കുക. 

ഒട്ടനവധി വിഷയങ്ങള്‍- ശബരിമല വിഷയമായിക്കോട്ടെ, പെട്രോള്‍ വില വര്‍ധനവായിക്കോട്ടെ ഇതൊക്കെ വര്‍ഷങ്ങളായി നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇവരൊക്കെ ഈ നിലപാട് പറഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ഈ പറഞ്ഞ ഒരു കാര്യത്തിലും ഒരു നടപടിയും ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഒരിഞ്ച് പോലും... പെട്രോള്‍ വില ഒരു രൂപ പോലും നമുക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. 

വിശക്കുന്നവനോട് നമ്മള്‍ നിലപാട് വ്യക്തമാക്കിയിട്ട് കാര്യമില്ല. അവന് ആഹാരം കഴിക്കാനായിട്ടുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. എല്ലാ ആളുകളും പറയുന്നു, നിലപാട് ഇന്നതാണ്... നിലപാട് പറഞ്ഞുകഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലല്ലോ! നമുക്ക് വേണ്ടത് നിലപാടുകള്‍ വ്യക്തമാക്കുക എന്നതല്ല. ആത്മാര്‍ത്ഥമായി പരിശ്രമിച്ച്, അതിന് പരിഹാരം കണ്ടെത്തണം. 

ട്വന്റി 20 ഒരിക്കലും ഇങ്ങനെയുള്ള സമയത്ത്, തെരഞ്ഞെടുപ്പ് വരുമ്പോള്‍ നിലപാടുകള്‍ പറഞ്ഞ് ആളുകളെ ആശയക്കുഴപ്പത്തിലാക്കി, അവരെ തമ്മിലടിപ്പിച്ച് വോട്ട് നേടാനായി ഉദ്ദേശിക്കുന്നില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് അതിന് പരിഹാരം കാണുന്ന രീതിയിലായിരിക്കും ഞങ്ങളുടെ പ്രവര്‍ത്തനം.

Also Read:- 'ഇന്ധനവില വര്‍ധന ഒരു പ്രശ്‌നമാണ്'; ബാലശങ്കറിന്‍റെ ആരോപണം, സൗജന്യ ഭക്ഷ്യക്കിറ്റ്... മറുപടിയുമായി കണ്ണന്താനം...

Latest Videos
Follow Us:
Download App:
  • android
  • ios