Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ മികച്ച പോളിംഗ്; ഉച്ചവരെ മുപ്പത് ശതമാനം; ആത്മവിശ്വാസത്തോടെ കോൺഗ്രസും ബിജെപിയും

ഭാര്യയോടൊപ്പം രഥത്തിലേറിയാണ് ബിജെപി ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗീയ വോട്ട് ചെയ്യാനെത്തിയത്. വീട്ടിലും കുടുംബക്ഷേത്രങ്ങളിലും പൂജ നടത്തി മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ വോട്ട് ചെയ്യാനെത്തി. ഗ്വാളിയോറിൽ വോട്ട് ചെയ്യാനെത്തിയ ഗുണ എംപി ജ്യോതിരാദിത്യ സിന്ധ്യയാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.

30 percent voting till noon in madhyapradesh
Author
Bhopal, First Published Nov 28, 2018, 12:41 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് തുടരുകയാണ്. സംസ്ഥാനത്തെമ്പാടും മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിയ്ക്കുന്നത്. ഉച്ചയോടെ പല മണ്ഡലങ്ങളിലും 35 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലെല്ലാം പോളിംഗ് ബൂത്തുകളിലെല്ലാം നല്ല തിരക്കാണ്.

രഥമേറി ബിജെപി നേതാവ്

കൗതുകക്കാഴ്ചകൾക്കും മധ്യപ്രദേശിൽ കുറവില്ല. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗീയയും ഭാര്യയും രാവിലെത്തന്നെ ഇന്ദോറിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തി. വന്നതാകട്ടെ രഥത്തിലേറിയും! കുതിരകളെ കെട്ടി, റോയൽ സ്റ്റൈലിൽ തുറന്ന രഥത്തിലെത്തി വോട്ട് ചെയ്ത് മടങ്ങിയ ഇരുവരും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിയ്ക്കുകയും ചെയ്തു.

വോട്ടിംഗ് യന്ത്രം കേടായി, പലയിടത്തും പ്രതിഷേധം

മധ്യപ്രദേശിൽ പലയിടത്തു നിന്നും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാറെന്ന വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്. വോട്ടിംഗ് തടസ്സപ്പെട്ടതിനാൽ പോളിംഗ് സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

ഉജ്ജൈനിലെ രണ്ട് കേടായ പോളിംഗ് മെഷീനുകൾ മാറ്റിയിട്ടുണ്ട്. അലിരാജ് പൂരിലെ 11 വിവി പാറ്റ് മെഷീനുകളും മാറ്റിസ്ഥാപിച്ചു.

അതിനിടെ ഭോപ്പാലിലെ സെന്‍റ് മേരീസ് കോളേജിലെ പോളിംഗ് ബൂത്തിൽ പ്രചാരണലഘുലേഖകൾ വിതരണം ചെയ്യാൻ ശ്രമിച്ച പോളിംഗ് ഏജന്‍റിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ മണ്ഡലത്തിൽ ഏഷ്യാനെറ്റ് ന്യൂസ്

സ്വന്തം മണ്ഡലമായ ബുധിനിയിൽ വീണ്ടും ജനവിധി തേടുകയാണ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ. ചൗഹാനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ യാത്ര.

"

Read More: ശിവ്‍രാജ് സിംഗ് ചൗഹാനോ ജ്യോതിരാദിത്യയോ? മധ്യപ്രദേശിൽ ജനവിധി ഇന്ന്

Follow Us:
Download App:
  • android
  • ios