Asianet News MalayalamAsianet News Malayalam

'ശരിദൂരം' മോദിയിലേക്കെന്ന് കുമ്മനം: സുകുമാരൻ നായർ വിചാരിച്ചാൽ ജനം തെറ്റിദ്ധരിക്കില്ല: ബാലൻ

എന്‍എസ്എസിന്‍റെ ഇപ്പോഴത്തെ നിലപാടില്‍ ആശങ്കയില്ലെന്ന് എ കെ ബാലന്‍. സമുദായ നേതാക്കൾ പറയുന്നത് അനുസരിച്ചല്ല ജനം വോട്ട് ചെയ്യുന്നതെന്ന് കാനം രാജേന്ദ്രന്‍. എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് കുമ്മനം രാജശേഖരന്‍.

ak balan said there was no concern with the current status of nss
Author
Thiruvananthapuram, First Published Oct 15, 2019, 2:26 PM IST

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ സുകുമാരൻ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിനായി ശ്രമിച്ചത് എല്‍ഡിഎഫാണ്. പാവപ്പെട്ട നായന്മാര്‍ക്ക് ഇക്കാര്യമെല്ലാം അറിയാമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്‍എസ്എസിന്‍റെ ഇപ്പോഴത്തെ നിലപാടില്‍ ആശങ്കയില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. എന്‍എസ്എസിലെ പാവപ്പെട്ടവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. രണ്ട് സര്‍ക്കാരുകളും വിശ്വാസികളെ വഞ്ചിച്ചെന്നാണ് അദ്ദേഹം വിജയദശമി ദിന സന്ദേശത്തില്‍ പറഞ്ഞത്. സമദൂരത്തിനിടയിലും ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന ആഹ്വാനവും സുകമാരന്‍ നായര്‍ നല്‍കിയിരുന്നു.

Read Also: ശബരിമല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു; 'ശരിദൂര'ത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസ്

ഇതിനു പിന്നാലെ എന്‍എസ്എസിന്‍റെ പിന്തുണ തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിരുന്നു. 

Read Also: സുരേന്ദ്രന്‍ മത്സരിക്കുന്നത് വിശ്വാസികളെ വഞ്ചിക്കാന്‍'; എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമെന്നും കെ മുരളീധരന്‍

എന്നാല്‍,  എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഇന്ന് ആലപ്പുഴയില്‍ പറഞ്ഞു. സാമ്പത്തിക സംവരണം ഉറപ്പാക്കാൻ  മുന്നിട്ടിറങ്ങിയ  നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ്, ജി സുകുമാരന്‍ നായര്‍ പറഞ്ഞ ശരിദൂരമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

അതേസമയം, എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമല്ലെന്നും, തങ്ങൾക്കനുകൂലമെന്ന് വരുത്തി തീർക്കാൻ യു ഡി എഫ് നേതാക്കൾ ശ്രമിക്കുകയാണെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു. എൻഎസ്എസ് പ്രാദേശിക നേതാക്കൾ പറയുന്നതല്ല സംഘടനയുടെ നിലപാട്.സമുദായ നേതാക്കൾ പറയുന്നത് അനുസരിച്ചല്ല ജനം വോട്ട് ചെയ്യുന്നത്. സമുദായ നേതാക്കൾ പറയുന്നത് കേട്ടിരുന്നെങ്കിൽ 2016 ൽ എൽ ഡി എഫ് അധികാരത്തിൽ വരില്ലായിരുന്നു. സംസ്ഥാന രാഷ്ട്രീയം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ എൽഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്. പാല ഉപതെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം എൽഡിഎഫിന് അനുകൂലമാണെന്നും കാനം പറഞ്ഞു. 

Read Also: എൻഎസ്എസ് നിലപാടിൽ ആശങ്കയില്ല; ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അത് മറികടക്കും; എ വിജയരാഘവൻ

Follow Us:
Download App:
  • android
  • ios