Asianet News MalayalamAsianet News Malayalam

ശരത് യാദവ് മാപ്പ് പറയണം; വസുന്ധര രാജെയ്ക്ക് പിന്തുണയുമായി ബൃന്ദ കാരാട്ട്

രാഷ്ട്രീയപരമായി വസുന്ധര രാജെയുമായി ഭിന്നതകളുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നും സിപിഎം നേതാവ് കൂട്ടിച്ചേര്‍ത്തു

brinda karat supports Vasundhara Raje
Author
Delhi, First Published Dec 7, 2018, 11:12 PM IST

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്ക് പിന്തുണയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തടി കൂടുന്നതിനാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ ജനതാദള്‍ യു നേതാവ് ശരത് യാദവ് മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

വസുന്ധര രാജെ ഒരു രാഷ്ട്രീയ എതിരാളി മാത്രമല്ലെന്ന് ശരത് യാദവ് കരുതണമായിരുന്നു. അവര്‍ ഒരു സ്ത്രീയാണ്. കൂടാതെ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയുമാണ്. അവരെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തുന്നത് അപലപനീയമാണ്. ആ പ്രസ്താവന പിന്‍വലിച്ച് ശരത് യാദവ് മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

രാഷ്ട്രീയപരമായി വസുന്ധര രാജെയുമായി ഭിന്നതകളുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നും സിപിഎം നേതാവ് കൂട്ടിച്ചേര്‍ത്തു. തടി കൂടുന്നതിനാല്‍ വസുന്ധര രാജെയ്ക്ക് വിശ്രമം ആവശ്യമാണെന്നാണ് ശരത് യാദവ് പഞ്ഞത്.

വസുന്ധരയ്ക്ക് വിശ്രമം നല്‍കൂ. അവര്‍ വളരെ ക്ഷീണിതയാണ്. തടിയും കൂടിയിരിക്കുന്നു. മുമ്പ് വളരെ മെലിഞ്ഞിരുന്നതാണ്. അവര്‍ ഞങ്ങളുടെ മധ്യപ്രദേശിന്‍റെ മകളാണെന്നും ആല്‍വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

എന്നാല്‍, ശരത് യാദവിന്‍റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നാണ് വസുന്ധര രാജെ പ്രതികരിച്ചത്. ശരത് യാദവ് തന്നെ അപമാനിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ബിജെപി നേതൃത്വം ശരത് യാദവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വസുന്ധരയ്ക്കെതിരായ പരാമര്‍ശം വിവാദമായതോടെ മണിക്കൂറുകള്‍ക്കുളളില്‍ താന്‍ തമാശ പറഞ്ഞതായിരുന്നുവെന്ന വിശദീകരണവുമായി ശരത് യാദവ് രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios