Asianet News MalayalamAsianet News Malayalam

മുസ്ലിം സംവരണത്തിനായി സംസാരിച്ച യുവാവിനെ പരസ്യമായി അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി

കെസിആറിന്‍റെ കൈവിട്ട പ്രയോഗങ്ങളും ഇത്തരം പരാമർശങ്ങളും ഇതാദ്യമല്ല. ഇന്ത്യ നരേന്ദ്രമോദിയുടെ അച്ഛന്‍റെ സ്വത്തല്ലെന്ന് പറഞ്ഞത് രണ്ട് ദിവസം മുമ്പാണ്. രാഹുൽ ഗാന്ധിയെ ഭൂലോക മണ്ടൻ എന്ന് വിളിച്ചു. പ്രസംഗത്തിലാകട്ടെ ചന്ദ്രബാബു നായിഡുവിനെതിരെ അസഭ്യങ്ങൾ നിരക്കും. 

chandra sekhara rao publicly insults an young man
Author
Telangana, First Published Nov 30, 2018, 8:27 PM IST

തെലങ്കാന: കാഗസ് നഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ആയിരുന്നു സംഭവം. മുസ്ലീം സംവരണം നടപ്പാക്കാത്തത് എന്തെന്ന് ചോദ്യം ഉന്നയിച്ച യുവാവിനോട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പരസ്യമായി തട്ടിക്കയറി. 'പന്ത്രണ്ട് ശതമാനത്തെക്കുറിച്ച് ഞാൻ പറയാം, അവിടെ ഇരിക്ക്...' എന്ന് അരിശത്തിൽ ശകാരിച്ചുകൊണ്ട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ യുവാവിന് നേരെ തട്ടിക്കയറി. അച്ഛനോട് സംസാരിക്കുംപോലെ ആകരുത് എന്ന് വരെ യുവാവിനോട് പറയാൻ ചന്ദ്രശേഖര റാവു മടിച്ചില്ല. മുഖ്യമന്ത്രിയുടെ ഈ പരാമർശം പ്രതിപക്ഷം ഇപ്പോൾ പ്രചാരണ ആയുധമാക്കുകയാണ്.

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മുസ്ലിങ്ങൾക്ക് പന്ത്രണ്ട്  ശതമാനം സംവരണം ഏർപ്പെടുത്തുമെന്നത് കെസിആറിന്‍റെ വാഗ്ദാനമായിരുന്നു. സഭ പാസാക്കിയെങ്കിലും നിയമക്കുരുക്കിൽ തട്ടി അത് നടപ്പായില്ല. ഇതിന് കേന്ദ്രസർക്കാരിനെ പഴിചാരി പ്രചാരണം നടത്തുകയാണ് ടിആർഎസ്. ഇതിനിടെയാണ് വിഷയം വീണ്ടും സജീവമാക്കി കാഗസ്നഗറിലെ ചന്ദ്രശേഖര റാവുവിന്‍റെ പ്രകടനം.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ  കോൺഗ്രസ് രംഗത്തെത്തി. തോൽവി മുന്നിൽക്കണ്ട് സാധാരണക്കാരോട് കെസിആർ അരിശം തീർക്കുന്നുവെന്നാണ് കോൺഗ്രസിന്‍റെ കുറ്റപ്പെടുത്തൽ. 2014ൽ ചന്ദ്രശേഖര റാവുവിനെ കേൾക്കാൻ ആളുകളുണ്ടായിരുന്നുവെന്നും ഇപ്പോളദ്ദേഹത്തിന്‍റെ മനോനില തകരാറിലായിരിക്കുകയാണ് എന്നുമായിരുന്നു കോൺഗ്രസ് നേതാവ് ഹനുമന്ത റാവുവിന്‍റെ പ്രതികരണം.

അതേസമയം, പ്രതിപക്ഷം പറഞ്ഞുവിട്ട മദ്യപാനിയാണ് തന്നോട് ചോദ്യം ചോദിച്ചതെന്നാണ് റാവുവിന്‍റെ ആരോപണം. കെസിആറിന്‍റെ കൈവിട്ട പ്രയോഗങ്ങളും ഇത്തരം പരാമർശങ്ങളും ഇതാദ്യമല്ല. ഇന്ത്യ നരേന്ദ്രമോദിയുടെ അച്ഛന്‍റെ സ്വത്തല്ലെന്ന് പറഞ്ഞത് രണ്ട് ദിവസം മുമ്പാണ്. രാഹുൽ ഗാന്ധിയെ ഭൂലോക മണ്ടൻ എന്ന് വിളിച്ചു. പ്രസംഗത്തിലാകട്ടെ ചന്ദ്രബാബു നായിഡുവിനെതിരെ അസഭ്യങ്ങൾ നിരക്കും. നാട്ടുഭാഷയിൽ ഗ്രാമങ്ങളെ കയ്യിലെടുക്കുന്ന കെസിആർ ശൈലിയാണ് ഇതൊക്കെയെന്നാണ് ടിആർഎസിന്‍റെ ന്യായീകരണം.

"

Follow Us:
Download App:
  • android
  • ios