Asianet News MalayalamAsianet News Malayalam

സി കെ ജാനു വയനാട് ലോക്സഭാ സീറ്റിൽ മത്സരിക്കുമെന്ന് സൂചന

മന്ത്രി എ കെ ബാലനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. മുന്നണിയില്‍ കക്ഷിയാക്കണമെന്നും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം വേണമെന്നുമാണ് ജാനു ഉന്നയിച്ച ആവശ്യം. 

ck janu may be the candidate at wayanad loksabha seat
Author
Thiruvananthapuram, First Published Dec 5, 2018, 1:58 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമോ? വിവാദങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കുമിടയിൽ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. അങ്കത്തട്ടിൽ ആരൊക്കെ? നാടകീയ നീക്കങ്ങൾക്കൊടുവിൽ സമവാക്യങ്ങൾ മാറുമോ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു, 'കളം പിടിക്കാൻ ആരൊക്കെ?'

തിരുവനന്തപുരം: എൽഡിഎഫുമായി അടുക്കുന്ന സി കെ ജാനുവിനെ വയനാട് ലോക്സഭാ സീറ്റിൽ മത്സരിപ്പിക്കാന്‍ ഇടത് നേതാക്കൾക്കിടയിൽ ആലോചന. പാർട്ടി സീറ്റിൽ ജാനുവിനെ മത്സരിപ്പിക്കുന്നതിൽ സിപിഐക്കും എതിർപ്പില്ലെന്നാണ് സൂചന. മുന്നണി പ്രവേശനത്തിൽ നേതാക്കളുമായി ചർച്ച നടന്നതായി സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്‍ഡിഎ വിട്ട ശേഷം സി കെ ജാനുവിന്‍റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തി. മന്ത്രി എ കെ ബാലനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. മുന്നണിയില്‍ കക്ഷിയാക്കണമെന്നും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം വേണമെന്നുമാണ് ജാനു ഉന്നയിച്ച ആവശ്യം. ലോക് താന്ത്രിക്ക് ജനതാദളും ഐഎന്‍എലും മുന്നണി പ്രവേശനം കാത്തു നില്‍ക്കെ ഉടന്‍ ഘടകകക്ഷിയാക്കുന്നതിലുളള പ്രയാസം മുന്നണി നേതൃത്വം ജാനുവിനെ അറിയിച്ചു. 

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനം സിപിഐ നേതൃത്വം തന്നെ ജാനുവിന് നല്‍കിയതായാണ് സൂചന. കൂടാതെ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്. മുന്നണി പ്രവേശന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ വനിതാ മതില്‍ സംഘാടക സമിതി യോഗത്തില്‍ ജാനു പങ്കെടുത്തിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് യോഗം ചേരുന്ന പശ്ചാത്തലത്തില്‍ സിപിഐ നിര്‍ദ്ദേശ പ്രകാരം ജാനു ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു.

''നമ്മുടെ ആവശ്യം അനുസരിച്ച് ഘടകകക്ഷിയായിട്ട് മുന്നണിയില്‍ പരിഗണിക്കുന്നതിന്‍റെ ഭാഗമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ലെറ്റര്‍ പാഡില്‍ ഒരു കത്ത് നമ്മളവര്‍ക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ കത്ത് അടുത്ത ദിവസം തന്നെ എത്തിക്കാനായിട്ടുള്ള സംവിധാനം ചെയ്യും. മുന്നണി എന്ന നിലയില്‍ തന്നെ നമ്മളെ സ്വീകരിക്കും എന്നുള്ള നിലപാടാണ് ഇപ്പോള്‍ ഇടതുപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വളരെ സജീവമായിട്ട് വന്നിരിക്കുന്നത്.'' സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ജാനു 30000ത്തോളം വോട്ടുകള്‍ നേടിയിരുന്നു. അതേസമയം ജാനുവിന്‍റെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍റെ പ്രതികരണം. എന്നാല്‍ ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന്‍റെ പ്രധാന അജണ്ട മുന്നണി വിപുലീകരണമായിരിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios