Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി? കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന പഴയ ജയിലിൽ വെള്ളിയാഴ്ച രാത്രി ഒന്നര മണിക്കൂര്‍ വൈദ്യുതി നിലച്ചു. പിന്നീട് കുറേ പെട്ടികൾ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച് സ്ട്രോംഗ് റൂമിലേക്ക് കൊണ്ടുപോകുന്നതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

congress filed complaint in alleged manipulation of voting machines
Author
Sagar, First Published Dec 1, 2018, 10:38 PM IST

ഭോപ്പാൽ: വോട്ടെടുപ്പിന് ശേഷം മധ്യപ്രദേശിൽ വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഭോപ്പാലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേയ്ക്ക് സംശയാസ്പദമായ സാഹചര്യത്തിൽ ചില പെട്ടികൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം കത്തുന്നു

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന പഴയ ജയിലിൽ വെള്ളിയാഴ്ച രാത്രി ഒന്നര മണിക്കൂര്‍ വൈദ്യുതി നിലച്ചു. പിന്നീട് കുറേ പെട്ടികൾ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച് സ്ട്രോംഗ് റൂമിലേക്ക് കൊണ്ടുപോകുന്നതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ചില പെട്ടികൾ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. 

വോട്ടെടുപ്പിന് ശേഷം 48 മണിക്കൂര്‍ വൈകിയാണ് മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്രത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ എത്തിയത്. വോട്ടിംഗ് യന്ത്രങ്ങൾ കുറായിലെ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസത്തോളം സൂക്ഷിച്ചു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗിന്‍റെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളാണ് സ്ട്രോങ് റൂമിലേയ്ക്ക് എത്താൻ 48 മണിക്കൂര്‍ വൈകിയത്. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപകമായി ക്രമക്കേട് നടത്താൻ നടന്ന നീക്കമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദില്ലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഇതേകുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.

''വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന എല്ലാ കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടു. തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.'', കോൺഗ്രസ് നേതാവ് പി.എൽ.പൂനിയ പറയുന്നു. 

നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സാഗറിൽ കൃത്യമായി വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ എത്തിയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിരിച്ചുവിട്ടു. ഡെപ്യൂട്ടി തഹസിൽദാർ രാജേഷ് മെഹ്‍റയെയാണ് പിരിച്ചുവിട്ടത്. 

ഛത്തീസ്ഗഢിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച മുറിയുടെ പൂട്ട് തകര്‍ക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ സ്ട്രോങ്റൂമിൽ സാങ്കേതിക വിദഗ്ധര്‍ക്കൊപ്പം പ്രവേശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. വോട്ടെടുപ്പ് ദിനത്തിൽ തന്നെ വ്യാപകമായി ക്രമക്കേട് നടത്താൻ നീക്കങ്ങൾ നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിന്‍റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാൽ പരാജയഭീതി മൂലമാണ് കോൺഗ്രസിന്‍റെ ഇത്തരം ആരോപണങ്ങളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios