Asianet News MalayalamAsianet News Malayalam

വികസനം വോട്ടാകുമെന്ന് ഉറപ്പ്; ഇടുക്കിയില്‍ മത്സര പ്രതീക്ഷയുമായി ജോയ്‍സ് ജോര്‍ജ്ജ്

മത്സര രംഗത്തുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷക്കാലത്തേക്കാള്‍ വലിയ, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാവും. അപേക്ഷ നല്‍കിയ ഏറ്റവും അവസാനത്തെ ആള്‍ക്കുപോലും പട്ടയം ലഭ്യമാക്കണമെന്നതാണ് ലക്ഷ്യമെന്നും ഇടുക്കി എം പി ജോയ്സ് ജോര്‍ജ് 

joice george mp in five year challenge
Author
Idukki, First Published Feb 9, 2019, 5:28 PM IST

ഫൈവ് ഇയര്‍ ചലഞ്ചിൽ ഇടുക്കി എം പി ജോയ്സ് ജോര്‍ജ്

യുഡിഎഫിന് സ്വാധീനമുള്ള മണ്ഡലമായിട്ടും 2014 ല്‍ ഇടുക്കിയില്‍ നിന്ന് 5,0542 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കന്നി അങ്കത്തിനിറങ്ങിയ ജോയ്സ് ജോര്‍ജ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്ക സഭയുടെ പിന്തുണയോടെയാണ് അഭിഭാഷകനും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവുമായ ജോയ്സ് ജോര്‍ജ് കോണ്‍ഗ്രസിന്‍റെ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പശ്ചിമഘട്ട സംരക്ഷണമാണ് പ്രധാന ചര്‍ച്ചയായതെങ്കില്‍  പ്രളയമാകും മണ്ഡലത്തില്‍ ഇത്തവണ  ചര്‍ച്ചയാകുക. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണ നേട്ടങ്ങളെ കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് എം പി...

അഞ്ച് വര്‍ഷം എന്ത് ചെയ്തു ?

കഴിഞ്ഞ അഞ്ച് വര്‍ഷവും ജനങ്ങള്‍ക്കിടയില്‍ സജീവ സാന്നിധ്യമാകാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സംതൃപ്തി. പ്രത്യേകിച്ചും പ്രളയകാലത്തുള്‍പ്പെടെ മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് കൂടുതല്‍ സംതൃപ്തി നല്‍കുന്നു. ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസും തന്റെ മണ്ഡലവും മാത്രമായിരുന്നു പ്രവര്‍ത്തന മേഖല. പാര്‍ലമെന്റ് രംഗത്ത് നവാഗതന്‍ എന്ന പരിമിതികളെ മറികടന്ന് ആത്മാര്‍ത്ഥമായി 286 തവണ ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിക്കാന്‍ കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത രാജ്യത്തെ 18-ാമത്തെ പാര്‍ലമെന്റ് അംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 526 ചോദ്യങ്ങള്‍ ചോദിക്കുകയും 9 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. 

സാമൂഹ്യ പ്രശ്‌നങ്ങളിലും കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തില്‍ സജീവമായി ഇടപെടാനായി. കസ്തൂരിരംഗന്‍ പ്രശ്നം നിരവധി തവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മാറി മാറി വരുന്ന പരിസ്ഥിതി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിരന്തരമായി കണ്ട് അന്തിമ വിജ്ഞാപനത്തിനുവേണ്ടി പരിശ്രമിച്ചു. പശ്ചിഘട്ടത്തിലെ എം പിമാരുടെ യോഗം വിളിപ്പിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെയാണ് പ്രളയം വന്നുപെട്ടത്. എങ്കിലും പരിസ്ഥിതി മന്ത്രാലയത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന്  2013 നവംബര്‍ 13ല്‍ പുറത്തിറക്കിയ നിരോധന ഉത്തരവ് ഭേദഗതി ചെയ്യിക്കാനായത് വലിയ നേട്ടമാണ്. ഇടുക്കിയിലെ 25000 ഏക്കര്‍ കൃഷി സ്ഥലം വനമാക്കി മാറ്റുന്നതിനുള്ള അന്താരാഷ്ട്ര വനവത്കരണ പദ്ധതിയായ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍സ്കേപ്പ് പ്രോജക്ട് (എച്ച് ആര്‍ എം എല്‍)  നിര്‍ത്തി വയ്പ്പിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായി കരുതുന്നു. 

ഇടുക്കിയിലെ കര്‍ഷകരുടെ എക്കാലത്തെയും പ്രധാനപ്പെട്ട ആവശ്യമായ ഉപാധി രഹിത പട്ടയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി, പട്ടയത്തിന് നിശ്ചയിച്ചിരുന്ന ഒരു ലക്ഷം രൂപയെന്ന വരുമാന പരിധി എടുത്തു കളഞ്ഞു. ഒരേക്കര്‍ ഭൂമി മാത്രമേ പട്ടയം നല്‍കാനാവൂ എന്ന വ്യവസ്ഥ മാറ്റി 4 ഏക്കര്‍ കൃഷിഭൂമി വരെ പട്ടയം നല്‍കാമെന്ന നിയമം കൊണ്ടുവരാനായി. പത്തുചെയിന്‍ മേഖല ഉള്‍പ്പടെ പദ്ധതി പ്രദേശങ്ങളില്‍ പട്ടയം നല്‍കാനായി. ആദിവാസികള്‍ക്ക് നേരത്തെ നല്‍കിയിരുന്നത് വനാവകാശ രേഖ മാത്രമായിരുന്നു. അത് മാറ്റി പട്ടയം കൊടുക്കാനായി. 

വിദ്യഭ്യാസ രംഗത്തും വലിയ ഇടപെടല്‍ നടത്തി. എന്‍വിഷന്‍ഡ് യൂത്ത് ഫോര്‍ എന്റിച്ച്ഡ് സൊസൈറ്റി (ഐവൈഇഎസ്) എന്ന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കി. ഇടുക്കി മണ്ഡലത്തിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ 37 വര്‍ഷം കൊണ്ടുണ്ടായ വികസനത്തിന്റെ മൂന്നിരട്ടി വികസനം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൊണ്ടുവരാനായി. 4750 കോടിയുടെ വികസന പ്രവര്‍ത്തങ്ങളാണ് മണ്ഡലത്തിലെത്തിച്ചത്. 2200 കോടി ചെലവ് വരുന്ന ശബരിമല - പളനി തീര്‍ത്ഥാടന ഹൈവേയ്ക്ക് കേന്ദ്രാനുമതി നേടിയെടുക്കാനായി. 

ദേശീയപാത വികസന രംഗത്താണ് വലിയ മുന്നേറ്റം കൊണ്ടുവരാനായത്. അടിമാലി-കുമളി എന്‍എച്ച് 185 എന്ന പുതിയ പദ്ധതിയില്‍ 164 കോടി രൂപ അനുവദിപ്പിച്ച് മൂന്നാര്‍-പൂപ്പാറ-ബോഡിമെട്ട് പാത 381 കോടിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. സ്വദേശിത്തി ദര്‍ശന്‍ ടൂറിസം പദ്ധതിയില്‍ 99 കോടി അനുവദിപ്പിച്ച് വാഗമണ്‍ ഉള്‍പ്പടെ പദ്ധതി പൂര്‍ത്തിയാക്കാനായി. മണ്ഡലത്തിന് സ്വന്തമായി പാസ്‌പോര്‍ട്ട് ഓഫീസും എന്‍ എസ് സി ബറ്റാലിയനും മണ്ഡലത്തില്‍ അഞ്ച് ഇ എസ് ഐ ഡിസ്‌പെന്‍സറികളും കൊണ്ടുവരാനായി. 

പി എം ജി എസ് വൈയില്‍ 222 കോടിയുടെ 65 ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കാനായി. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി 9 സി ആര്‍ എഫ് റോഡുകള്‍ക്ക് 154 കോടി അനുവദിപ്പിച്ചു. ചെറുതോണി ഉള്‍പ്പെടെ 8 പാലങ്ങള്‍ക്കായി  70 കോടി രൂപയും അനുവദിപ്പിക്കാനായതും നേട്ടമായി കരുതുന്നു. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ഉണ്ടായിട്ടുള്ളത്.

അഞ്ച് വർഷം നടപ്പാക്കാനാകാതെ പോയത് ? 

ഏറ്റെടുക്കാന്‍ കഴിയാതെ പോയ പദ്ധതി പ്രത്യേകിച്ചൊന്നുമില്ല.  ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമായ എല്ലാ പദ്ധതികളിലേക്കും പ്രവേശിക്കാനായി എന്നത് കൂടി ഈ കാലഘട്ടത്തിലെ പ്രവര്‍ത്തന മികവായി. 

അഞ്ച് വര്‍ഷത്തിനിടെ നേരിട്ട പ്രധാന വെല്ലുവിളി 

അഭിമുഖീകരിച്ച പ്രധാന വെല്ലുവിളികളിലൊന്ന് പദ്ധതി നിര്‍വ്വഹണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായ കാലതാമസമാണ്. നിരന്തരം ഈ രംഗത്തുള്ളവരുമായി കലഹിക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊന്ന് ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിരിക്കുന്നതിന് നേരിട്ട ബുദ്ധിമുട്ടുകളാണ്. ഉദ്യോഗസ്ഥ തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മെമ്മറി എന്നത് ഇല്ല. ഒരു നിയമത്തതിന്റെ തുടര്‍ച്ച ഇല്ലാതെ വരുന്നു. ഒരു ഉദ്യോഗസ്ഥന്‍ പോയാല്‍ മറ്റൊരാള്‍ക്ക് ഫയലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വരുന്നു.

നിയമത്തെ വ്യാഖ്യാനിക്കുന്നതില്‍ മാനുഷിക മുഖം കാണാതെ പോകുന്നതും പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനങ്ങളും വികസനത്തിന്റെ വേഗതയെ ബാധിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ക്ക് ദൗര്‍ലഭ്യത ഉണ്ടായതും വെല്ലുവിളി ഉയര്‍ത്തി. 

അടുത്ത അഞ്ച് വര്‍ഷം എങ്ങനെയാകണം ?

ദേശീയ പാതാ വികസനത്തിനും റോഡു നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കി, അടിസ്ഥാന വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മറ്റൊന്ന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ട ചുമതല ഏല്‍പിച്ച ഇടുക്കി മെഡിക്കല്‍ കോളേജ് ആധുനിക സൗകര്യങ്ങളോടു കൂടി യാഥാര്‍ത്ഥ്യമാക്കണം. 

മറ്റൊന്ന് കൂടി,  സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയുടെ പുനര്‍നിര്‍മ്മാണത്തിനായി പ്രഖ്യാപിച്ച 5000 കോടിയുടെ ഇടുക്കി പാക്കേജ് കൃത്യതയോടെ നടപ്പിലാക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം കൊണ്ടുവരണം. അവശേഷിക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം കാണണം. അപേക്ഷ നല്‍കിയ ഏറ്റവും അവസാനത്തെ ആള്‍ക്കുപോലും പട്ടയം ലഭ്യമാക്കണം. 

അങ്കത്തിനൊരുങ്ങിയോ ഇടുക്കി ?

വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ ഡി എഫ് ആണ്.  മത്സര രംഗത്തുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷക്കാലത്തേക്കാള്‍ വലിയ, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാവും. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും 5 വര്‍ഷംകൊണ്ട് ഉണ്ടാക്കിയെടുക്കാനായ ഊഷ്മളമായ ബന്ധം, വികസന രംഗത്തെ മുന്നേറ്റം, ഉയര്‍ത്തിപ്പിടിച്ച നിലപാടുകളിലെ വ്യക്തത, ജനങ്ങളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങള്‍, പാര്‍ലമെന്ററി പ്രവര്‍ത്തനം എന്നിവ വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്യും. 6 ദിവസം നീണ്ട നിരാഹാര സമരത്തിലൂടെ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന് തടസ്സം നിന്നവര്‍ക്കെതിരെ പ്രതികരിക്കാനും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയിലൂടെ കുറത്തിക്കുടി ആദിവാസി കുടിയിലേക്ക് റോഡ് പണിയുന്നതിന് കഴിഞ്ഞതും വലിയ ആത്മവിശ്വാസം പകരുന്നതാണ്.

Follow Us:
Download App:
  • android
  • ios