Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ ഇടതുപക്ഷം ആരെ നിർത്തിയാലും ജയിക്കും; സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും: സി എൻ ജയദേവൻ

സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൃശ്ശൂരിൽ സി എൻ ജയദേവന് തന്നെയാണ് മുൻതൂക്കം. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരും തൃശൂര്‍ ജില്ലാ നേതൃത്വവും സി എൻ ജയദേവനൊപ്പമാണ്. സിറ്റിംഗ് എംപി തൃശ്ശൂരിൽ നിന്ന് വീണ്ടും ജനവിധി തേടുമോ?

LDF will have an easy walkover in Trissur Loksabha constituency, says CN Jayadevan MP
Author
Trissur, First Published Feb 12, 2019, 11:57 PM IST

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളിൽ ഒരാൾ സിപിഐയുടെ സി എൻ ജയദേവൻ ആയിരുന്നു. മറ്റ് മൂന്ന് സീറ്റുകളിലും സിപിഐ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടപ്പോൾ തൃശ്ശൂരിൽ നിന്ന് സി എൻ ജയദേവൻ യുഡിഎഫിന്‍റെ കെ പി ധനപാലനെ പരാജയപ്പെടുത്തിയത് 39000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഒരിക്കൽ പി സി ചാക്കോയോട് തോറ്റിട്ടുണ്ടെങ്കിലും രണ്ടാമങ്കത്തിലെ ആധികാരിക വിജയവും എംപിയെന്ന നിലയിലെ പ്രകടനവും സിഎൻ ജയദേവന് മൂന്നാമത് ഒരവസരം നൽകുമോ?

നിയമസഭയിലേക്ക് രണ്ടുതവണ മത്സരിച്ചവർക്ക് സാധാരണ നിലയിൽ സിപിഐ വീണ്ടും അവസരം നൽകാറില്ല. അതേസമയം എം പി എന്ന നിലയില്‍ സി എൻ ജയദേവൻ മികച്ച പ്രകടനം നടത്തിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് സി എൻ ജയദേവൻ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോളും തൃശ്ശൂരിൽ സി എൻ ജയദേവന് തന്നെയാണ് മുൻതൂക്കം. നേരത്തെ കെ പി രാജേന്ദ്രന്‍റെ പേര് സജീവമായിരുന്നെങ്കിലും വാട്സ്ആപ് ഗ്രൂപ്പുകളില്‍ സി എൻ ജയദേവനെ പരിഹസിക്കുന്ന ചില പരാമര്‍ശങ്ങൾ നടത്തിയത് തിരിച്ചടിയായി. മാത്രമല്ല, സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരും തൃശൂര്‍ ജില്ലാ നേതൃത്വവും സി എൻ ജയദേവനൊപ്പമാണ്. 

ഈ സാഹചര്യത്തിൽ സിറ്റിംഗ് എംപി തൃശ്ശൂരിൽ നിന്ന് വീണ്ടും ജനവിധി തേടുമോ? ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്‍റെ തെരഞ്ഞെടുപ്പ് പ്രത്യേക പംക്തിയായ ഫൈവ് ഇയർ ചലഞ്ചിൽ സി എൻ ജയദേവൻ.

പത്ത് വർഷത്തെ നേട്ടങ്ങൾ
എംപി ഫണ്ട് പൂർണ്ണമായും ഫലവത്തായും വിനിയോഗിക്കാൻ കഴിഞ്ഞുവെന്നതാണ് തന്‍റെ വലിയ വികസന നേട്ടമായി തൃശ്ശൂർ എംപി കാണുന്നത്. എംപി ഫണ്ടിന്‍റെ 93% തുകയും ചിലവഴിക്കാൻ കഴിഞ്ഞുവെന്നത് ഏറെ ചാരിതാർഥ്യം തരുന്നുവെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 33.45 കോടി രൂപ ചെലവുവരുന്ന 496 വികസന പദ്ധതികളാണ് നടപ്പാക്കാനായി സമർപ്പിച്ചത്. ഇതിൽ 406 പദ്ധതികൾക്ക് അനുമതി ലഭിച്ചു. അതിൽ 334 പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചു. ശേഷിക്കുന്ന 74 പദ്ധതികളുടെ നിർമ്മാണ നടപടികൾ പുരോഗമിച്ചു വരുന്നുവെന്നും സി എൻ ജയദേവൻ പറയുന്നു. തൻറെ വികസനനേട്ടങ്ങളായി തൃശ്ശൂർ എംപി എണ്ണിപ്പറയുന്നവ ഇവയാണ്.

ആദ്യ പരിഗണന അടിസ്ഥാന വികസനത്തിന്

1. മണലൂർ നിയമസഭാ മണ്ഡലത്തിൽ ഏനാമാവ് പുഴയ്ക്ക് കുറുകെ രണ്ടു കോടി രൂപ ചെലവിട്ട് നിർമ്മിച്ച സ്റ്റീൽ പാലം നാടിനു സമർപ്പിച്ചു.
2. തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ നിർമ്മാണജോലികൾ അന്തിമഘട്ടത്തിൽ.
3. തൃശൂർ രാമവർമ്മപുരത്ത് സ്‌ഥാപിച്ച വിജ്ഞാൻ സാഗറിൽ 50 ലക്ഷം രൂപ വിനിയോഗിച്ചുള്ള മൾട്ടി പ്ലസ് തിയ്യേറ്ററിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.
4. തൃശൂർ ശ്രീ കേരളവർമ്മ കോളേജിന് 20 ലക്ഷം ചെലവിട്ട് സെമിനാർ ഹാൾ നിർമ്മിച്ചു നൽകി.
5. പുതുക്കാട് മണ്ഡലത്തിലെ  എലിക്കോട് ആദിവാസി കോളനിയിലെ റോഡ്  22 ലക്ഷം ചെലവിട്ട് സഞ്ചാരയോഗ്യമാക്കി.
6. പിള്ളത്തോട് ചെക്ക് ഡാം നിർമ്മിച്ചുകൊണ്ടിരിക്കുന്നു. 

വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക ഊന്നൽ

1. മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കായി 1.33 കോടി രൂപയുടെ കമ്പ്യൂട്ടറുകൾ  വിതരണം ചെയ്തു.
2. വിവിധ സ്കൂളുകൾക്കും കോളേജുകൾക്കുമായി കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ, സെമിനാർ / ഡൈനിങ്ങ് ഹാളുകൾ, കമ്പ്യൂട്ടർ ലാബുകൾ, ഡിജിറ്റൽ ലൈബ്രറികൾ, സോളാർ പദ്ധതികൾ, പാചകപ്പുരകൾ, ശുദ്ധജല വിതരണം,  അങ്കണവാടി, വായനശാല കെട്ടിടങ്ങൾ എന്നിവക്കായി 5.55 കോടി രൂപ അനുവദിച്ചു. ഈ പ്രവൃത്തികൾ പൂർത്തീകരിക്കാനായി.
3. സർക്കാർ, എയിഡഡ് സ്കൂളുകൾക്ക് മാത്രമായി 49 ബസുകൾ അനുവദിച്ചു.

ഗ്രാമീണ മേഖലയിലെ വികസന നേട്ടങ്ങൾ

1. ഒല്ലൂർ മണ്ഡലത്തിലെ ഒളകര ആദിവാസി കോളനി നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന പാലം എട്ടു ലക്ഷം രൂപ ചെലവഴിച്ച്  നിർമ്മിച്ചു.
2. പുതുക്കാട് മണ്ഡലത്തിലെ കള്ളിച്ചിത്ര ആദിവാസി കോളനി റോഡ് 15 ലക്ഷം രൂപ ചെലവിട്ട് പൂർത്തിയാക്കി.
3. പുത്തൂർ പഞ്ചായത്തിലെ ഇഎംഎസ് കുന്ന് റോഡ് 15 ലക്ഷം ചെലവഴിച്ചു യാത്രായോഗ്യമാക്കി.
4. എലിക്കോട് കോളനിയിലെ റോഡ് 22 ലക്ഷം വിനിയോഗിച്ചു യാത്രായോഗ്യമാക്കി.
5. പാണഞ്ചേരി പഞ്ചായത്തിലെ ഇമ്മട്ടിപ്പറമ്പിലും ആശാരിക്കാടും 28 ലക്ഷം ചെലവിട്ട് രണ്ട് കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കി.
6. ആളൂർ ഉരുവത്തുംപീടിക റോഡ് 18.40 ലക്ഷം അനുവദിച്ച് നിർമ്മിച്ചു.
7. താന്ന്യം പഞ്ചായത്തിലെ അംബേദ്കർ കോളനി റോഡും ചാഴുരിലെ പാറക്കൽ റോഡും  32 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ചു.

ആരോഗ്യമേഖലയ്ക്കും ആവുന്നത് ചെയ്തു

1. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ 15 ലക്ഷം ചെലവഴിച്ചു പുതിയ ജനറേറ്റർ
2. ചാവക്കാട് സർക്കാർ ആശുപത്രിയിൽ 15 ലക്ഷം ചെലവിട്ട് മാമ്മോഗ്രാം പ്രവർത്തിപ്പിക്കാനുള്ള കെട്ടിടം.
3. തൃശ്ശൂർ കോർപറേഷൻ വക ജനറൽ ആശുപത്രിയിൽ 15 ലക്ഷം വിനിയോഗിച്ച് ആധുനിക സംവിധാനങ്ങളോടെയുള്ള നേത്ര പരിശോധന ലാബ്.
4. തൃശ്ശൂരിൽ ഐഎംഎ രക്ത ബാങ്കിന് പുതിയ ശീതികരണ സംവിധാനം സ്‌ഥാപിക്കുന്നതിനായി 18 ലക്ഷം നൽകി.
5. സൊലസ് എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിനായി 15 ലക്ഷം രൂപ ചെലവിട്ട് ഒളരിയിൽ  രോഗികളുടെ പുനരധിവാസ കേന്ദ്രം നിർമ്മിച്ചു.

മറ്റു വികസന പദ്ധതികൾ

തൃശൂർ സബ് ജയിലിൽ 12 ലക്ഷം ചെലവു ചെയ്ത് ഓപ്പൺ എയർ ഓഡിറ്റോറിയം. നിരവധി ഗ്രാമീണ റോഡുകൾ, ചെറുകിട കുടിവെള്ള പദ്ധതികൾ, സാംസ്കാരിക നിലയങ്ങൾ,  ക്ലബ്ബ് കെട്ടിടങ്ങൾ, തെരുവ് വിളക്കുകൾ, അഴുക്കുചാൽ പദ്ധതികൾ  എന്നിങ്ങനെ സാധാരണ ജനങ്ങളുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ നടപ്പാക്കാനായെന്ന് സി എൻ ജയദേവൻ എംപി പറയുന്നു.

കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കാനാകാതെ പോയത്?

പരമാവധി ശ്രമിച്ചിട്ടും ദേശീയപാതയുടെ വികസനം പൂർണ്ണമായി നടപ്പാക്കാനായില്ല എന്നതാണ് എംപിയെന്ന നിലയിൽ തൻറെ നിരാശയെന്ന് സി എൻ ജയദേവൻ. ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചലമായിക്കിടക്കുന്ന സമയത്താണ് എംപിയായി ചുമതല ഏൽക്കുന്നത്. മണ്ണുത്തി - വടക്കുംചേരി ദേശീയപാതയുടെ നിർമ്മാണം പുനഃരാരംഭിക്കുക എന്നതായിരുന്നു മുഖ്യ വെല്ലുവിളി. ദേശീയപാത പ്രശ്നം പലതവണ പാർലമെന്റിൽ അവതരിപ്പിച്ചു. അതിനുവേണ്ടി  ദേശീയപാതാ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരായ പൊൻ രാധാകൃഷ്ണൻ, നിതിൻ ഗഡ്കരി എന്നിവരെ പലവട്ടം നേരിട്ടുകണ്ടു. തുടർച്ചയായി കത്തുകളയച്ചും നാഷണൽ ഹൈവേ അതോറിറ്റിയുടെ ഓഫീസ് കയറിയിറങ്ങിയും നിരന്തരം  ബന്ധപ്പെട്ടതിന്‍റെ ഫലമായാണ് നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചതെന്ന് സി എൻ ജയദേവൻ പറഞ്ഞു.

പക്ഷേ കേന്ദ്രസർക്കാരിന്‍റെയും അവർ നേതൃത്വം നൽകുന്ന ദേശീയപാത അതോറിറ്റിയുടെയും നിരുത്തരവാദിത്വവും തികഞ്ഞ അനാസ്‌ഥയുമാണ് ദേശീയപാത നിർമ്മാണത്തിന് ഇപ്പോഴും തടസമായി നിൽക്കുന്നതെന്നാണ് എംപിയുടെ പരാതി. മണ്ണുത്തിക്കും വടക്കഞ്ചേരിക്കുമിടയിൽ മുളയം, മുടിക്കോട് ജങ്ഷനുകളിൽ അടിപ്പാത വേണമെന്ന ജനകീയ ആവശ്യം അംഗീകരിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറായില്ല. അടിപ്പാതകൾ ഉറപ്പുവരുത്തി ഗതാഗതയോഗ്യമാക്കാൻ എംപി എന്ന നിലയിൽ താനും എംഎൽഎ കെ രാജനും ഇടതുമുന്നണിയും നിരന്തര സമരങ്ങൾ നടത്തി.

പൊതുമരാമത്തു വകുപ്പു മന്ത്രി ശ്രീ.ജി.സുധാകരന്‍റെ നേതൃത്വത്തിൽ സംസ്‌ഥാന സർക്കാരും ദേശീയപാതയ്ക്കായി കാര്യമായി പരിശ്രമിച്ചതുകൊണ്ടാണ് ഇന്നത്തെ നിലയിലെങ്കിലും ദേശീയപാത ഗതാഗത യോഗ്യമാക്കാൻ സാധിച്ചത്. ഇതിനകം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടങ്ങളും അതുവഴി പൊലിഞ്ഞുപോയ എത്രയോ ജീവിതങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും കേന്ദ്ര സർക്കാരാണ് മറുപടി പറയേണ്ടതെന്നും എംപി ആരോപിക്കുന്നു. പ്രളയക്കെടുതികൾക്ക് സഹായം തരുന്നതിൽ പോലും കേരളത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ച മോദി സർക്കാർ അതേ നയം തന്നെയാണ് മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നിർമ്മാണത്തിന്റെ കാര്യത്തിലുംസ്വീകരിച്ചതെന്നും സി എൻ ജയദേവൻ കുറ്റപ്പെടുത്തുന്നു.

ഇനി വരുന്നവർ ആരായാലും എന്തിനായിരിക്കണം പ്രഥമ പരിഗണന?

വിവിധവകുപ്പുകളുടെ സമയബന്ധിതമായ ഏകോപനം സാധ്യമായില്ലെങ്കിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുക ദുഷ്കരമാണ്. ഉദ്യോഗസ്‌ഥ ദുഷ്പ്രഭുത്വവും നിയമത്തിന്റെ നൂലാമാലകളും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. നിയമങ്ങളിലും സർക്കാരിന്റെ ഭരണപ്രവർത്തനങ്ങളിലും ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്തി വികസനപ്രവർത്തനങ്ങൾക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തണം. അതിനായി പുതിയ എംപി പ്രവത്തിക്കണം. ഏകജാലക സംവിധാനമില്ലാതെ വികസനപ്രവർത്തനങ്ങൾ എളുപ്പത്തിൽ യാഥാർഥ്യമാക്കാൻ കഴിയില്ലെന്നാണ് തൻറെ അനുഭവം പഠിപ്പിക്കുന്നതെന്നും സി എൻ ജയദേവൻ.

ഇപ്പോൾ തൃശ്ശൂരിൽ മൂന്ന് സർവ്വകലാശാലകളും മൂന്ന് മെഡിക്കൽ കോളേജുകളും നിരവധി എൻജിനീയറിങ് കോളേജുകളുമുണ്ട്.  വൈവിധ്യമേറിയ നിരവധി  വിഷയങ്ങളിൽ നിലവിൽ തന്നെ പഠന സാധ്യതകളുള്ള തൃശ്ശൂരിനെ രാജ്യത്തെ മികച്ചൊരു വിദ്യാഭ്യാസകേന്ദ്രമായി ഉയർത്താൻ ഇനി വരുന്ന എംപി പരിശ്രമിക്കണമെന്നും സിഎൻ ജയദേവൻ നിർദ്ദേശിക്കുന്നു.

വീണ്ടും മത്സരിക്കാൻ സാധ്യതയുണ്ടോ?

വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരുതിയായിരുന്നു  ഈ ചോദ്യത്തിന് സി എൻ ജയദേവൻറെ പ്രതികരണം. മറുപടി രണ്ട് വരിയിലൊതുക്കി, 'സ്‌ഥാനാർഥിയെ നിശ്ചയിക്കുന്നത് പാർട്ടിയാണ്. മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നിർത്തുന്ന ഏതു സ്‌ഥാനാർഥിയും ഉജ്ജ്വല വിജയം കൈവരിക്കും.'

Follow Us:
Download App:
  • android
  • ios