Asianet News MalayalamAsianet News Malayalam

സര്‍വ്വേ ഫലം തെറ്റ്; ലോക്സഭാ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമാകും: കോടിയേരി

കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ ഊന്നിയായിരിക്കും പ്രചരണം. 14 ജില്ലകളിലും ഇത് സംബന്ധിച്ച് സെമിനാർ നടത്തും. കേന്ദ്ര ബജറ്റും ബി ജെ പിയുടെ വ്യാജ വാഗ്ദാനങ്ങളുടെ തെളിവാണെന്നും കോടിയേരി

loksabha election will be favorable for ldf says kodiyeri balakrishnan
Author
Thiruvananthapuram, First Published Feb 2, 2019, 6:52 PM IST

തിരുവനന്തപുരം: ഇടതുമുന്നണിയ്ക്ക് പ്രതികൂലമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണ്ടും സർവേ റിപ്പോർട്ടുകൾ തെറ്റിയിട്ടുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായിരുന്നു. പാർട്ടി ജനങ്ങൾക്കിടയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 

പുതിയ ഘടകകക്ഷികളാരും സീറ്റ് ചോദിച്ചിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് പാർട്ടി കടന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു. കഴിഞ്ഞ മാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി വിപുലീകരണം നടത്തിയത്. 

മാര്‍ച്ച് 2-ന് പ്രചരണ ജാഥകളുടെ സമാപനമാകുന്നതോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമാകും. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ ഊന്നിയായിരിക്കും പ്രചരണം. 14 ജില്ലകളിലും ഇത് സംബന്ധിച്ച് സെമിനാർ നടത്തും.

പനോളി വിൽസൻ, അബ്ദുൾ ഖാദർ എം എല്‍ എ, എം വിജയകുമാർ എന്നീ മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി സിപിഎമ്മിന്‍റെ സംസ്ഥാന കൺട്രോൾ കമ്മീഷൻ പുനഃസംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. നിലവിലെ മൂന്ന് അംഗങ്ങൾ ഒഴിവായ സാഹചര്യത്തിലാണിത്.

കേന്ദ്ര ബജറ്റും ബിജെപിയുടെ വ്യാജ വാഗ്ദാനങ്ങളുടെ തെളിവാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മ 40 വർഷത്തെ ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ്. ബജറ്റില്‍ കാർഷികമേഖലയ്ക്ക് തുക തീരെ കുറവ്. കേരളത്തിന് ബജറ്റിൽ ഒന്നും ഇല്ല. ഇറക്കുമതി ചുങ്കം ഇനിയും കുറയ്ക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ നാണ്യവിളകളെ ബാധിക്കുമെന്നും കേന്ദ്ര ബജറ്റിനെതിരെ കോടിയേരി പറഞ്ഞു. 

കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പിന്നാലെ പോകാനില്ല. കൂടുതൽ സീറ്റുകൾ വാങ്ങാൻ പി ജെ ജോസഫിന് ആശംസകൾ നേരുന്നു. അതിന് അദ്ദേഹത്തിന് ശേഷിയുണ്ടെന്നും കോടിയേരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios