Asianet News MalayalamAsianet News Malayalam

'കോൺഗ്രസ് മുക്ത വടക്കുകിഴക്കൻ ഇന്ത്യ' എന്ന ബിജെപി മുദ്രാവാക്യം സത്യമാകുമോ? മിസോറാം പോളിംഗ് ബൂത്തിലേയ്ക്ക്

കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് മിസോറാമിൽ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തോടെയാണ് മിസോറാമിൽ തെര‌ഞ്ഞെടുപ്പ് സീസൺ തുടങ്ങിയത് തന്നെ. ഒരു സംശയവും വേണ്ട, ഇത്തവണ ക്രിസ്മസ് മിസോറാം ആഘോഷിക്കുക ബിജെപി ഭരണത്തിന് കീഴിലാകുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചത്. ഇത് സത്യമാകുമോ? 

mizoram to vote who will win congress is in confidence or not an analysis
Author
Aizawl, First Published Nov 27, 2018, 9:15 PM IST

ഐസ്വാള്‍: വടക്ക് കിഴക്കൻ ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ മിസോറാം ഇന്ന് പോളിങ് ബൂത്തിലേക്ക്. ബ്രൂ അഭയാർത്ഥികൾക്ക് വോട്ടവകാശം നൽകുന്നത് സംബന്ധിച്ചുണ്ടായ പ്രക്ഷോഭം കണക്കിലെടുത്ത് വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

7,70,395 വോട്ടർമാർ. അതിൽ 3,94,897 സ്ത്രീകൾ. ഏഴ് മണി മുതൽ നാല് മണിവരെയാണ് വോട്ടെടുപ്പ്. 1164 പോളിങ് സ്റ്റേഷനുകൾ. ഇതിൽ  32 എണ്ണം പ്രശ്നബാധിതം. 38 ബൂത്തുകള്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ്. മാമിത്, കൊലസിബ് ജില്ലകളിലെ 15 താത്കാലിക പോളിങ് സ്റ്റേഷനുകളിലാണ് ത്രിപുരയിലെ അഭയാ‍ർത്ഥി ക്യാംപുകളിൽ കഴിയുന്ന 12,000 ബ്രൂ വംശജർക്ക് വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

നാല്പതംഗ നിയമസഭയിലേക്ക് 15 വനിതകൾ ഉൾപ്പടെ 209 പേരാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസും പ്രധാന പ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ടും 40 സീറ്റുകളിലും ബിജെപി 39 സീറ്റുകളിലും മത്സരിക്കുന്നു. പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക സംഘടകനകളുടെ കൂട്ടായ്മയായ മിസോറം പീപ്പിൾസ് മൂവ്മെന്റിന്റെ പ്രതിനിധികൾ സ്വതന്ത്രരെന്ന ലേബലിൽ 35 സീറ്റുകളിലും മറ്റൊരു കൂട്ടായ്മയായ പ്രിസം 13 സീറ്റുകളിലും മത്സരിക്കുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി ഒൻപത് സീറ്റുകളിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അ‍ഞ്ച് സീറ്റുകളിലും പോരാട്ടത്തിനുണ്ട്.

കോൺഗ്രസും എംഎൻഎഫും തമ്മിലാണ് മിസോറാമിൽ പ്രധാന പോരാട്ടം. 2008ൽ 38.89 ശതമാനം വോട്ട് നേടിയ കോൺഗ്രസ് 32 സീറ്റുകളുമായാണ് ഭരണം പിടിച്ചത്. 2013ൽ വോട്ട് വിഹിതം 44.63ഉം സീറ്റുകൾ 34ആയും ഉയർത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പിടിച്ച ബി.ജെ.പി മിസോറാമിലും സര്‍വ അടവുകളും പ്രയോഗിക്കുമ്പോൾ ഇത്തവണത്തെ തിരഞ്ഞെടുപ്പ് തികച്ചും ആവേശകരം.

കോൺഗ്രസ് ക്യാംപ് ആശങ്കയിൽ
 
മിസോറാമിൽ ഭരണത്തുടർച്ച തേടിയുള്ള പോരാട്ടത്തിന്‍റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് ക്യാംപ് ആശങ്കയിലാണ്. ഭൂരിപക്ഷം നേടാനാവില്ലെന്ന കണക്കുകൂട്ടലിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനായി കോൺഗ്രസ് ശ്രമം തുടങ്ങി. ബിജെപിയും എംഎൻഎഫും ഒഴികെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വടക്ക് കിഴക്കൻ ഇന്ത്യയിൽ രണ്ട് വർഷത്തിനുള്ളിൽ നാല് സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് അധികാരം നഷ്ടമായത്. അതിനാൽ കോൺഗ്രസിനെ സംബന്ധിച്ച് മിസോറാം നിർണ്ണായകമാണ്. 

രാഹുൽ ഗാന്ധിയുടെ രണ്ട് റാലികൾ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി ലാൽതൻവാലയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. 30 സീറ്റുകളിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ആദ്യ ദിവസങ്ങളിലെ അവകാശവാദം. പ്രചാരണം അവസാനിക്കുമ്പോൾ ആ ആത്മവിശ്വാസം കോൺഗ്രസിന് നഷ്ടപ്പെട്ടെന്നാണ് സൂചനകള്‍. മുമ്പൊന്നുമില്ലാത്ത വിധം തെരഞ്ഞെടുപ്പ് ചിത്രത്തിൽ ബിജെപി ഇടം പിടിക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും ഉറപ്പാണ്. മദ്യ നിരോധനം നിക്കിയതും ഭരണവിരുദ്ധ വികാരവും എംഎൽഎമാരുടെ ചോർച്ചയും തിരിച്ചടിയാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയും മിസോ നാഷണൽ ഫ്രണ്ടും ഒഴിച്ച് ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി ലാൽതൻവാലയുടെ പ്രഖ്യാപനം.

അതേസമയം, 'കോൺഗ്രസ് മുക്ത വടക്ക് കിഴക്കൻ ഇന്ത്യ'യെന്ന ലക്ഷ്യത്തിലേക്കുള്ള അവസാന ലാപ്പിലാണ് ബിജെപി. നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങി ദേശീയ നേതൃത്വത്തിലെ പ്രമുഖർ പ്രചാരണത്തിനെത്തി. വികസനമുരടിപ്പായിരുന്നു പ്രധാന പ്രചാരണ ആയുധം. 16 സീറ്റുകളിൽ മികച്ച പ്രകടനവും രണ്ട് സീറ്റിലെങ്കിലും വിജയവുമാണ് ഉന്നം. മിസോ വികാരം തുണയ്ക്കുമെന്ന് എംഎൻഎഫും പ്രതീക്ഷിക്കുന്നു. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ക്രിസ്ത്യൻ സഭകളുടെയും മിസോ സംഘടനകളുടെയും പിന്തുണ മിസോറാമിൽ നിർണ്ണായകമാകും.

Follow Us:
Download App:
  • android
  • ios