Asianet News MalayalamAsianet News Malayalam

കോഴിക്കോട് എംകെ രാഘവനെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ യുഡിഎഫ്; മുഹമ്മദ് റിയാസിനെ ഇറക്കി മണ്ഡലം പിടിക്കാൻ സിപിഎം

ഇടതിന് മുന്‍തൂക്കമുള്ള മണ്ഡലത്തിൽ രാഘവന്‍ രണ്ട് വട്ടം ജയിച്ച് കയറിയത് വ്യക്തിബന്ധങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ മുഹമ്മദ് റിയാസിനെ ഒരിക്കല്‍ കൂടി മല്‍സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ ആലോചന.

muhammed riyas to face m k raghavan in kozhikode constituency
Author
Kozhikode, First Published Dec 13, 2018, 1:14 PM IST

കോഴിക്കോട്: കോഴിക്കോട് എം കെ രാഘവന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ഇടതിന് മുന്‍തൂക്കമുള്ള മണ്ഡലത്തിൽ രാഘവന്‍ രണ്ട് വട്ടം ജയിച്ച് കയറിയത് വ്യക്തിബന്ധങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ മുഹമ്മദ് റിയാസിനെ ഒരിക്കല്‍ കൂടി മല്‍സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ ആലോചന.

ഇടതുപക്ഷത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ 2 തവണയും കോഴിക്കോട്ട് എം കെ രാഘവന്‍ ജയിച്ചു കയറിയത്. 2009ലും 2014ലും 7 അസംബ്ലി മണ്ഡലങ്ങളില്‍ 5ഉം ഇടതുപക്ഷത്തിന്റെ കൈയിലായിരുന്നു. 2016 ഓടെ 7ല്‍ ആറിലും ഇടത് എംഎല്‍മാരായി. 2016ലെ കണക്കനുസരിച്ച് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് തൊണ്ണൂറായിരത്തില്‍ പരം വോട്ടിന്റെ ലീഡുണ്ട്. രാഷ്ട്രീയവോട്ടുകള്‍ മാത്രം കണക്കാക്കിയാല്‍ അത് അരലക്ഷമെങ്കിലും വരും. 

യുഡിഎഫിന് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ രാഘവന്‍ ജയിച്ചു കയറുന്നത് വ്യക്തിപരമായി നേടുന്ന വോട്ടുകളുടെ കൂടി ബലത്തിലാണ് എന്ന വിലയിരുത്തലിനെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ വിജയങ്ങള്‍. അത് തന്നെയാണ് രാഘവന് വീണ്ടും സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതും. രാഘവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലെത്തിച്ച കേന്ദ്ര സഹായങ്ങള്‍ക്കുമാണ് പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിയാണ് പ്രചാരണം‍. 

ഡിവൈഎഫ്ഐ അഖിലേന്തായ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെ മല്‍സരിപ്പിക്കാനാണ് സിപിഎമ്മിലെ പ്രാഥമിക ധാരണ. കഴിഞ്ഞ തവണ കേന്ദ്രകമ്മറ്റി അംഗമായ എ വിജയരാഘവനെ രംഗത്തിറക്കിയിട്ടും ഒരു ചലനവുമുണ്ടാക്കാന്‍ കഴിയാതെ പോയതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് തീരുമാനം. 2009ല്‍ ഏറെ പ്രതികൂല സാഹചര്യങ്ങളും പാര്‍ട്ടിയിലെ അസ്വാരസ്യങ്ങളുമുണ്ടായിട്ടും റിയാസ് 1000ത്തില്‍ പരം വോട്ടുകള്‍ക്ക് മാത്രമാണ് വിജയം കൈവിട്ടതെന്നാണ് റിയാസിനെ പിന്തുണയ്ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന ഘടകം. 
 

Follow Us:
Download App:
  • android
  • ios