Asianet News MalayalamAsianet News Malayalam

ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കളത്തിലിറങ്ങാൻ കമൽഹാസൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് കമൽഹാസൻ വ്യക്തമാക്കുന്നു. പുതുച്ചേരി ഉൾപ്പടെ 40 മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കും.

no alliance with anyone in loksabha elections says kamal hassan and his party makkal neethi maiyam
Author
Chennai, First Published Feb 6, 2019, 2:00 PM IST

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍. പുതുച്ചേരി ഉള്‍പ്പടെ നാല്‍പത് മണ്ഡലങ്ങളിലും പാർട്ടി ജനവിധി തേടും. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍  വ്യക്തമാക്കിയത്.

ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങനെ വിരാമമാവുകയാണ്. ഡിഎംകെയുമായോ അണ്ണാഡിഎംകെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു. അഴിമതിയും ജനകീയപ്രശ്നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍. അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. 

പുതുച്ചേരിയിലെ ഒരു മണ്ഡലം കൂടാതെ തമിഴ്നാട്ടിലെ 39 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് കമൽഹാസൻ പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലാണ്. 

യുവാക്കള്‍ക്ക് അവസരം നല്‍കുമ്പോള്‍ 63 വയസ്സ് പിന്നിടുന്ന കമല്‍ഹാസന്‍ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത നല്‍കുന്നില്ല. തന്‍റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍റെ നിലപാട്.

Follow Us:
Download App:
  • android
  • ios