Asianet News MalayalamAsianet News Malayalam

എഐസിസിയിൽ വൻ അഴിച്ചുപണി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്

ഒടുവില്‍ പ്രിയങ്കാ ഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക്... കെസി വേണുഗോപാലിന് ഇനി സംഘടനാ ചുമതല

Priyanka gandhi appointed as aicc general secretary
Author
Delhi, First Published Jan 23, 2019, 1:00 PM IST

ദില്ലി: ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്പൂർണ അഴിച്ചുപണി. എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ​ഗാന്ധിയെ നിയമിച്ചതാണ് പ്രധാന മാറ്റം. തന്ത്രപ്രധാനമായ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ​ഗാന്ധിയ്ക്ക് നൽകിയിരിക്കുന്നത്. 

ഇതുവരെ പിന്നണിയിൽ നിന്നു കൊണ്ട് കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന പ്രിയങ്ക വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് പാർട്ടിയുടെ നേതൃതിരയിലേക്ക് വരുന്നത്. നേരത്തെ അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകളിലും ശേഷം മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിലും പ്രിയങ്കാ ​ഗാന്ധി നിർണായക പങ്കു വഹിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉൾപ്പെടുന്ന കിഴക്കൻ മേഖലയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോൺ​ഗ്രസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാൻ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കയ്ക്ക് ഉണ്ടാവുക. 

2004- ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേതിയിൽ മത്സരിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 2013-ൽ കോൺ​ഗ്രസ് ഉപാധ്യക്ഷനായ അദ്ദേഹം 2017-ലാണ് പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത്. രാഹുൽ രാഷ്ട്രീയത്തിൽ അരങ്ങേറി 15 വർഷം പിന്നിടുമ്പോൾ ആണ് പ്രിയങ്കാ ​ഗാന്ധിയുടെ വരവ്. 

പ്രിയങ്കാ ​ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയാക്കിയത് കൂടാതെ രണ്ട് പ്രധാനമാറ്റങ്ങൾ കൂടി രാഹുൽ ​ഗാന്ധി ഇന്ന് നടപ്പിലാക്കിയിട്ടുണ്ട്. കർണാടകയുടെ ചുമതല വഹിച്ചിരുന്ന കെസി വേണു​ഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് ഇതിൽ പ്രധാനം. നേരത്തെ മുതിർന്ന നേതാവ് അശോക് ​ഗെല്ലോട്ടാണ് ഈ പദവി കൈകാര്യം ചെയ്തിരുന്നത്. 

അ​ദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പകരക്കാരനായി താരത്മ്യേന ജൂനിയറായ കെ സി വേണു​ഗോപാൽ എത്തുന്നത്. രാഹുൽ ​ഗാന്ധിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന കെസി വേണു​ഗോപാൽ പുതിയ പ്രമോഷനോടെ കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുകയാണ്. കിഴക്കൻ യുപിയുടെ ചുമതല പ്രിയങ്ക ​ഗാന്ധിയ്ക്ക് നൽകിയ രാഹുൽ പശ്ചിമ യുപിയുടെ ചുമതല ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് നൽകിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios